തൃശൂർ: അവധിക്കാലവും തൃശൂർ പൂരത്തിന്റെ തിരക്കുകളുമായതോടെ ബസുകൾ നിറഞ്ഞ് തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വീർപ്പുമുട്ടുന്നു. രാത്രികളിൽ ദീർഘദൂരബസുകൾ നിറയുന്നതോടെ യാത്രക്കാർക്ക് നടക്കാൻ പോലും സ്ഥലമില്ല. ബസുകൾ സ്റ്റാൻഡ് വിട്ട് പോകാനും പെടാപ്പാടാണ്. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിൽ നിർമ്മാണപ്രവർത്തനങ്ങൾ കാരണം വൻ ഗതാഗതക്കുരുക്കായതിനാൽ ബസുകൾ വൈകിയാണ് എത്തുന്നത്. പലപ്പോഴും എല്ലാ ബസുകളും ഒരുമിച്ചെത്തും. അപ്പോൾ സ്റ്റാൻഡിൽ കയറാൻ പോലും കഴിയില്ല. തൃശൂർ - കുറ്റിപ്പുറം പാതയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അതുകൊണ്ടു തന്നെ കോഴിക്കോട് ഭാഗത്തുനിന്നുളള ബസുകളും കൂട്ടത്തോടെയെത്തും.
ഇരിക്കാനും നിൽക്കാനും ഇടമില്ല
കഴിഞ്ഞ ഒക്ടോബറിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പുനരുദ്ധാരണത്തിന് തീരുമാനമായെങ്കിലും ആറുമാസമായിട്ടും യാതൊരു നടപടിയുമുണ്ടായില്ല. വേണ്ടത്ര ഇരിപ്പിടമില്ലെന്ന് വർഷങ്ങളായുളള പരാതിയാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണ നടപടികൾക്ക് വേഗം കൂട്ടുന്നതിന്റെ മുന്നോടിയായി യാത്രക്കാർക്ക് ശീതീകരിച്ച മുറി ഒരുക്കിയത് അൽപ്പം ആശ്വാസമായിട്ടുണ്ട്. കോഴിക്കോട് അടക്കമുള്ള സ്റ്റേഷനുകളിലേതു പോലെ പണം കൊടുത്ത് ഉപയോഗിക്കാവുന്ന മുറിയാണിത്. പക്ഷേ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പൂരം കാണാനെത്തുന്നവരെ നട്ടം തിരിക്കും. രാത്രികളിൽ നായ്ക്കളുടെ ശല്യവുമുണ്ട്.
കുടിവെള്ളത്തിനായുള്ള ഫിൽറ്ററുകൾപോലും വൃത്തിഹീനമാണ്. ശൗചാലയങ്ങളിലും വൃത്തിയും വെടിപ്പുമില്ല. സ്റ്റാൻഡിനുള്ളിൽത്തന്നെ ഉപയോഗിക്കാനാവാതെ സ്ഥലംമുടക്കി ബസുകളുണ്ട്. ഇവ നീക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സ്റ്റാൻഡിന്റെ പ്രവേശന ഭാഗത്ത് മിൽമയുടെ പൂട്ടിയ ഭക്ഷണശാലയും ഭക്ഷണശാലയാക്കി മാറ്റിയ പഴയ ബസ് പ്രവർത്തിക്കാതെ വഴി തടസപ്പെടുത്തുന്നുണ്ട്.
പൂരത്തിന് 80 സർവീസുകൾ കൂട്ടും
പൂരദിവസം മറ്റു ഡിപ്പോകളിൽനിന്നെത്തിക്കുന്ന 80 ഓളം ഫാസ്റ്റ് പാസഞ്ചറുകൾ ഉപയോഗിച്ച് ദീർഘദൂര സർവീസുകളും ഉറപ്പുവരുത്താനുളള ശ്രമങ്ങളാണ് നടക്കുന്നത്. 12 പ്രാദേശിക സർവീസുകളുമുണ്ടാകും. സാമ്പിൾ വെടിക്കെട്ടുദിവസം തൃശൂർ ഡിപ്പോയിൽനിന്നുള്ള പ്രാദേശിക സർവീസുകളുണ്ടാകും. കുടമാറ്റം കാണാൻ എത്തുന്നവർക്കായാണ് ആദ്യ ദീർഘദൂര സർവീസ്. തിരിച്ചും സർവീസുണ്ടാകും. വെടിക്കെട്ടിന് എത്തുന്നവർക്കായും ദീർഘദൂര സർവീസുകളും ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്, പെരിന്തൽമണ്ണ, പാലക്കാട്, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ സർവീസുകൾ.
സ്റ്റാൻഡിന്റെ നിർമ്മാണച്ചെലവ്: 20 കോടി
ഒരു ദിവസം തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്ന ബസുകൾ: 1,200
ഡിപ്പോയിലെ ബസുകൾ: 61
ശക്തൻ നഗറിൽ പാർക്കിംഗിന് സൗകര്യം നൽകണമെന്ന് ആവശ്യപ്പെട്ട് കോർപറേഷന് കത്ത് നൽകിയിട്ടുണ്ട്. തിരക്ക് പരമാവധി കുറയ്ക്കാൻ കഴിയുന്ന ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
-പി.എ.അഭിലാഷ്, എ.ടി.ഒ, തൃശൂർ ഡിപ്പോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |