തൃശൂർ: കണിയൊരുക്കുന്നതിനും വിഷുക്കോടി എടുക്കുന്നതിനും വിഷുത്തലേന്ന് നഗരത്തിൽ വൻതിരക്ക്. കൂർക്കഞ്ചേരി കുറുപ്പം റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ ഇടറോഡുകളെല്ലാം ഗതാഗത കുരുക്കിലമർന്നു. ഓരോ സെന്ററുകളിലും വിഷുക്കണിയൊരുക്കുന്നതിനായി കൊന്നപൂവുമായി വില്പനക്കാർ നിന്നിരുന്നു. ഒരുകെട്ടിന് 30 മുതൽ 50 രൂപ വരെയാണ് വില. പൂക്കൾ അല്പം വാടിയാൽ വില താഴും. ഡിമാൻഡ് കുറവാണെങ്കിലും പ്ലാസ്റ്റിക് കൊന്നപൂക്കളും വിപണിയിൽ ഇടംപിടിച്ചിട്ടുണ്ട്. കണികാണുന്നതിനായി വയ്ക്കുന്ന ഉണ്ണിക്കണ്ണന്മാർക്ക് വലുപ്പമനുസരിച്ച് 100 രൂപ മുതൽ 200 രൂപ വരെ വില വരും. ഫൈബർ കൊണ്ടുള്ള ഉണ്ണിക്കണ്ണന്മാർക്ക് വില അല്പം ഉയരും. 1300 മുതലാണ് ഇവയുടെ വില. അഞ്ച് പേർക്ക് 2000 രൂപ വരെയുള്ള സ്‌പെഷൽ വിഷു സദ്യയുമായി കാറ്ററിംഗുകാരും വിപണിയിലുണ്ട്.
കണി ഉരുളിയിൽ വയ്ക്കുന്നതിനു പഴവർഗങ്ങൾക്കു പകരം കൃത്രിമ പഴങ്ങളും വിഷുവിപണിയിൽ ഇടംപിടിച്ചു. പ്രകൃതിദത്തമായ വിഷുകണിയൊരുക്കുന്നതിനാണ് മുൻതൂക്കമെന്ന് കച്ചവടക്കാർ പറയുന്നു. മുനിസിപ്പൽ സ്റ്റാൻഡിലും വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടു. കണിവെള്ളരിക്ക് 30 മുതൽ 60 വരെ വില വന്നു. സ്വർണവർണമുള്ള വെള്ളരിക്കായിരുന്നു ഡിമാൻഡ് കൂടുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |