തൃശൂർ: പൂരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആനകളെ എത്തിക്കാനുള്ള നെട്ടോട്ടത്തിൽ ദേവസ്വങ്ങൾ. ഫിറ്റ്നസ് പരിശോധന കഴിയുന്നതോടെ ആനകളുടെ എണ്ണം കുറയുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാൻ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പറമേക്കാവ് വിഭാഗം കഴിഞ്ഞ വർഷം 42 ആനകളെയാണ് സജ്ജീകരിച്ചിരുന്നത്. എന്നാൽ ഇത്തവണ 28 ആനകളെയാണ് എത്തിക്കാനായത്. പൂരത്തിനെത്തുന്ന ആനകൾ കൃത്യമായി ഫിറ്റ്നസ് പരിശോധനക്ക് ശേഷമാണ് പങ്കെടുപ്പിക്കുന്നത്. ഇതോടെ പ്രതീക്ഷിക്കുന്ന ആനകളുടെ എണ്ണം കുറയും. വനംമന്ത്രിയുമായി നടത്തിയ യോഗത്തിൽ ദേവസ്വങ്ങൾ ആശങ്കയറിയിച്ചിരുന്നു. കഴിഞ്ഞവർഷം ഘടകപൂരങ്ങൾക്ക് ആനകളെ ആവശ്യാനുസരണം ലഭിച്ചിരുന്നില്ല. സർക്കാർ വിഷയത്തിൽ ഇടപെടണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. ഏതാനും വർഷം മുമ്പ് വരെ 150 ഓളം ആനകൾ എത്തിയിരുന്നു. പൂരത്തിന് സംസ്ഥാനത്തിന് പുറത്ത് നിന്ന് ഫിറ്റ്നസ് പരിശോധന പൂർത്തിയായി ആരോഗ്യമുള്ള ആനകളെ എത്തിക്കാൻ അനുവദിക്കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം.
ആവശ്യം നൂറോളം ആനകൾ
പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്ക് എട്ട് ഘടക പൂരങ്ങൾക്കുമായി നൂറോളം ആനകളെയാണ് ആവശ്യം. എണ്ണം കുറഞ്ഞാൽ എഴുന്നള്ളിപ്പിന് ശേഷം ആനകൾക്ക് കൃത്യമായ വിശ്രമം ലഭിക്കാതെ വരും. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ദേവസ്വങ്ങൾ പറയുന്നു. തിരുവമ്പാടി മൂന്ന് ഘടകക്ഷേത്രങ്ങൾക്കും പാറമേക്കാവ് അഞ്ച് ഘടക ക്ഷേത്രങ്ങൾക്കുമാണ് ആനയെ നൽകുന്നത്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്കായി 15 ആനകൾ അണിനിരക്കും. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളാണ് മൊത്തത്തിലുള്ള ആനകളെ തെരഞ്ഞെടുത്ത് ഘടകപൂരങ്ങൾക്ക് നൽകുന്നത്. വനം വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും കർശന പരിശോധനകൾക്ക് ശേഷമേ ആനകളുടെ പൂരപ്രവേശനം.
ന്ന് മോക്ക് ഡ്രിൽ
തൃശൂർ : പൂരത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതോടെ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30 ന് തേക്കിൻക്കാട് മൈതാനത്ത് മോക്ക് ഡ്രിൽ നടക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പൂരം മുന്നൊരുക്കം യോഗം വിലയിരുത്തി. ഘടക പൂരങ്ങൾ സമയക്രമം പാലിച്ച് നടത്തണമെന്നും യോഗം നിർദ്ദേശിച്ചു.
ഡ്രോൺ നിരീക്ഷണം
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഡ്രോൺ നിരീക്ഷണം ശക്തമാക്കും. പൂരം വ്യാജ പാസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. യോഗത്തിൽ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, എ.ഡി.എം ടി. മുരളി, സബ് കളക്ടർ അഖിൽ വി. മേനോൻ, കൊച്ചിൻ ദേവസ്വം ബോർഡ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അധികൃതർ എന്നിവർ പങ്കെടുത്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഇലഞ്ഞിത്തറമേളം നടക്കുന്ന സ്ഥലവും മറ്റും സന്ദർശിച്ചു.
വിണ്ണിൽ വിസ്മയം തീർക്കാൻ, സാമ്പിൾ വെടിക്കെട്ട് നാളെ
തൃശൂർ: വിണ്ണിൽ കരിമരുന്നിന്റെ വിസ്മയം തീർക്കാൻ സാമ്പിൾ വെടിക്കെട്ട് നാളെ. പൂരനഗരിയെ ത്രസിപ്പിക്കാൻ മൈതനാത്ത് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ഒരുക്കങ്ങൾ തകൃതിയാണ്. എന്നാൽ പുറത്തുവരുന്ന മഴ മുന്നറിയിപ്പുകൾ ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആദ്യം തിരുവമ്പാടി വിഭാഗവും തുടർന്ന് പാറമേക്കാവും കരിമരുന്നിന് തിരികൊളുത്തും.
സർജിക്കൽ സ്ട്രൈക്കിന് തിരുവമ്പാടി
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന് പിന്തുണയർപ്പിച്ച് സർജിക്കൽ സ്ട്രൈക്കും മാജിക് ക്രിസ്റ്റലും ഡ്രാഗൺ ഫ്ളൈറ്റുമാണ് ഇത്തവണത്തെ സാമ്പിളിൽ തിരുവമ്പാടിയുടെ മാസ്റ്റർ പീസ്. ഒരു അമിട്ടിൽ നിന്ന് ഒന്നിനും പുറകെ മറ്റൊന്നായി ആറ് മാജിക് ക്രിസ്റ്റലുകളാണ് മറ്റൊരു പ്രത്യേകത. ഇത്തവണയും തിരുവമ്പാടി പരമ്പരാഗത വെടിക്കെട്ടിന് പ്രധാന്യം നൽകി പുത്തൻ പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്ന് കൺവീനർ പി.ശശിധരൻ പറഞ്ഞു. മുണ്ടത്തിക്കോട് സതീഷാണ് ഇത്തവണ ലൈസൻസ്.
മാസ്റ്റർ പീസുമായി പാറമേക്കാവ്
ആകാശത്ത് കരിമരുന്നുകൊണ്ട് ഇടിയും മിന്നലും സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് പാറമേക്കാവ് വിഭാഗം. തൃശൂർ പൂരത്തിന്റെ മാസ്റ്റർ പീസായ കുടമാറ്റത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ 15 കുടകളും വിണ്ണിൽ വിടരും. പാറമേക്കാവിന്റെ മറ്റൊരു ഇനം സിൽവർ ഫിഷാണെന്ന് കൺവീനർ രാജേഷ് മഠത്തിൽ പറഞ്ഞു. ബിനോയ് ജേക്കബാണ് ഇത്തവണ ലൈസൻസി.
അവസാനവട്ട മിനുക്കുപ്പണിയിൽ ചമയപ്പുര,
പൊൻതിളക്കമേകാൻ ചമയങ്ങൾ
തൃശൂർ: പൂരം നാളിൽ ദൃശ്യ വിസ്മയമൊരുക്കാൻ അവസാനഘട്ട മിനുക്കുപണികളിൽ ചമയപ്പുര. കുടമാറ്റത്തിനും എഴുന്നള്ളിപ്പുകൾക്കുമുള്ള കുടകളും ഗജവീരൻമാർക്ക് അണിയാനുള്ള ആടയാഭരണങ്ങളുടെയും നിർമ്മാണത്തിലാണ് പാറമേക്കാവും തിരുവമ്പാടിയും. മാസങ്ങൾക്ക് മുമ്പ് തന്നെ കുടകൾ, നെറ്റിപ്പട്ടം, ആനകൾക്കുള്ള മണികൾ, കോലം എന്നിവയുടെ പ്രവർത്തനം ആരംഭിച്ചിരുന്നു. കുടമാറ്റത്തിലെ സാധാരണ കുടകൾ മാത്രമാണ് പുറത്ത് കാണിക്കുക. ഫാൻസി കുടകളെല്ലാം തന്നെ പൂരം നാളിലാണ് പുറത്തെടുക്കുക. തിരുവമ്പാടിക്കുവേണ്ടി പുരുഷോത്തമൻ അരണാട്ടുകരയുടെ നേതൃത്വത്തിൽ 12 തൊഴിലാളികളാണ് കുട നിർമിക്കുന്നത്. പാറമേക്കാവിനായി വസന്തൻ കുന്നത്തങ്ങാടിയും 21 തൊഴിലാളികളും ചേർന്ന് അവസാന ഒരുക്കത്തിലാണ്. എല്ലാവർഷവും ഇരുവിഭാഗം എഴുന്നള്ളിപ്പുകൾക്ക് പുതിയ ചമയങ്ങളാണ് ഉപയോഗിക്കുന്നത്.
ത്രീഡി മിന്നും...
ത്രീഡി ലൈറ്റുകളുള്ള കുടകൾ ഉൾപ്പെടെ ഏകദേശം 1000 കുടകളാണ് ഇരു വിഭാഗത്തിലുമായി വിരിയുന്നത്. ഒരു കുട നിർമിക്കാൻ മൂന്ന് മീറ്റർ തുണിയും മൂന്നു മീറ്റർ ലൈനിംഗ് തുണിയും വേണം. 15 ആനകൾ മുഖാമുഖം അണിനിരക്കുന്ന തെക്കേഗോപുരനടയിൽ 50 സെറ്റ് കുടങ്ങളാണ് വിരിയുന്നത്. സൂറത്ത്, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്നാണ് തുണികൾ എത്തുന്നത്. വെൽവെറ്റ്, സാറ്റിൻ, ബ്രോക്കേഡ് മുതലായ തുണികളിൽ ചിത്രപ്പണികൾ ചേർത്ത് നിർമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |