തൃശൂർ: നഗരത്തിൽ ഇന്നലെ വൈകിട്ട് ആറരയോടെ വീശിയടിച്ച കാറ്റിലും മഴയിലും വൻ നാശനഷ്ടം. നായ്ക്കനാലിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു. നഗരത്തിലെ സ്വരാജ് റൗണ്ടിൽ ഉൾപ്പെടെ മിക്ക റോഡുകളിലും മരം വീണ് ഗതാഗത തടസം നേരിട്ടു. മഴയോടൊപ്പം കടുത്ത ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു.
തൃശൂർ പാലസ് റോഡിൽ മരം വീണ് ആറ് ബൈക്കുകൾ തകർന്നു. കിഴക്കുംപാട്ടുകര സന്തോഷ് റോഡിൽ മരങ്ങൾ വീണു. ബിനി ടൂറിസ്റ്റ് ഹോമിനു സമീപം മരം റോഡിലേക്ക് വീണ് ഡിവൈഡറുകൾ തെറിച്ചുപോയി. മാരാർ റോഡിൽ എനാർക്ക് അപ്പാർട്ട്‌മെന്റിനു സമീപം മരം വീണതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു.
കുറുപ്പം റോഡ്, പാട്ടുരായ്ക്കൽ, ഷൊർണൂർ റോഡിൽ കൗസ്തുഭം ഓഡിറ്റോറിയത്തിന് സമീപം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായിരുന്നു. തിരുവമ്പാടി ക്ഷേത്രത്തിന് പിറക് വശത്തും ഇക്കണ്ടവാരിയർ റോഡിലെ 33 കെ.വി സബ് സ്റ്റേഷന് സമീപവും പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപവും കൂടാതെ കൂർക്കഞ്ചേരി അമ്പല പരിസരം, പൂങ്കുന്നം ഗണപതി അഗ്രഹാരം, രാമനിലയം പരിസരം, കിഴക്കുംപാട്ടുകര, അയ്യന്തോൾ എന്നിവിടങ്ങളിലെല്ലാം മരം വീണ് വൈദ്യുതി മുടങ്ങി.
ഒല്ലൂക്കര ചെറുകുളങ്ങര ക്ഷേത്രത്തിന് സമീപം ആൽമരം വീണ് ട്രാൻസ്‌ഫോർമർ തകർന്നു. എൽത്തുരുത്ത് പി.ബി റോഡിൽ മരം വീണ് വൈദ്യുതി മുടങ്ങി. കിഴക്കുംപാട്ടുകരയിൽ പണിനടക്കുന്ന വീടിന്റെ ട്രസ് കാറ്റിൽ പറന്നുപോയി. തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിലുള്ള കെട്ടിടത്തിന്റെ ട്രസും ഇളകി മാറിയിട്ടുണ്ട്. വൈകിട്ട് ഏഴോടെ മുടങ്ങിയ വൈദ്യുതി നഗരത്തിലെമ്പാടും രാത്രി വൈകും വരെ പുനഃസ്ഥാപിക്കാനായിട്ടില്ല.
കുറുപ്പം റോഡ് മുങ്ങി
റോഡിന്റെ അശാസ്ത്രീയ നിർമ്മാണം മൂലം കുറുപ്പം റോഡിലെ കടകളിൽ വെള്ളംകയറി. കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നലെ രാത്രിയും പെയ്ത മഴയിലാണ് നിരവധി കടകളിലേക്ക് വെള്ളം ഇരച്ചുകയറിയത്. കോൺക്രീറ്റ് റോഡ് നിർമ്മാണം കഴിഞ്ഞെങ്കിലും കാന നിർമ്മിക്കാതിരുന്നത് വിനയായി. കുറുപ്പം റോഡിലെ ഹെൽമറ്റ് കട, ഫ്രിഡ്ജ് കട, ഹനീഫ ട്രേഡേഴ്‌സ്, ചെട്ടിയങ്ങാടി കവലയിലെ മിഷൻ ലാൻഡ് ഷോപ്പ് തുടങ്ങി നിരവധി കടകളിലേക്കാണ് പെരുമഴയിൽ വെള്ളം ഇരച്ചുകയറിയത്.
കാറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം
ദേശീയപാത കുതിരാന് സമീപം വഴുക്കുംപാറ മേല്പാലത്തിൽ തൃശൂർ ദിശയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് അതേ ദിശയിൽ പോകുന്ന കാറിലിടിച്ച് അപകടം. യാത്രക്കാർക്കും ഡ്രൈവർക്കും പരിക്കേറ്റു. കാറിലുണ്ടായിരുന്ന കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. അപകടം നടക്കുന്ന സമയത്ത് കനത്ത മഴയും മിന്നലും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |