ആവേശം നിറച്ച് കൊടിയേറ്റം
തൃശൂർ: തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിൽ പൂര കൊടികൾ ഉയർന്നതോടെ താള മേള വർണ വിസ്മയത്തിന് ഒരുങ്ങി തൃശൂർ. എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്നലെ കെടിയേറ്റി. ആറിനാണ് തൃശൂർ പൂരം. നാലിന് സാമ്പിൾ വെടിക്കെട്ടും അഞ്ചിന് പൂര വിളംബരവും ചമയ പ്രദർശനവും നടക്കും. കർശന സുരക്ഷ സംവിധാനങ്ങളോടെയാണ് പൂര ഒരുക്കങ്ങൾ. പൂരത്തിന് മുന്നോടിയായി പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളിൽ അണിയറയിൽ ചമയങ്ങളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. വെടിക്കെട്ട് പുരകളും സജീവമാണ്.
പാറമേക്കാവ് വിഭാഗം
ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ താന്ത്രിക ചടങ്ങുകൾക്ക് ശേഷമായിരുന്നു കൊടിയേറ്റ ചടങ്ങുകൾ. വലിയപാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷി നിറുത്തി ദേശക്കാർ കൊടി ഉയർത്തി. ചെമ്പിൽ കുട്ടനാചാരി ചെത്തി മിനുക്കിയ കവുങ്ങിൽ കൊടിമരത്തിൽ ആല് , മാവ് എന്നിവയും ദർഭപുല്ലുകളും അലങ്കരിച്ച് സിംഹമുദ്രയുള്ള മഞ്ഞെക്കൊടി ഉയർത്തി. തുടർന്ന് വടക്കുംനാഥനിലേക്ക് അഞ്ചാനകളോടെ എഴുന്നള്ളി. തുടർന്ന വടക്കുംനാഥനിലെ ചന്ദ്രപുഷ്‌കരണിയിൽ തന്ത്രിയുടെ മുഖ്യാകാർമികത്വത്തിൽ ആറാട്ടും നടന്നു. പാറമേക്കാവ് കാസിനാഥനായിരുന്നു തിടമ്പേറ്റിയത്. കിഴക്കൂട്ട് അനിയൻ മാരാർ മേളത്തിന് പ്രമാണം വഹിച്ചു. പ്രസിഡന്റ് ഡോ.ബാലഗോപാൽ, സെക്രട്ടറി ജി.രാജേഷ്,ഇ.ഗോപാഗോപാൽ, അസി.സെക്രട്ടറി പി.വി.നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ ക്ഷേത്രത്തിലെ ആറാട്ട് കഴിഞ്ഞ് പറയെടുപ്പിന് പുറപ്പെടും.
തിരുവമ്പാടി വിഭാഗം
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ തിരുവമ്പാടി രമേശ് മാരാരുടെ നേതൃത്വത്തിൽ പഞ്ചാരി മേളം അരങ്ങേറി. കൊടിയേറ്റച്ചടങ്ങിന് മുന്നോടിയായി പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കി. തുടർന്ന് പൂജിച്ച കൊടിക്കൂറ മേൽശാന്തി ദേശക്കാർക്ക് കൈമാറി. തുടർന്ന് ദേശക്കാർ കൊടിമരം നാട്ടി കൂറ ഉയർത്തി. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിദ്ധ്യം സൂചിപ്പിക്കുന്ന നീലനിറച്ചിലും മഞ്ഞനിറത്തിലുമുള്ള പതാകകളാണ് ഉയർത്തിയത്. വൈകിട്ട് മൂന്നിന് ഭഗവതിയുടെ പൂരം പുറപ്പാട് ആരംഭിച്ചു. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. തുടർന്ന് നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തി. വടക്കുനാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച് പടിഞ്ഞാറെ ചിറയിലെത്തി ഇറക്കിപൂജ കഴിഞ്ഞ് ആറാട്ട് നടത്തി മടങ്ങി ക്ഷേത്രത്തിലെത്തിയതോടെ ചടങ്ങുകൾ സമാപിച്ചു. ടി.എ.സുന്ദർമേനോൻ, കെ.ഗിരീഷ് കുമാർ, പൂരം പ്രദർശന കമ്മിറ്റി സെക്രട്ടറി എം.രവികുമാർ, പൂർണിമ സുരേഷ്, എം.എസ്.സമ്പൂർണ, രജേന്ദ്രൻ അരങ്ങത്ത് എന്നിവർ നേതൃത്വം നൽകി.
ഘടക ക്ഷേത്രങ്ങളിൽ ആവേശകൊടിയേറ്റം
തൃശൂർ: ആദ്യ കൊടിയേറ്റം യാഗഭൂമിയായ ലാലൂർ കാർത്യായനി ക്ഷേത്രത്തിൽ നടന്നതോടെ തൃശൂർ പൂരത്തിനായി ദേശങ്ങൾ ഒരുങ്ങി.
പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ ഇതിന് ശേഷമാണ് കൊടിയേറ്റം നടന്നത്. ഘടക ക്ഷേത്രങ്ങളായ ലാലൂരിലും അയ്യന്തോളിലുമാണ് രാവിലെ കൊടിയേറ്റം നടന്നത്. പൂരത്തിലെ പ്രധാന ഘടകക്ഷേത്രമായ അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിൽ തന്ത്രി പഴങ്ങാംപറമ്പ് കൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി കിഴക്കിനിയേടം രാമൻ നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തിൽ വിവിധ ചടങ്ങുകൾക്ക് ശേഷം കൊടിയേറ്റി. ഇരിങ്ങാലക്കുട ഹരിമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം നടന്നു. മൂന്നാനപ്പുറത്ത് നടന്ന പൂരത്തിന് ചിറക്കൽ ശബരിനാഥൻ ദേവിയുടെ തിടമ്പേറ്റി. തുടർന്ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്. കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ മനോജ് കുമാർ , ഭാരവാഹികളായ രാമചന്ദ്രൻ ,സുജിത്ത്,വിനോദ് മേനോൻ, കൗൺസിലർ പ്രസാദ് എൻ,ദിനേശ് കുമാർ കരിപേരിൽ എന്നിവർ നേതൃത്വം നൽകി. കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ രാവിലെ ക്ഷേത്ര ശുദ്ധി, പഞ്ചഗവ്യം, ശ്രീഭൂതബലി എന്നിവയ്ക്ക് ശേഷം വൈകിട്ട് 6.30 ഓടെയായിരുന്നു കൊടിയേറ്റം, തുടർന്ന് പൂരം പുറപ്പാടും നടന്നു.
പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രത്തിൽ വൈകിട്ട് ദീപാരാധന, തുടർന്ന് ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. തുടർന്ന് ക്ഷേത്രം കുളത്തിൽ ഭഗവതിക്ക് ആറാട്ടും.
ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വൈകീട്ട് 5.30യോടെ കൊടിയേറ്റം നടന്നു. തുടർന്ന് ശീവേലി, ക്ഷേത്രകുളത്തിൽ ആറാട്ടും തുടർന്ന് മേളത്തോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ ദീപാരാധന കഴിഞ്ഞ്, ആറാട്ടിന് ശേഷമായിരുന്നു കൊടിയേറ്റം. വൈകിട്ട് നാട്ടുകാരാണ് കൊടിയേറ്റം നിർവഹിച്ചത്. പനമുക്കുമ്പിള്ളി ശാസ്താ ക്ഷേത്രത്തിൽ താന്ത്രിക ചടങ്ങുകൾക്കും ദീപാരാധനയ്ക്കും ശേഷം വൈകിട്ട് നാട്ടുകാരാണ് കൊടിയേറ്റം നിർവഹിച്ചത്. തുടർന്ന് മേളത്തോടെ ക്ഷേത്രക്കുളത്തിൽ ആറാട്ടും നടന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |