തൃശൂർ: സുദീർഘമായ 228 വർഷം... ഏകദേശം തൃശൂർ പൂരത്തിന്റെ വയസോളമുണ്ട് തിരുവമ്പാടി ഭഗവതിയുടെ കോലത്തിനും. മാറ്റങ്ങളേറെയുണ്ടായെങ്കിലും ഇന്നും മഠത്തിലേക്കുള്ള വരവിലും പൂരത്തിനായുള്ള എഴുന്നെള്ളത്തിനും എല്ലാം ഈ പഴമയുടെ തിളക്കമുള്ള കോലം വഹിച്ചാണ് തിരുവമ്പാടിക്കാവിലമ്മയുടെ വരവ്. പൂരവുമായി വല്യ ബന്ധമൊന്നും ഇല്ലെങ്കിലും തിരുവമ്പാടി കോലത്തിൽ മറ്റൊരാൾ കൂടിയുണ്ട്, തിരുവമ്പാടിക്കണ്ണൻ !.
കോലത്തിന്റെ കഥ
തിരുവമ്പാടി ഭഗവതിയോട് പൂരം എഴുന്നെള്ളത്തിനെത്താൻ ശക്തൻ തമ്പുരാൻ ആവശ്യപ്പെട്ടപ്പോൾ ആനച്ചമയവും കോലവും ഒന്നുമുണ്ടായിരുന്നില്ല. ഇക്കാര്യം അറിഞ്ഞ് വരിക്കാശ്ശേരി മനക്കാരാണ് കോലവും ആനച്ചമയവും എല്ലാം തെക്കെ മഠത്തിലെത്തിച്ചത്. ചമയം അണിയാൻ പോകുന്ന ചടങ്ങ് പിന്നീട് മഠത്തിൽ വരവായി, പഞ്ചവാദ്യത്തിന്റെ മറ്റൊരു സദസായി. അന്ന് നൽകിയ കോലമാണ് ഇന്നും തിരുവമ്പാടിയുടെ അലങ്കാരം. ഗുരുവായൂർ പത്മനാഭനും വലിയ ചന്ദ്രശേഖരനും ശിവസുന്ദറും എല്ലാം മാറി മാറി ശിരസലേറ്റിയെങ്കിലും കോലത്തിന് മാറ്റമില്ല.
കോലം
മയിൽപ്പീലി ചൂടിയ കോലം. ആനയ്ക്ക് കൃത്യമായ അളവിൽ കൃഷ്ണവിഗ്രഹത്തിന് താഴെയുള്ള പ്രഭാവലയം കോലത്തെ മനോഹരമാക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിലേത് അടക്കമുള്ള എല്ലാ കൃഷ്ണ ക്ഷേത്രങ്ങളിലും മയിൽപ്പീലി ചൂടുന്നത് ഇത് അനുകരിച്ചാണെന്നും പഴമക്കാർക്ക് അഭിപ്രായമുണ്ട്.
പൂർണമായും സ്വർണ നിർമ്മിതിയാണ് കൃഷ്ണ ഗോളക. ഇതോടൊപ്പം ഭഗവതിയുടെ തിടമ്പ് കൂടിയാണ് പൂരത്തിന് തിരുവമ്പാടി എഴുന്നെള്ളാറ്. ഉത്സവത്തിന് ശേഷം കൃഷ്ണ ഗോളക ലോക്കറിലേക്ക് മാറ്റും. പിന്നീട് അടുത്തതവണ ഉത്സവത്തിനായേ എടുക്കൂ.
പഴമയിലും പുതുമയോടെ സൂക്ഷിക്കുന്നുണ്ട് തിരുവമ്പാടി കോലം. ഓരോ വർഷവും പോളിഷ് ചെയ്തും അലങ്കാരത്തുണികൾ മാറ്റിയും ആണ് ഉപയോഗിക്കുന്നത്.
ഗിരീഷ് കുമാർ
തിരുവമ്പാടി ദേവസ്വം സെക്രട്ടറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |