തൃശൂർ: ദേശീയപാത 544ൽ അടിപ്പാത - മേൽപ്പാല നിർമ്മാണം, ദേശീയപാത 66ൽ ആറുവരിയാക്കൽ, തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ നിർമ്മാണം... ഇങ്ങനെ വേനലവധിക്കാലത്ത് നിർമ്മാണ പ്രവൃത്തിയാൽ അടിമുടി പണി കിട്ടി വാഹനയാത്രികർ. അവധി കഴിഞ്ഞതോടെ ദൂരസ്ഥലങ്ങളിലേക്ക് വിദ്യാഭ്യാസത്തിനും ജോലിക്കുമായി നിരവധി പേർ റോഡിലിറങ്ങിയപ്പോൾ ഇന്നലെ രാവിലെ മുതൽ വഴി നീളെ വാഹനങ്ങൾ നിരന്നു. ഭരണകൂടത്തിനും പൊലീസിനുമെല്ലാം ഇടപെടാനാവാത്ത നിലയിലായി കുരുക്ക്. പാലിയേക്കരയിലെ ടോൾപിരിവ് നിറുത്തിവയ്ക്കാൻ കളക്ടർ അർജുൻ പാണ്ഡ്യൻ നീക്കം നടത്തിയിരുന്നു. പക്ഷേ, ഉത്തരവിറങ്ങും മുൻപ് ദേശീയപാത അധികൃതർ സമയം ചോദിച്ചെത്തിയതിനാൽ തീരുമാനം മരവിപ്പിച്ചു. നിർമ്മാണം മൂലമുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ ദേശീയപാത അതോറിറ്റിക്കുമാകുന്നില്ല. ദേശീയ-സംസ്ഥാന പാതകളിൽ നിർമ്മാണപ്രവർത്തനം അതിവേഗം പൂർത്തിയാക്കണമെന്നും ടോൾ താത്കാലികമായി ഒഴിവാക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
പണിയെല്ലാം ഒന്നിച്ച്
ഒരു പതിറ്റാണ്ടിലേറെക്കാലം തൃശൂർ -പാലക്കാട് പാതയിൽ കുരുക്കായിരുന്നു. കുതിരാൻ ടണൽ, ആറുവരിപ്പാത എന്നിവയുടെ നിർമ്മാണമുൾപ്പെടെ കടുത്ത യാത്രാദുരിതം നേരിട്ട പാണഞ്ചേരി പഞ്ചായത്തിലെ മൂന്നിടങ്ങളിൽ ഇപ്പോൾ അടിപ്പാത നിർമ്മാണം ആരംഭിച്ചത് ഒന്നിച്ചാണ്. മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിലാണിത്. അപകടവഴിയായ ഈ പാതയിൽ ആറുവരിപ്പാത നിർമ്മിക്കുമ്പോൾ ജനങ്ങൾ അടിപ്പാത ആവശ്യമുന്നയിച്ചിരുന്നു. പക്ഷേ, ദേശീയപാത അധികൃതർ അനുവദിച്ചില്ലെന്ന് പറയുന്നു. നിർമ്മാണം നടക്കുന്നതിനാൽ പഞ്ചായത്ത് റോഡിലൂടെയാണ് ദീർഘദൂരത്തേക്കുള്ള ഭാരവാഹനങ്ങൾ പോകുന്നത്. മഴ കനത്താൽ ഈ റോഡ് തകരും. അതോടെ കുരുക്ക് മുറുകും.
കുരുക്കൊഴിയാത്ത പുഴയ്ക്കൽ
തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ നിർമ്മാണപ്രവർത്തനങ്ങളില്ലെങ്കിലും ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്. രണ്ട് വൻകിട മാളും ഈ വഴിയിലാണ്. അവിടേക്കുള്ള നൂറുകണക്കിന് വാഹനങ്ങളും അവധിക്കാലത്ത് ഒഴുകിയെത്തിയതോടെ, കുരുക്ക് മുറുകി. പാറമേക്കാവ് മുതൽ ശോഭ സിറ്റി വരെയുള്ള ആറ് കിലോമീറ്ററാണ് ആദ്യ റീച്ച്. ഇവിടെ പാലത്തിന്റെയും രണ്ട് കലുങ്കിന്റെയും നിർമ്മാണം നടക്കുന്നു. പുഴയ്ക്കൽ-മഴുവഞ്ചേരി വരെ ഒമ്പത് കിലോമീറ്ററാണ്.
രണ്ടാം റീച്ച് . മുണ്ടൂർ മുതൽ ഒരു കിലോമീറ്റർ നാല് പാളിയാണ്. ഇവിടെയും കൈപ്പറമ്പ് - മഴുവഞ്ചേരി മേഖലയിലുമാണ് നിർമ്മാണം നടക്കുന്നത്. മൂന്നാം റീച്ച് മഴുവഞ്ചേരി - ചൂണ്ടൽ വരെ അഞ്ച് കിലോമീറ്ററാണ്. ഇവിടെ ആറ് കലുങ്കിന്റെ നിർമ്മാണമാണ് നടക്കുന്നത്.
മുന്നറിയിപ്പില്ലാതെ...
ഈസ്റ്റർ അവധി കഴിഞ്ഞുള്ള തിങ്കളാഴ്ചയായിട്ടും അമല നഗറിൽ മുന്നറിയിപ്പ് നൽകാതെ രാവിലെ ടാറിംഗ് തുടങ്ങിയത് യാത്രക്കാരെ വലച്ചു. മതിയായ സൂചനാ ബോർഡില്ലാതെയാണ് പണി നടക്കുന്നതെന്നാണ് ആരോപണം.
മൂന്ന് വരിയായി വാഹനങ്ങൾ കയറി വരുമ്പോഴാണ് പുഴയ്ക്കലിൽ വലിയ കുരുക്കുണ്ടാകുന്നത്. കഴിഞ്ഞദിവസം ഒരു ബസ് പിടിച്ചെടുത്ത് കേസെടുത്തിരുന്നു. രാവിലെ പത്തോളം പൊലീസുകാരെ നിയോഗിച്ചാണ് കുരുക്ക് ഒഴിവാക്കിയത്.
എസ്.എച്ച്.ഒ
പേരാമംഗലം.
മണ്ണുത്തി - ഇടപ്പിള്ളി പാതയിലും
അഴിയാക്കുരുക്ക്
പുതുക്കാട് : മണ്ണുത്തി - ഇടപ്പിള്ളി ദേശീയ പാതയിൽ അടിപ്പാതകളുടെ നിർമ്മാണം ആരംഭിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷം. ആമ്പല്ലൂരിലും പേരാമ്പ്രയിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. അവധി ദിവസങ്ങൾ കഴിഞ്ഞതോടെ ഇന്നലെ ഈ ഭാഗത്ത് ഗതാഗതം സംഭിച്ചു. ആംബുലൻസുകളും എയർപോർട്ടിലേയ്ക്കുള്ള വാഹനങ്ങളും കുരുക്കിൽ കുടുങ്ങി. അടിപ്പാതകളുടെ നിർമ്മാണ സ്ഥലത്ത് സർവീസ് റോഡുകൾ നവീകരിക്കാൻ നടത്തിയ നീക്കമാണ് പൊല്ലാപ്പായത്. അടിപ്പാത നിർമ്മാണത്തിന് മുമ്പായി സർവീസ് റോഡുകൾ നവീകരിക്കുന്നതിന് തുടക്കം കുറിച്ചെങ്കിലും നവീകരണം പൂർത്തിയാക്കുന്നതിന് മുമ്പായി അടിപാതകളുടെ നിർമ്മാണത്തിനായി പ്രധാന പാതകൾ അടച്ചാണ് പ്രതിസന്ധിക്ക് കാരണം. കളക്ടറും എം.എൽ.എ മാരും ജനപ്രതിനിധികളും ദേശീയ പാത ഉദ്യോഗസ്ഥരുമായും കരാർ കമ്പനി പ്രതിനിധികളുമായും നടത്തിയ ചർച്ചയിലെ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് രൂക്ഷമായ കുരുക്കിന് ഇടയാക്കുന്നതെന്ന് ആരോപണമുണ്ട്. പരാതികൾ വർദ്ധിച്ചതോടെ ജില്ലാ കളക്ടർ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾപിരിവ് നിറുത്തിവെക്കാൻ കഴിഞ്ഞ 16 ന് ഉത്തരവിട്ടു. എന്നാൽ 19 ന് രാത്രി കളക്ടർ ഉത്തവ് പിൻവലിച്ചു. ഇത് സംബന്ധിച്ച് ഇന്ന് ബന്ധപ്പെട്ടവരുടെ യോഗം ചേരും.
ദേശീയപാതയിലെ സ്തംഭനം,
1998ലെ ആവർത്തനം
ചാലക്കുടി: ചാലക്കുടിയിൽ നിന്ന് എറണാകുളത്തെത്താൻ സാധാരണ രണ്ടേകാൽ മണിക്കൂറാണ് ആവശ്യം. എന്നാൽ ഇപ്പോഴാകട്ടെ അത് നാലും അതിൽക്കൂടുതലുമാകും. രണ്ടിടത്തായി നടക്കുന്ന അടിപ്പാത നിർമ്മാണത്തെ തുടർന്നാണ് രണ്ടര പതിറ്റാണ്ടിന് ശേഷം ദേശീയപാതയിൽ ചാലക്കുടി മേഖല കേന്ദ്രീകരിച്ച് ഇത്രയേറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
ചിറങ്ങര, മുരിങ്ങൂർ എന്നിവിടങ്ങളിലെ അടിപ്പാത നിർമ്മാണമാണ് വാഹനയാത്രികരെ പെരുവഴിയിൽ മണിക്കൂറുകളോളം നട്ടം തിരിയിക്കുന്നത്. അടിപ്പാത നിർമ്മാണത്തിന് മുന്നോടിയായി കൊരട്ടി ജംഗ്ഷനിൽ സർവീസ് റോഡുകളുടെ പൂർത്തീകരണവും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു. ഡിസംബർ അവസാനത്തോടെ നിർമ്മാണ പ്രവർത്തനം പൂർത്തിയാകുമെന്നാണ് ദേശീയപാത ഉദ്യോഗസ്ഥർ പറയുന്നത്.
ചിറങ്ങരയിലെ മെല്ലെപ്പോക്കിനെ അടിസ്ഥാനപ്പെടുത്തിയാൽ എത്രകാലം ജനങ്ങൾ ഈ ദുരിതം പേറേണ്ടി വരുമെന്ന് പറയാനാകില്ല. ശേഷം കൊരട്ടിയിൽ സ്പാൻ മോഡൽ അടിപ്പാതയും നിർമ്മിക്കണം. സർവീസ് റോഡുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് ചിറങ്ങരയിലെ പ്രശ്നം. ഭാരവാഹനങ്ങൾ കയറിയപ്പോൾ രണ്ടിടത്ത് കാനയുടെ സ്ലാബ് തകർന്നു. ഇവിടെ റോഡിന്റെ ഇരുഭാഗവും അടിത്തട്ട് കോൺക്രീറ്റിംഗ് പൂർത്തിയാക്കി.
തൃശൂർ റൂട്ടിലുള്ള സൈഡ് ഭിത്തിയും പൂർത്തിയായി വരുന്നു. ആയിരക്കണക്കിന് വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുമ്പോൾ രാപ്പകൽ വ്യത്യാസമില്ലാതെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. നെടുമ്പാശേരി എയർപോർട്ടിലേക്കുള്ള വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന കാഴ്ചയും സാധാരണം. മുരിങ്ങൂർ ജംഗ്ഷനിൽ ഇരുവരികളിലും ഒന്നിച്ചാണ് നിർമ്മാണപ്രവർത്തനം. ഇവിടെ നിന്നും കൊരട്ടി മേഖലയിലെ ഗാതാഗതക്കുരുക്കാരംഭിക്കും.
ഓർമ്മകളിൽ ചാലക്കുടിപ്പാലത്തിലെ ഗതാഗത സ്തംഭനം
1998 കാലഘട്ടം, അന്നായിരുന്നു ദേശീയപാത കണ്ട മദ്ധ്യ കേരളത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക്. നാലുവരിയാക്കുന്നതിന് മുമ്പ് ചാലക്കുടി പുഴമ്പാലത്തിന് സംഭവിച്ച കേടുപാട് തീർക്കുന്നതിന് ഒരു വർഷത്തോളം ദേശീയപാതയിൽ ജനങ്ങൾ അനുഭവിച്ച ദുരിത്തിന് കൈയും കണക്കുമില്ലായിരുന്നു. രണ്ട് മാസം പാലം അടച്ചിട്ടു. പിന്നീട് സർവീസ് ബസുകളും ചെറിയ വാഹനങ്ങളും മാത്രം ഗർഡർ പ്രയോജനപ്പെടുത്തി കടത്തിവിട്ടു. മറ്റുള്ള എല്ലാ വാഹനങ്ങളും റെയിൽവേ സ്റ്റേഷൻ റോഡിലൂടെ മാള വഴിയും ഓടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |