തൃശൂർ: കൗമാരക്കാരിൽ അക്രമവാസനയും ലഹരി ഉപയോഗവും വർദ്ധിക്കുമ്പോഴും പേരിലൊതുങ്ങി സൗഹൃദ ക്ലബ്ബും കൗമാര പരിശീലനവും. കൊവിഡിന് പിന്നാലെ കുട്ടികളിൽ സ്വഭാവ വ്യതിയാനമുണ്ടായെങ്കിലും ഇത് അഭിമുഖീകരിക്കുന്നതിന് സ്‌കൂളുകളിലെ സൗഹൃദ ക്ലബ്ബുകളെയും കോ ഓർഡിനേറ്റർമാരായ അദ്ധ്യാപകരെയും പരിശീലിപ്പിക്കാത്തതാണ് ക്ലബുകളുടെ പ്രവർത്തനം മുടന്തി നീങ്ങുന്നത്. കൗമാര പരിശീലനവും സൗഹൃദങ്ങളിലൂടെയും കുട്ടികളെ നേർവഴിക്ക് നയിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കേയാണ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ക്ലബ്ബുകൾ രൂപീകരിച്ചത്. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാരും മുന്നോട്ട് കൊണ്ടുപോയി. എന്നാൽ കൊവിഡിന് ശേഷം ക്ലബ്ബുകളുടെ പ്രവർത്തനമേന്മ തിരിച്ചറിഞ്ഞ് കേരള യൂണിവേഴ്‌സിറ്റി ഇത്തവണ സമാനരീതിയിൽ ക്ലബ്ബുകൾ രൂപീകരിക്കാൻ അഫിലിയേറ്റഡ് കോളേജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ബഡ്ജറ്റിൽ തുകയും നീക്കിവച്ചു.
ഫണ്ട് ഉയർത്തിയില്ല
2011ൽ ആദ്യം 50 സ്‌കൂളുകളിൽ ആരംഭിച്ച പദ്ധതി ഇപ്പോൾ സർക്കാർ എയ്ഡഡ് മേഖലയിലെ 1650 സ്‌കൂളിലുണ്ട്. കൗമാരക്കാർക്കായി വിവിധ ക്യാമ്പുകൾ, കൗൺസലിംഗ്, പരിശീലനം എന്നിവ സംഘടിപ്പിക്കുന്ന സൗഹൃദ ക്ലബ്ബുകൾക്കായി 2016 ൽ രണ്ടരക്കോടി രൂപ മാറ്റിവച്ചിരുന്നു. എന്നാൽ പത്തുവർഷത്തിന് ശേഷവും കാര്യമായ വർദ്ധനവുണ്ടായില്ല. 2025 -26 ൽ ഏകദേശം മൂന്ന് കോടിയാണ് നീക്കിവച്ചിരിക്കുന്നത്.
പരിമിതികളേറെ
സൗഹൃദ ക്ലബ്ബുകളിലെ ക്യാമ്പിലും പരിശീലനത്തിനും വിദഗ്ദ്ധരായ മാനസിക ജെൻഡർ വിദഗ്ദ്ധരെ മുൻപ് ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി വന്നതോടെ അദ്ധ്യാപകരാണ് ഇപ്പോൾ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. സ്‌കൂളുകളിലെ കോ ഓർഡിനേറ്റർമാർ കുട്ടികളുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാൽ തുടർപ്രവർത്തന സംവിധാനമോ കൗൺസലിംഗ് സംവിധാനമോ കുറവാണെന്നതും പ്രശ്‌നമാകുന്നുണ്ട്. എക്‌സൈസ് വകുപ്പിന്റെ വിമുക്തി പോലുള്ള പരിപാടികൾ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |