തൃശൂർ: സംഗീത നാടക അക്കാഡമിക്കെതിരെ സ്ഥിരം പരാതിപ്പെടുന്നയാളല്ല താനെന്നും അങ്ങനെയെങ്കിൽ തെളിവുകൾ പരസ്യപ്പെടുത്തണമെന്നും നാടക പ്രവർത്തകൻ കെ.വി.ഗണേഷ്. അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക് 2025ന്റെ ഉദ്ഘാടനച്ചടങ്ങിൽ ഹീലിയം ബലൂണുകൾ ഉപയോഗിച്ചതിനെതിരെ മുഖ്യമന്ത്രിക്ക് പരാതിപ്പെട്ടതിൽ അക്കാഡമി അധികൃതർ നൽകിയ വിശദീകരണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ഗണേഷ്. ഇറ്റ്‌ഫോക് ഉദ്ഘാടനച്ചടങ്ങിനെതിരെയുള്ള പരാതി ദുരുപദിഷ്ടമാണെന്നായിരുന്നു അക്കാഡമി മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലിന് മറുപടി നൽകിയത്. വർഷങ്ങളായി അക്കാഡമിക്കെതിരെ വ്യാജപ്രചാരണങ്ങളും പരാതി പരമ്പരകളും നടത്തുന്നതിന്റെ തുടർച്ചയാണിതെന്നും മറുപടിയിലുണ്ട്. എന്നാൽ, ഹീലിയം നിറച്ച ബലൂണുകൾ പരിസ്ഥിതിക്ക് ദോഷം വരുത്തുമെന്നതിനാലാണ് മുഖ്യമന്ത്രി, മലിനീകരണ നിയന്ത്രണ ബോർഡ്, തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗം, ശുചിത്വമിഷൻ, കേരള മിഷൻ എന്നിവർക്ക് പരാതി നൽകിയതെന്നാണ് ഗണേഷിന്റെ വിശദീകരണം. തന്റെ പരാതിയിൽ മുഖ്യമന്ത്രി വിശദീകരണം തേടിയപ്പോഴാണ് വ്യക്തിഹത്യ നടത്തിയത്. തന്നെ അപമാനിക്കാൻ ശല്യക്കാരനായ നാടകക്കാരനെന്ന് പറഞ്ഞ് അപമാനിക്കുകയാണ്. വ്യക്തിഹത്യക്കും അപമാനത്തിനുമെതിരെ നിയമനടപടി സ്വീകരിക്കും. രണ്ട് അഭിഭാഷകരുമായി ചർച്ച ചെയ്തു. ഹൈക്കോടതി അഭിഭാഷകന്റെ ഉപദേശം കൂടി സ്വീകരിച്ച ശേഷം ഹൈക്കോടതിയിൽ കേസ് നൽകുമെന്നും ഗണേഷ് പറഞ്ഞു.
നോ കമന്റ്‌സ്: കരിവെള്ളൂർ മുരളി
നാടക പ്രവർത്തകൻ കെ.വി.ഗണേഷിന്റെ ആരോപണങ്ങളോട് പ്രതികരിക്കാതെ സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന് ലഭിച്ച പരാതിക്ക് അക്കാഡമി നൽകിയ മറുപടി മാത്രമാണിത്. അതൊരു പൊതുരേഖയല്ല. അതിനാൽ പ്രതികരിക്കുന്നില്ലെന്നായിരുന്നു മുരളിയുടെ മറുപടി. പരാതി നൽകിയ വ്യക്തി നിരന്തരം അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ അക്കാഡമിക്കെതിരെ ആരോപണം ഉന്നയിക്കുന്നയാളാണെന്നും കരിവെള്ളൂർ മുരളി കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |