തൃശൂർ: സ്വരാജ് റൗണ്ടിലൂടെ നിയന്ത്രിത സ്പീഡും മറികടന്ന് ചീറിപ്പാഞ്ഞ് സ്വകാര്യ ബസുകൾ. നഗരത്തിലെത്തുന്ന സ്വകാര്യ ബസുകൾ ഇടതുവശം ചേർന്ന് പോകണമെന്ന നിർദ്ദേശം അവഗണിച്ചാണ് ബസുകളുടെ മരണപ്പാച്ചിൽ. ബസുകളുടെ മത്സരയോട്ടത്തിൽ മറ്റ് വാഹനങ്ങൾ മാറിക്കൊടുക്കേണ്ട അവസ്ഥയാണ്. ഇരുചക്ര വാഹനം ഓടിക്കുന്നവർക്കാണ് കൂടുതൽ അപകടം സംഭവിക്കുന്നത്. ജനറൽ ആശുപത്രി വരെ റോഡിലെ ഇടതു വശം ചേർന്ന് വരുന്ന ബസുകൾ അവിടെ നിന്ന് വലതു വശത്തേയ്ക്ക് മാറി അമിത വേഗത്തിൽ എത്തി ചെറുവാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കും വിധമാണ് എം.ഒ. റോഡിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇടതു വശത്ത് നിന്ന് സ്വരാജ് റൗണ്ടിലേക്ക് കടക്കുന്നതിനിടെ വന്ന പെട്ടി ഓട്ടോറിക്ഷ ഡ്രൈവറെ ബസ് ജീവനക്കാർ അസഭ്യവർഷം ചൊരിഞ്ഞിരുന്നു. ഇത്തരം സഭംവങ്ങളെ കുറിച്ച് പൊലീസിന് നിരവധി പരാതികൾ ലഭിച്ചെങ്കിലും യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആറുന്നൂറോളം സ്വകാര്യ ബസുകളാണ് നഗരത്തിലൂടെ കടന്നുപോകുന്നത്.
ഹോൺ മുഴക്കി ഡ്രൈവർമാർ
മറ്റ് വാഹനങ്ങളുടെ പിന്നിലെത്തി നിറുത്താതെ ഹോൺ മുഴക്കി സ്വകാര്യ ബസ് ഡ്രൈവർമാർ. ഇത് പലപ്പോഴും ഇരുചക്രവാഹനയാത്രികരെ അപകടത്തിലാക്കിയിട്ടുണ്ട്. ബസുകളിൽ എയർ ഹോൺ പാടില്ലെന്ന് കർശന നിർദ്ദേശമുണ്ടെങ്കിലും പല ബസുകളും ഇത് ഉപയോഗിച്ചാണ് ഓടുന്നത്. നായ്ക്കനാലിലെ സിഗ്‌നലിൽപെടുന്ന ബസുകൾ നഷ്ടമാകുന്ന ഒരു മിനിറ്റ് തിരിച്ച് പിടിക്കാനാണ് മരണപ്പാച്ചിൽ നടത്തുന്നത്. പലപ്പോഴും ബിനി സ്‌റ്റോപ്പ്,െേതക്ക ഗോപുര നട എന്നീ ഭാഗങ്ങളിൽ വൻ കുരുക്കിനും വഴിവെയ്ക്കുന്നു. റൗണ്ട് മുഴുവൻ പരന്ന് ഓടുന്ന ബസുകൾ ശക്തൻ സ്റ്റാൻഡിലേക്ക് തിരിയുമ്പോൾ രൂക്ഷമായ കുരുക്കാണ് സൃഷ്ടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |