ചാലക്കുടി: കാടർ സമുദായക്കാർ അധിവസിക്കുന്ന വികസനം അധികമൊന്നും തൊട്ടുതീണ്ടാത്ത ഉന്നതികളിൽ അന്തിയുറങ്ങുന്നവരുടെ യഥാർത്ഥ സംരക്ഷകർ ആരെന്ന തർക്കം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ. വന്യജീവി ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുമ്പോൾ സർക്കാർ നിസംഗരായിരിക്കുന്നുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധം ഉയർത്തിയത്. അതേസമയം സർക്കാരിനെതിരെയും വനം വകുപ്പിനെതിരെയും ആദ്യം പ്രതിഷേധം ഉയർത്തിയ ആദിവാസികളെ അനുനയിപ്പിക്കുകയായിരുന്നു സി.പി.എം പ്രവർത്തകരുടെ ലക്ഷ്യം. ഇതിനിടെ അങ്കലാപ്പിലായത് ആശുപത്രിയിൽ ഉറ്റവരുടെ മരണവാർത്തയറിഞ്ഞെത്തിയ ആദിവാസികളും നാട്ടുകാരുമാണ്. പ്രതിഷേധം ഭയന്ന് കോൺഗ്രസ് പ്രവർത്തകരെയും ബെന്നി ബെഹന്നാൻ എം.പിയെയും ആശുപത്രിക്കുള്ളിലേക്ക് കയറ്റിയിരുന്നില്ല.
ഈ സമയം കാന്റീനിന് മുൻപിലൂടെ കാഷ്യാലിറ്റി ബ്ലോക്കിലെത്തിയ സി.പി.എം നേതാവ് യു.പി.ജോസഫ് ഇടപെട്ടാണ് ആദിവാസി ഊരിലുള്ളവരെ അനുനയിപ്പിച്ചത്. മറ്റത്തൂർ പഞ്ചായത്ത് മുൻ അംഗവും കാടർ വിഭാഗക്കാർക്കിടയിൽ പ്രവർത്തിക്കുന്നയാളുമായ ജോയ് കാവുങ്ങൽ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ്, വൈസ് പ്രസിഡന്റ് സൗമിനി എന്നിവരും യു.പി.ജോസഫിനോടൊപ്പം ആശുപത്രിയിലെ മെഡിക്കോ ലീഗൽ കേസ് റൂമിനടുത്ത് സജീവമായിരുന്നു.
ബന്ധുക്കളും ആദിവാസി ഊരിൽ നിന്നുള്ളവരും തണുത്തതോടെ പിൻവാതിലിലൂടെ അംബികയുടെ മൃതദേഹം തൃശൂരിലെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കളക്ടർ വന്ന് കാര്യങ്ങൾ വിശദീകരിക്കുമെന്ന് വിശ്വസിച്ച് പുറത്തുനിന്ന കോൺഗ്രസ് -ബി.ജെ.പി പ്രവർത്തകർ ഈ സമയം വാഹനം തടഞ്ഞു. എന്നാൽ കുടുംബാംഗങ്ങളും ഊരു മൂപ്പത്തിയും തങ്ങൾക്ക് പ്രതിഷേധമില്ലെന്ന് അറിയിച്ചതോടെ സമരക്കാരും പിൻവാങ്ങി.
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ
നാടകീയ രംഗങ്ങൾ
ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസികളുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചതിനിടെ നാടകീയ രംഗങ്ങൾ. വന്യജീവി ആക്രമണത്തിൽ വനവാസികളും വനത്തിന് സമീപം താമസിക്കുന്നവരും കൊല്ലപ്പെടുന്നുവെന്നും സർക്കാർ നിസംഗരാണെന്നും ആരോപിച്ച് പ്രതിഷേധിച്ചവരെ കബളിപ്പിച്ച് മൃതദേഹം കടത്തിയെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം.
ബെന്നി ബെഹന്നാൻ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ രാവിലെ 12 മണിയോടെ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും മൃതദേഹം കാണാൻ പോലും സമ്മതിച്ചില്ലെന്നാണ് കോൺഗ്രസ് ആരോപണം. കളക്ടർ അർജുൻ പാണ്ഡ്യൻ എത്തിയ ശേഷം എം.പിയെയും മറ്റ് ജനപ്രതിനിധികളെയും കാര്യം ധരിപ്പിക്കുമെന്ന് സബ് കളക്ടർ അഖിൽ വി. മേനോൻ ഇവർക്ക് ഉറപ്പ് നൽകിയിരുന്നത്രെ. ഇതിനിടെ ഒന്നേമുക്കാലോടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അംബികയുടെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നതിനിടെയായിരുന്നു നാടകീയരംഗങ്ങൾ അരങ്ങേറിയത്. മൃതദേഹം ഒളിച്ചുകടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ബെന്നി ബെഹന്നാൻ എം.പിയും ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റും മറ്റ് കോൺഗ്രസ് പ്രവർത്തകരും ചേർന്ന് വഴി തടഞ്ഞത്. എന്നാൽ കുടുംബത്തിന്റെയും ഊരുമൂപ്പത്തി ഗീതയുടെയും അറിവോടെയാണ് കൊണ്ടുപോകുന്നതെന്ന് മനസിലാക്കിയതോടെ ആംബുലൻസിന് മുൻപിൽ നിന്നവർ പിൻമാറി. ഇന്നലെ രാവിലെ മുതൽ ആശുപത്രിക്ക് മുൻപിൽ കാത്തുനിന്നിട്ടും ബെന്നി ബെഹന്നാൻ എം.പിയോടും മറ്റും സബ് കളക്ടർ അഖിൽ വി. മേനോനും പൊലീസ് ഉദ്യോഗസ്ഥരും കൂടിയാലോചനകൾ നടത്തിയില്ലെന്നായിരുന്നു ആരോപണം. പ്രതിഷേധം ഭയന്ന് ജില്ലാ ഭരണകൂടം ആരുടെയോ നിർദ്ദേശപ്രകാരം മൃതദേഹം ഒളിച്ചുകടത്തിയെന്നാണ് കോൺഗ്രസ് പറയുന്നത്.
ധനസഹായത്തിന്
മരണകാരണം ഉറപ്പാക്കണം
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സതീഷിന്റെ മൃതദേഹത്തിൽ മുറിവുകൾ ഉണ്ടായിരുന്നെങ്കിലും അംബികയുടെ മൃതശരീരത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. കാട്ടാന ആക്രമിച്ചതാണോ, ഭയന്ന് പുഴയിൽ ചാടി മുങ്ങിമരിച്ചതാണോ എന്ന സംശയം ദുരീകരിക്കുന്നതിനാണ് തൃശൂരിലെത്തിച്ച് പോസ്റ്റ്മോർട്ടം എന്നതായിരുന്നു ഔദ്യോഗിക വിശദീകരണം. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീടുകളെത്തിച്ച് രാത്രിയോടെ വാഴച്ചാൽ ചെക്ക് പോസ്റ്റിനടുത്തുള്ള ശ്മശാനത്തിൽ സംസ്കരിച്ചു.
അടിയന്തര ധനസഹായം കൈമാറി,
മരിച്ചവരുടെ വീടുകൾ കളക്ടർ സന്ദർശിച്ചു
ചാലക്കുടി: കാട്ടാന ആക്രമണത്തിൽ മരിച്ച വാഴച്ചാൽ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ വീടുകൾ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ ജില്ലാ കളക്ടർ കൈമാറി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയിൽ കളക്ടർ സന്ദർശിച്ചിരുന്നു. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സബ് കളക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് കളക്ടർ അറിയിച്ചു. സംഭവം നടന്ന ഉടൻതന്നെ ജില്ലാ കളക്ടർ ഊരു മൂപ്പത്തിയുമായി നേരിട്ട് സംസാരിച്ച് സ്ഥിതി ഗതികൾ ആരാഞ്ഞിരുന്നു. നാട്ടുകാരുടെ പരാതികൾ പരിശോധിക്കാൻ വനംവകുപ്പുമായി ചേർന്ന് യോഗം വിളിച്ചു ചേർക്കും.
മഴയും കാറ്റും ചതിച്ചു, കണി കണ്ട്
മടങ്ങിയ കാടിന്റെ മക്കൾക്ക് ദാരുണാന്ത്യം
തൃശൂർ: തേനും വനവിഭവങ്ങളും ശേഖരിക്കാൻ കാട്ടിലേക്ക് പതിവായി പോകാറുള്ള സംഘമാണ് വാഴച്ചാൽ ഉന്നതിയിൽ താമസിക്കുന്ന സതീഷും ഭാര്യ രമയും അംബികയും ഭർത്താവ് രവിയുമെല്ലാം. വിഷുത്തലേന്ന് വീട്ടിലെത്തി കണിയൊരുക്കി കുട്ടികളോടൊപ്പം ആഘോഷിച്ച് വിഷുനാളിൽ ഉച്ചയ്ക്ക് ശേഷമാണ് നാലംഗസംഘം വനവിഭവങ്ങൾ ശേഖരിക്കാൻ വീണ്ടും കാട്ടിലേക്ക് മടങ്ങിയത്. വൈകിട്ടോടെ കാറ്റും മഴയും വന്നപ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള വഞ്ചിക്കടവ് പ്രദേശത്ത് താത്കാലിക ഷെഡ് ഒരുക്കി തങ്ങി.
അതിരാവിലെ ഇവിടെ നിന്നും മടങ്ങാമെന്ന ധാരണയിലാകാം കാട്ടാനകളുടെ വിഹാരകേന്ദ്രമായിരുന്നിട്ടും വഞ്ചിക്കടവിൽ തങ്ങിയതെന്നാണ് മറ്റ് ആദിവാസികൾ പറയുന്നത്. കാലാവസ്ഥ മോശമായതും വിനയായി. കാട്ടാന ഓടിച്ച് അക്കരയ്ക്ക് രക്ഷപ്പെട്ട രമയും രവിയുമാണ് ഇന്നലെ രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെയും പഞ്ചായത്ത് അധികൃതരെയും മറ്റും വിവരം അറിയിച്ചത്. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ് ഉൾപ്പെടെയുള്ളവരും വനം വകുപ്പ് ഉദ്യോഗസ്ഥരുമാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് അതിരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി ഇരുമൃതദേഹങ്ങളും ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലപ്പെട്ട സതീഷിന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ആന തട്ടിയിട്ട് ഉരുട്ടിയതിന്റെ മുറിവുകൾ സതീഷിന്റെ ശരീരത്തിലുണ്ടായിരുന്നു. മരണം വെള്ളത്തിൽ മുങ്ങിയാണോ കാട്ടാന തട്ടിയിട്ടാണോ എന്ന് സ്ഥിരീകരിക്കാനാണ് ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ച് പൊലീസ് സർജനെ കൊണ്ട് അംബികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.
ഓടി മറയാൻ ഇടമില്ല
കാട്ടിലേക്ക് തേൻ ഉൾപ്പെടെയുള്ള വനവിഭവങ്ങൾ ശേഖരിക്കാൻ പോയ നാലംഗ സംഘം താമസിച്ച വഞ്ചിക്കടവ് കാട്ടാനകളുടെ സ്ഥിരം വിഹാരകേന്ദ്രമാണ്. കാട്ടാന എത്തിയപ്പോൾ വിശാലമായ പാറക്കൂട്ടത്തിൽ ഓടിമറയാൻ ഇടമില്ലാതിരുന്നതും തിരിച്ചടിയായി. എവിടേക്ക് ഓടി മറഞ്ഞാലും ആനയ്ക്ക് തുരത്താൻ എളുപ്പമാണ്. പിന്നെ പുഴയിലേക്ക് ചാടുക മാത്രമേ നിവൃത്തിയുള്ളൂ. ഓടുന്നതിനിടെ കമിഴ്ന്നടിച്ച് വീണ് ചോര വാർന്ന നിലയിലായിരുന്നു സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുഴവെള്ളത്തിൽ കമിഴ്ന്നു കിടക്കും വിധമായിരുന്നു അംബികയുടെ മൃതദേഹം കണ്ടത്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
ഇന്ന് പ്രവർത്തിക്കില്ല
ചാലക്കുടി: സർവകക്ഷി ആഹ്വാന പ്രകാരം ഹർത്താൽ നടക്കുന്നതിനാൽ ഇന്ന് അതിരപ്പിള്ളി പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു. തുമ്പൂർമുഴിയിലെ പാർക്കും അടച്ചിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |