തൃശൂർ: വഴിവക്കിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും വലവിരിച്ച് പട്രോളിംഗ് നടത്തിയാലും ലഹരിക്കച്ചവടക്കാരെ പിടിക്കുക എളുപ്പമല്ല, കഞ്ചാവും രാസലഹരിയും ഉൾപ്പെടെ ഉപയോഗിക്കുന്നവരുടെ ശൃംഖല ഓൺലൈൺ കച്ചവടവും ആരംഭിച്ചെന്നാണ് വിവരം. ഒരു ഫോൺവിളിയിൽ തൃശൂർ നഗരത്തിലെവിടെയും വീട്ടുപടിക്കൽ കഞ്ചാവ് എത്തിക്കുന്ന വിൽപ്പനക്കാരുണ്ടത്രെ.
കഞ്ചാവും രാസലഹരിയും സുലഭമാകുന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ കണ്ടെത്തിയ ഒരു ന്യൂജെൻ ഉപയോക്താവ് പറഞ്ഞതിങ്ങനെ... 'ഈ കഞ്ചാവ് എന്നുവച്ചാൽ സിഗരറ്റ് പോലെ കടകളിലൊന്നും കിട്ടില്ല, സ്‌കോർ ചെയ്യണമെന്ന് തോന്നിയാൽ ഒരു വിളി മതി, സാധനം വീട്ടിലെത്തും. എല്ലായിടത്തും കഞ്ചാവുണ്ട്, അതൊന്നും പ്രശ്‌നമേയല്ല, സിന്തറ്റിക്കാണ് പ്രശ്‌നം'.
മദ്യപാനമല്ല കഞ്ചാവാണ് കുഴപ്പം എന്ന് എയ്റ്റീസ് (80സ്) കിഡ്‌സ് പറഞ്ഞിരുന്നപോലെ ലേറ്റ് നയന്റീസ് കിഡ്‌സ് മറ്റൊരു പ്രചാരണത്തിലാണ്... 'കഞ്ചാവല്ല, സിന്തറ്റിക്കാണ് പ്രശ്‌നം'. സിന്തറ്റിക്കിനെ മാത്രം കുറ്റപ്പെടുത്തി കഞ്ചാവ് വിൽക്കുകയാണ് തന്ത്രം.
റെയ്ഡ് വന്നാൽ...
ഓപറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി അടുത്തിടെ റെയ്ഡുകൾ നടന്നപ്പോൾ കഞ്ചാവിന്റെ വില രണ്ടിരട്ടിയോളം വർദ്ധിച്ചത്രെ. ഒരു ഗ്രാം കഞ്ചാവ് 500 രൂപയായിരുന്നെങ്കിൽ റെയ്ഡിനുശേഷം 1000 മുതൽ 1200 രൂപയ്ക്കാണ് കിട്ടുന്നതെന്ന് ഉപയോക്താക്കൾ പറയുന്നു. നിരവധി ലഹരി വിൽപ്പനക്കാരെ പിടികൂടിയെങ്കിലും കൂടുതലും അന്യസംസ്ഥാനക്കാരായിരുന്നു. കമ്മിഷൻ അടിസ്ഥാനത്തിൽ കഞ്ചാവ് എത്തിക്കുന്ന വാഹകരാണ് പിടിയിലായവരിൽ കൂടുതലും. സ്റ്റോക്ക് ചെയ്തു വിൽക്കുന്നവരും വീട്ടുപടിക്കൽ എത്തിക്കുന്നവരും അധികം പിടിയിലായിരുന്നില്ല.
പല പല ബ്രാൻഡിൽ
കഞ്ചാവിനും ബ്രാൻഡുകളുണ്ട്. എല്ലാ കാലത്തും ഷില്ലോംഗ് ബ്രാൻഡിനാണ് കൂടുതൽ ആവശ്യക്കാർ. ഓണക്കാലമാകുമ്പോൾ മൈസൂർ മാംഗോസ്, ജൂൺ- ആഗസ്റ്റ് മാസത്തിൽ ഒഡിഷ ഗോൾഡ്, പിന്നെ ഷില്ലോംഗ് എന്നിവയെല്ലാമാണ് ഹൈബ്രീഡ് കഞ്ചാവ് ഇനങ്ങൾ. കോയമ്പത്തൂരിൽ നിന്നും വരുന്ന ചപ്പ് കഞ്ചാവ് അല്ലെങ്കിൽ കരിമരുന്ന് എന്ന ഇനമാണ് സാധാരണ കഞ്ചവടക്കാർ വിൽക്കുന്നത്.
വാക്കുകളും ന്യൂജെൻ
കഞ്ചാവ് വലിക്കുന്നതിനെ ന്യൂജെൻ തലമുറ ഉപയോഗിക്കുന്ന പദമാണ് സ്‌കോറിംഗ്. ജോയിന്റ് അടിക്കുകയെന്നും ചിലർ പറയാറുണ്ട്. കഞ്ചാവ് പൊതിയെ ആദ്യം പായ്ക്കറ്റ് എന്നാണ് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ പി എന്നതാണ് ന്യൂജെൻ പദം. മെത്ത്, കല്ല്, പൊടി എന്നൊക്കെയാണ് എം.ഡി.എം.എയ്ക്ക് പറയാറ്. പേപ്പർ, ആസിഡ് എന്ന പേരിലാണ് എൽ.എസ്.ഡി സ്റ്റാമ്പ് അറിയപ്പെടുന്നത്.
ചിറക്കെക്കോട്, പാണ്ടിപ്പറമ്പ്, കിഴക്കെ വെള്ളാനിക്കര, പാടൂക്കാട്, പടിഞ്ഞാറെക്കോട്ട, രാമവർമ്മപുരം, പിന്നെ നഗരത്തിലെവിടെയും സുലഭം. എൻജിനിയറിംഗ് കോളേജിന് പരിസരത്തേക്ക് പാടൂക്കാട് ഭാഗത്ത് നിന്നുള്ളയാളാണ് കഞ്ചാവ് വിതരണം ചെയ്യുന്നതത്രെ. താണിക്കുടം ഭാഗത്ത് ഒരു ഹോം സ്‌റ്റേയിൽ ഇടയ്ക്കിടെ ലഹരി പാർട്ടി ഉൾപ്പെടെ നടക്കാറുണ്ടെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ് പതിവത്രെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |