തൃശൂർ: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതി. കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിൽ നിന്ന് ഹരിതകർമ്മസേന വഴിയും മറ്റും ക്ലീൻ കേരള കമ്പനി 8000 ടൺ അജൈവമാലിന്യം ശേഖരിച്ച് നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതി. ഏപ്രിൽ പതിനൊന്നിന് തീരപ്രദേശമുള്ള 16 പഞ്ചായത്തുകളിൽ വിപുലമായ മാലിന്യനിർമ്മാർജ്ജനം ആരംഭിക്കും. രാവിലെ ഏഴുമണി മുതൽ പതിനൊന്നുമണിവരെ മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യും. മത്സ്യത്തൊഴിലാളികൾ,ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യശേഖരണവും പുനരുപയോഗവുമാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്.
ശേഖരിക്കാൻ ആക്ഷൻഗ്രൂപ്പുകൾ
ഓരോ കിലോമീറ്റർവീതം അടയാളപ്പെടുത്തി, ഓരോ കിലോമീറ്ററിലും പ്രവർത്തനങ്ങൾ നടത്തുന്നതിന് ആക്ഷൻഗ്രൂപ്പുകളെ സജ്ജമാക്കും. ആക്ഷൻഗ്രൂപ്പുകൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് അതാത് ആക്ഷൻകേന്ദ്രങ്ങളിൽ സംഭരിക്കുകയും ക്ലീൻകേരള കമ്പനി, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ ചുമതലയിൽ ഇവ ശാസ്ത്രീയമായി സംസ്‌കരിക്കും. തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും.
മാർച്ചിൽ നീക്കിയത് 746 ടൺ
തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമ്മസേനാംഗങ്ങൾ വഴി ക്ലീൻകേരള കമ്പനി മാർച്ചിൽ മാത്രം നീക്കിയത് 746 ടൺ മാലിന്യം. പുനരുപയോഗസാദ്ധ്യതയുളള മാലിന്യങ്ങൾ ശേഖരിച്ചത് വഴി കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം ഒരുകോടി രൂപയോളം ഹരിതകർമ്മസേനയ്ക്ക് നൽകാനും കഴിഞ്ഞു. എല്ലാ വീടുകളിൽ നിന്നും യൂസർ ഫ്രീയും ലഭിച്ചു.
മാർച്ചിൽ നീക്കിയത്:
റിജെക്റ്റ്‌സ്(പുനരുപയോഗസാദ്ധ്യതയില്ലാത്തത്):
497025 കി.ഗ്രാം
ലെഗസി (മണ്ണും മറ്റും കലർന്നത്): 1430 കി.ഗ്രാം
ക്ലോത്ത്: 34775
തെർമോകോൾ: 1480
ഗ്ലാസ് : 46475
സെഗ്രിഗേറ്റഡ്: 147643.14
ഷെഡ്ഡ് പ്ലാസ്റ്റിക്: 12411.63
ഇവേസ്റ്റ്: 2940
ഹസാർഡ്‌സ്: 2680
മൊത്തം: 746.85977 ടൺ
സർക്കാർ ഓഫീസുകളിലെ അജൈവ മാലിന്യം നീക്കാൻ സ്‌പെഷ്യൽ ഡ്രൈവും ഉടൻ നടപ്പിലാക്കും
ശംഭു ഭാസ്‌കർ, ജില്ലാ മാനേജർ, ക്ലീൻകേരള.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |