തൃശൂർ: വേനലവധിക്കാലത്ത് ഗ്രാമങ്ങളിൽ അടക്കമുള്ള സ്വകാര്യനീന്തൽക്കുളങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നീന്തൽ പരിശീലനം തകൃതിയായി തുടരുന്നു. മുങ്ങിമരണങ്ങൾ കൂടിയതോടെ തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുത്ത് വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കാൻ രംഗത്തിറങ്ങി. കഴിഞ്ഞ ജനുവരിയിൽ പീച്ചി റിസർവോയറിൽ മൂന്നു വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തെ തുടർന്ന് അവധിക്കാല നീന്തൽ പരിശീലനത്തിന് തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടുവന്നിരുന്നു. കഴിഞ്ഞ വർഷം ചൂണ്ടൽപഞ്ചായത്തിന്റെ നേതൃത്വത്തിൽ നീന്തൽപരിശീലനം കുട്ടികൾക്കായി ഒരുക്കിയിരുന്നു. ഈ വർഷവും പഞ്ചായത്ത് നീന്തൽ പരിശീലനത്തിനുളള ഒരുക്കത്തിലാണ്. മണലിയിലെ 'ഉണർവ് ഇവിടം' പാർക്കിലായിരുന്നു പരിശീലനം.
36 പേർ കഴിഞ്ഞ വർഷം നീന്തൽപരിശീലനം പൂർത്തിയാക്കി. അതേസമയം, സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സമ്മർക്യാമ്പും ഒഴിവ് ദിനങ്ങളിൽ നീന്തൽ പരിശീലനവും നടക്കുന്നുണ്ടെങ്കിലും അടുത്തകാലത്തായി സ്‌കൂളുകൾ മുന്നോട്ടുവരുന്നില്ലെന്ന് പറയുന്നു.
നീന്തൽപഠനം അനിവാര്യം
റോഡപകടങ്ങൾ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികമുള്ളത് മുങ്ങിമരണങ്ങളാണ്. സ്‌പോർട്‌സ് കൗൺസിലുകളുടെ നേതൃത്വത്തിൽ നീന്തൽപഠനത്തിന് അവസരം നൽകിയെങ്കിലും വലിയൊരു വിഭാഗം വിദ്യാർത്ഥികളെ പഠിപ്പിക്കാനായില്ല. നീന്തൽ പരിശീലനം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബാലാവകാശ കമ്മിഷനും നിർദ്ദേശിച്ചിരുന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ പരിശീലനം നടക്കുന്നുണ്ട്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിലെ വിദ്യാർത്ഥികളെയെല്ലാം പരിശീലിപ്പിക്കും. ഒരു ബാച്ചിന് വളരെ കുറഞ്ഞ നിരക്ക് മാത്രമാണുളളത്. പരിശീലനം ലഭിച്ച വിദഗ്ധരും അക്വാട്ടിക് ക്ലബിലുണ്ട്.
കരുതൽ വേണം, ശ്രദ്ധയും
സ്വകാര്യനീന്തൽക്കുളങ്ങൾ കൂടിയതോടെ നീന്തൽപഠനത്തിനുളള കുട്ടികൾ കുറഞ്ഞിട്ടുണ്ട്. അക്വാട്ടിക് ക്ലബിൽ 400 ലേറെപ്പേർ ഈ വർഷം പഠിക്കാനെത്തുന്നുണ്ട്. കഴിഞ്ഞ വർഷം ആയിരത്തിലേറെപ്പേരുണ്ടായിരുന്നു.
-കെ.ആർ.സാംബശിവൻ, പ്രസിഡന്റ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ.
കുട്ടികൾക്ക് നീന്തൽപഠനം അനിവാര്യമായതുകൊണ്ടു തന്നെ പഞ്ചായത്തിന്റെ സഹകരണത്തോടെ വളരെ കുറഞ്ഞ നിരക്കിൽ കൂടുതൽ കുട്ടികളെ പരിശീലിപ്പിക്കാൻ തയ്യാറാണ്.-അഡ്വ. ത്വയിബ് ഇബ്രാഹിം, ഉണർവ് ഇവിടം, മണലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |