തൃശൂർ: നാളികേരം കിട്ടണമെങ്കിൽ 75 മുതൽ 85 രൂപ വരെ കൊടുക്കണം. ഇടയ്ക്ക് നൂറ് വരെയെത്തി. വില കുതിച്ചുയർന്നതോടെ കർഷകർക്ക് സന്തോഷമായെങ്കിലും ഹോട്ടലുകാരും കാറ്ററിംഗുകാരും എന്ത് ചെയ്യണമെന്നറിയാതെ വട്ടം തിരിയുകയാണ്. പച്ചക്കറികളുടെയും മറ്റു സാധനങ്ങളുടെയും വില ഉയരുമ്പോൾ അതിന്റെ പേരിൽ വില കൂട്ടാറുണ്ട്. എന്നാൽ നാളികേരത്തിന്റെ വില പ്രകാരം വിലപ്പട്ടിക പുതുക്കാനാകാത്ത സാഹചര്യമാണ്.
കറികളിൽ നാളികേരം അരച്ചു ചേർക്കുന്നതും നാളികേര പാൽ ഒഴിക്കുന്നതും പേരിന് മാത്രം ആക്കേണ്ട ഗതികേടിലാണ്. പൊതുവേ വിഷു വിപണി അടുക്കുന്നതോടെ പച്ചക്കറികൾക്ക് വില കൂടാറുണ്ടെങ്കിലും നാളികേരത്തിന് വലിയ മാറ്റം ഉണ്ടാകാറില്ല. ഇത്തവണ നാളികേരമാണ് താരമായത്. നിലവിൽ ചില്ലറ വിപണിയിൽ കിലോയ്ക്ക് 75 രൂപ വരെയാണ് നാളികേര വില.
ഇതോടെ നാളികേരം ചേരാത്ത കറികൾ വയ്ക്കാൻ പഠിക്കുകയാണ് മലയാളികൾ. കാറ്ററിംഗുകാരുടെ സ്ഥിതിയും മറിച്ചല്ല. രുചി പ്രധാനമായതിനാൽ കറികളിൽ നാളികേര പാല് ചേർക്കാനാകാത്ത അവസ്ഥയിലുമാണ്.
നാളികേരത്തിന് വില ഒട്ടുമില്ലാതിരുന്ന സാഹചര്യത്തിൽ ഏറെ സമ്മർദ്ദം ചെലുത്തിയാണ് താങ്ങുവില 28 രൂപയെങ്കിലുമാക്കി ഉയർത്തിയത്. മലയണ്ണാന്റെ ശല്യം വർദ്ധിച്ചതും നാളികേരത്തിന്റെ ഉത്പാദനം കുറയുകയും ചെയ്തതോടെ നാളികേരം കിട്ടാനില്ലാത്ത അവസ്ഥയാണ്. നിലവിൽ സംസ്ഥാനത്തിന് പുറത്തുനിന്നാണ് നാളികേരം ജില്ലയിലെത്തുന്നത്. നാളികേരത്തിന്റെ വില ഉയർന്നതോടെ കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില ഉയർന്നു.
ഹോട്ടൽ രംഗം കടുത്ത പ്രതിസന്ധിയിലാണ്. നേരത്തെ സവാളയായിരുന്നു കരയിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ നാളികേരമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. വിപണിയിൽ നിന്ന് കിട്ടുന്ന നാളികേര പാലിനടക്കം വിലയാണ്. നഷ്ടം സഹിച്ചാണ് മാസങ്ങളായി ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ പേരിൽ വില കൂട്ടാനൊന്നും സാധിക്കില്ല. ഇക്കാര്യങ്ങൾ ജനങ്ങളോട് പറഞ്ഞാൽ മനസിലാകുകയുമില്ല.
ഉണ്ണികൃഷ്ണൻ ഈച്ചരത്ത്
സംസ്ഥാന സെക്രട്ടറി
കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ
കറികൾക്ക് രുചി കിട്ടണമെങ്കിൽ പച്ച നാളികേരവും നാളികേര പാലുമൊക്കെ വേണം. വിപണിയിൽ നിന്ന് കൃത്രിമമായി ലഭിക്കുന്നതൊന്നും ഉപയോഗിക്കാനാകില്ല. ഉപയോഗിച്ചാൽ രുചി മാറും. നാളികേരത്തിന് വില കൂടിയെന്ന പേരിൽ വില കൂട്ടാനും സാധിക്കില്ല. നഷ്ടം സഹിച്ചാണ് കാറ്ററിംഗ് മേഖല മുമ്പോട്ട് പോകുന്നത്.
ബാലൻ കല്യാണി,
ജില്ലാ ജനറൽ സെക്രട്ടറി
ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |