ചാലക്കുടി: കാര്യം പുലികളിയുടെ നാടാണ്. സ്വരാജ് റൗണ്ടിലിറങ്ങിയാൽ കാണാനും ശേലാണ്. പക്ഷേ കാട്ടിലെ മടയിൽ നിന്ന് പുലിയിറങ്ങിയാൽ ജനത്തിന് മനസിൽ തീയാണ്. പുലി നാട്ടിലേക്ക് വരും, കാട്ടിലേയ്ക്ക് തിരിച്ചും പോ
കുമെന്ന് വിദഗ്ദ്ധർ പറയുമെങ്കിലും മൂന്നാഴ്ച മുമ്പ് കൊരട്ടിയിലും പിന്നീട് ചാലക്കുടിയിലുമുണ്ടായ പുലിയുടെ സാന്നിദ്ധ്യം വനപാലകരെയും പുലിവാല് പിടിപ്പിച്ചു.
കെണിക്കൂടും ദൗത്യസംഘങ്ങളുടെ പ്രവർത്തനവും തകൃതിയാണ്. ആദ്യമായോണോ പുലികൾ നാട്ടിലെത്തുന്നത്. ഇന്നലെകളിൽ നാട്ടുകാരും പുലിയും മുഖാമുഖം നിന്ന സംഭവങ്ങളെ ഓർത്തെടുക്കുന്ന കേരള കൗമുദി പരമ്പര ഇന്നു മുതൽ.........
പുരയിടത്തിന്റെ പിന്നിലെ വിറക് പുരയിൽ നിന്നും വിറക് വാരിയെടുക്കുകയായിരുന്നു നബീസയെന്ന വീട്ടമ്മ. ചുവരിനോട് ചേർന്നു കണ്ട ഭീകരക്കാഴ്ചയിൽ അവർ താഴേയ്ക്ക് വീണു. ഒത്തൊരു പുലി വിറകുപുരയുടെ നടുവിൽ. മരണഭയത്താലുള്ള നിലവിളിയിൽ വിറളി പൂണ്ട പുലി പുറത്തേയ്ക്കും ചാടി. ഇതിനിടെ നഖം കൊണ്ട് സ്ത്രീക്ക് പരിക്കേറ്റു. കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ ഒടുവിൽ പുലിയെ വെടിവച്ചു കൊന്നു.
മൂന്ന് പതിറ്റാണ്ട് മുന്പ് രണ്ടാഴ്ചയോളം മാള പ്രദേശത്തെ വിറപ്പിച്ച ആ പുലിയെ ഇന്നും കാണാം, ചേതനയറ്റ രൂപത്തിൽ വാഴച്ചാലിലെ വനപാലകരുടെ കരകൗശല പ്രദർശന ഹാളിൽ. 1992ൽ പൊയ്യ പഞ്ചായത്തിലെ ചെന്തുരുത്തിയിൽ അന്നത്തെ തഹസിൽദാർ നസീറിന്റെ വീട്ടിലായിരുന്നു സംഭവം. നബീസയെ പരിക്കേൽപ്പിച്ച് പുറത്തേയ്ക്ക് ഓടിയ പുലിയാകട്ടെ തുടർന്ന് നാട്ടുകാരുടെ ഉറക്കം കെടുത്തി. പലയിടത്തും കറങ്ങിയ ഇതിനെ പൊലീസ് വെടിവച്ച് കൊന്നതും വിവാദമായി. പോസ്റ്റുമോർട്ടത്തിന് ശേഷം പുലിയുടെ ആന്തരികാവയവങ്ങൾ ദഹിപ്പിച്ചു.
ഏറെ ഭംഗിയുള്ള പുള്ളിപ്പുലിയുടെ മറ്റ് ഭാഗങ്ങൾ സ്റ്റഫ് ചെയ്ത് വയ്ക്കാൻ വനംമന്ത്രി കെ.പി.വിശ്വനാഥൻ, സി.സി.എഫിന് നിർദ്ദേശം നൽകി. ചാലക്കുടിയിലെ വനം വകുപ്പിന്റെ ഐ.ബിയിലെ ചില്ലുക്കൂട്ടിലായിരുന്നു ആദ്യം ഇത് പ്രതിഷ്ഠിച്ചത്. പിന്നീട് പറവട്ടാനിയിലും ഒടുവിൽ വാഴച്ചാലിലുമെത്തി. വെടിയേറ്റതിന്റെ അടയാളം തോൽപ്പുറത്ത് കാണാം. തടി ലോറിയിൽ കയറിക്കൂടിയാകാം പുലി മാളയിലെത്തിയതെന്നായിരുന്നു വനം വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം. രക്ഷപ്പെടുന്നതിനിടെയാണ് അന്ന് വീട്ടമ്മയെ പുലി മാന്തിയതെന്ന് പിന്നീട് വെളിപ്പെട്ടു.
നാട്ടിലെ പുലി ആക്രമിക്കില്ലെന്ന് വിദഗ്ദ്ധർ
പുലികൾ ആളുകളെ ആക്രമിക്കുമോ?, പ്രത്യേകിച്ച് ജനവാസ മേഖലയിൽ. സാദ്ധ്യത വിരളമാണെന്ന് വനപാലകരും, മേഖലയിലെ വിദഗ്ദ്ധരും ഒരേ സ്വരത്തിൽ പറയുന്നു. ഇരപിടിച്ചു കഴിഞ്ഞാൽ ഇവ കാട്ടിലേയ്ക്ക് തിരികെപ്പോകും. അനുകൂല സാഹചര്യം ഒത്തുവന്നാൽ ആഴ്ചകളോളം തമ്പടിച്ചേക്കാം. ജനങ്ങളുടെ സ്ഥിരസാന്നിദ്ധ്യം പിടിക്കാത്ത പുലികൾ അധികകാലം നാട്ടിൽ തങ്ങില്ല. നായകളെ തേടിയാണ് ഇവയുടെ നാട്ടിലേയ്ക്കുള്ള വരവ്. ചാലക്കുടി കണ്ണമ്പുഴ റോഡിൽ പുലിയുടെ സാന്നിദ്ധ്യം തെരുവുനായകൾക്ക് വ്യക്തമായെന്നാണ് പലരും പറയുന്നത്. കൂട്ടത്തോടെ കാണപ്പെട്ട ഇവ എവിടേയ്ക്ക് ചേക്കേറിയെന്നും വ്യക്തമല്ല.
ഒരു ഗ്രാമത്തെ മാസങ്ങളോളം പുലി ഭീതിയിലാക്കിയ മറ്റൊരു പുലിക്കഥ നാളെ............
അക്കാലത്ത് റേഞ്ച് ഓഫീസുകളില്‍ സ്വന്തമായി വാഹനമുണ്ടായിരുന്നില്ല. ജീപ്പ് സംഘടിപ്പിച്ച് തങ്ങള്‍ എത്തുന്നതിന് മുമ്പ് കൊടുങ്ങല്ലൂര്‍ സി.ഐയുടും നേതൃത്വത്തില്‍ പുലിയ വെടിവച്ച് കൊന്നിരുന്നു.ഇതിന്റെ പേരില്‍ പിന്നീട് പൊലീസുകാരുടെ പേരില്‍ കേസെടുക്കുയും ചെയ്തു.
അന്ന് റേഞ്ച് ഓഫീസറായിരുന്ന സി.വി.വിജയന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |