തൃശൂർ : വടക്കുന്നാഥനിലേക്കുള്ള പ്രധാന വഴികളും നാട്ടിടവഴികളും തിങ്ങിനിറയും ആൾപ്പൂരം. കൺനിറയെ കാണാൻ, കാതു നിറയെ കേൾക്കാൻ എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങളുമായി നാളെ പൂരച്ചെപ്പ് തുറക്കും. നഗരത്തിന് മുഖം മിനുക്കാൻ പ്രഭ ചൊരിഞ്ഞ് മണികണ്ഠനാലിലും നടുവിലാലിലും നായ്ക്കനാലിലും പൂരപന്തലുകൾ.
ഇന്ന് രാവിലെ നെയ്തലക്കാവിലമ്മ മേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥനിലെത്തി പൂരവിളംബരം നടത്തുന്നതോടെ പൂരാവേശം നിറയും. നാളെ രാവിലെ കണിമംഗലം ശാസ്താവ് തെക്കെ ഗോപുരനടയിലൂടെ വടക്കുന്നാഥനിലെത്തുന്നതോടെ പൂര വിസ്മയത്തിന് തിരശീല ഉയരും. ഊഴമനുസരിച്ച് മറ്റ് ഘടകപൂരങ്ങളും പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും എത്തുന്നതോടെ പൂരപ്രേമികൾ ആവേശം കൊണ്ട് മതിമറക്കും. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നത് വരെ താളപ്രപഞ്ചത്തിൽ ശിവപുരി ആറാടും.
തിരുവമ്പാടി വിഭാഗം
നാളെ പുലർച്ചെ മൂന്നിന് ക്ഷേത്രത്തിൽ വാകചാർത്ത്. രാവിലെ ഏഴിന് ഒരാനപ്പുറത്ത് നടപ്പാണ്ടിയുമായി മഠത്തിലേക്ക്. ആറാട്ടും നിവേദ്യവും കഴിഞ്ഞ് മഠത്തിൽ നിന്നും വരവ്. കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ മൂന്ന് ആനകളുടെ അകമ്പടിയിൽ എഴുന്നള്ളിപ്പ്. റൗണ്ടിലെത്തുമ്പോൾ എണ്ണം ഏഴാകും. നായ്ക്കനാലിൽ പഞ്ചവാദ്യം അവസാനിച്ച് ചേരാനെല്ലൂരിന്റെ നേതൃത്വത്തിൽ പാണ്ടിമേളം ആരംഭിച്ച് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലേക്ക് കയറിയാൽ ആനകളുടെ എണ്ണം 15. ശ്രീമൂല സ്ഥാനത്ത് പാണ്ടി മേളം അവസാനിച്ച് വടക്കുന്നാഥനെ പ്രദക്ഷിണം വച്ച് തെക്കെഗോപുര നട കടക്കും. ഈ സമയം പാറമേക്കാവിലമ്മ അഭിമുഖമായി എത്തുന്നതോടെ കുടമാറ്റം. തുടർന്ന് മഠത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്. രാത്രി പതിനൊന്നരയോടെ മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്. പുലർച്ചെ മൂന്നിന് വെടിക്കെട്ട്, പിറ്റേന്ന് രാവിലെ പാണ്ടിമേളവും ഉപചാരം ചൊല്ലലും കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും.
പാറമേക്കാവ് വിഭാഗം
പാറമേക്കാവ് ഭഗവതി പൂരദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ 15 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളും. വടക്കുന്നാഥന്റെ കിഴക്കെ ഗോപുര നടവഴി ക്ഷേത്രത്തിലെത്തി പടിഞ്ഞാറെ നടയിലെത്തിയാൽ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ടിന്റെ നേതൃത്വത്തിൽ നാലര വരെ ഇലഞ്ഞിത്തറ മേളം. ശേഷം വടക്കുന്നാഥനെ പ്രദക്ഷിണം വച്ച് തെക്കേ ഗോപുര നടവഴി തേക്കിൻകാട്ടിലേക്ക്. കോർപ്പറേഷൻ ഓഫീസിന് മുന്നിലെ പ്രതിമയെ വലം വച്ച് തിരികെ തേക്കിൻകാട്ടിൽ തിരുവമ്പാടി ഭഗവതിക്ക് അഭിമുഖമായി നിൽക്കുന്നതോടെ കുടമാറ്റം. ക്ഷേത്രത്തിലേക്ക് തിരിച്ചുപോകുന്ന ഭഗവതി രാത്രി പതിനൊന്നോടെ ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ പഞ്ചവാദ്യത്തിൽ ഏഴ് ആനകളോടെ രാത്രിപ്പൂരത്തിന് പുറപ്പെടും. പുലർച്ചെ മൂന്നിന് മണികണ്ഠനാലിലെത്തുമ്പോൾ വെടിക്കെട്ട്. രാവിലെ 15 ആനകളോടെ ശ്രീമൂല സ്ഥാനത്തേക്ക് മേളത്തോടെ എഴുന്നള്ളിപ്പ്. ഉച്ചയ്ക്ക് ഉപചാരം ചൊല്ലി ക്ഷേത്രത്തിലേക്ക് യാത്രയാകും.
ഫിറ്റ്നസിൽ രാമനും ശിവനും ഡബിൾ ഓക്കെ
തൃശൂർ: പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ദേവസ്വം ശിവകുമറും ഫിറ്റ്നസ് ഒാക്കെ. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുക രാമനായിരിക്കും. ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയായി ടാഗ് കൈമാറി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പുറമെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ശിവകുമാറും ഫിറ്റ്നസ് പരിശോധനകൾ പാസായി. നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ പൂരം വിളംബരം നടത്തും. സ്ഥിരമായി പൂരങ്ങളുടെ താരമാണ് എറണാകുളം ശിവകുമാർ. പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ അന്തിമ പട്ടിക ഇന്ന് വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും. 93 ആനകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. ഇന്ന് രാവിലെ മുതൽ തന്നെ ആനകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിക്കും.
മുന്നിറിയിപ്പുകൾക്കായി പൊലീസിന്റെ
അനൗൺസ്മെന്റ് സംവിധാനം
തൃശൂർ: പൂരം സുരക്ഷയുടെ ഭാഗമായി മുന്നിറിയിപ്പുകൾക്കായി പൊലീസിന്റെ അനൗൺസ്മെന്റ് സംവിധാനം. സ്വരാജ് റൗണ്ടിനു ചുറ്റുമാണ് ഇടവിട്ട് സ്പീക്കറുകൾ ഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ ഉച്ച മുതൽ സംവിധാനം നിലവിൽ വന്നു. ജനങ്ങൾക്ക് സുരക്ഷയോടെ പൂരം കാണുന്നതിനും മുന്നറിയിപ്പുകൾ നൽകുന്നതിനുമായി പ്രത്യേക ടീം തന്നെ ഇതിനായി പ്രവർത്തിക്കും.
തൃശൂർ പൂരം ക്യാമ്പ് ഓഫീസ്
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃശൂർ പൂരം ക്യാമ്പ് ഓഫീസ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ അഡ്വ. കെ.രാജൻ, ആർ.ബിന്ദു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, ബോർഡ് അംഗം അഡ്വ. കെ.പി.അജയൻ, ദേവസ്വം കമ്മിഷണർ എസ്.ആർ.ഉദയകുമാർ, ദേവസ്വം സെക്രട്ടറി പി.ബിന്ദു, ഡെപ്യുട്ടി കമ്മിഷണർ കെ.സുനിൽകുമാർ, അസിസ്റ്റന്റ് കമ്മിഷണർ എം.മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. 5, 6, 7 തീയതികളിൽ മുഴുവൻ സമയവും പ്രവർത്തിക്കും.
ഘടക ക്ഷേത്രങ്ങളിലെ പൂരം
ഘടക ക്ഷേത്രങ്ങൾ, സമയം, ആനകൾ, വാദ്യം
കണിമംഗലം രാവിലെ 7.30 - 8.30, രാത്രി: 7.30 - 8.30, 9, പഞ്ചവാദ്യം, പാണ്ടിമേളം
പനേക്കംപ്പിള്ളി 8.30 - 9.00, രാത്രി: 8.30 - 9.30, 3, പഞ്ചവാദ്യം, പഞ്ചാരി
ചെമ്പൂക്കാവ് 7.45 - 8.45, രാത്രി: 8.15 - 9.15, 3, പഞ്ചവാദ്യം, പാണ്ടിമേളം
കാരമുക്ക് 8.30 - 9.30, രാത്രി: 9.00 - 10.00, 9, പഞ്ചവാദ്യം, പാണ്ടിമേളം
ലാലൂർ 9.00 - 10.30, രാത്രി: 9.30 - 10.30, 9, പഞ്ചവാദ്യം, പാണ്ടിമേളം
ചൂരക്കോട്ടുകാവ് 9.30 - 11.00, രാത്രി: 10.00 - 12.00, 14, നാഗസ്വരം, പാണ്ടിമേളം
അയ്യന്തോൾ 10.00 - 12.00, രാത്രി: 11.00 - 12.30, 13, പഞ്ചവാദ്യം, പാണ്ടിമേളം
നൈയ്തലക്കാവ് 11.00 - 1.00, രാത്രി: 12.00 - 1.00, 11, നാഗസ്വരം, പാണ്ടിമേളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |