തൃശൂർ: തൃശൂരിന്റെ കിഴക്ക് ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കിഴക്കേ കോട്ടയിൽ തിരിഞ്ഞ് ഇക്കണ്ട വാരിയർ റോഡ്, ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തണം. തെക്ക് ഭാഗത്തുനിന്ന് വരുന്ന ബസുകൾ മുണ്ടുപാലത്ത് തിരിഞ്ഞ് ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ്, കൊക്കാലൈ, റെയിൽവേ സ്റ്റേഷൻ റോഡ് വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകേണ്ടതാണ്. ഈ ബസുകൾ തിരികെ മാതൃഭൂമി ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ്, ഇക്കണ്ട വാരിയർ റോഡ് ജംഗ്ഷൻ വഴി പുതിയ റോഡിലൂടെ വലതു ഭാഗത്തേക്ക് ഒല്ലൂർ, പാലിയേക്കര ജംഗ്ഷൻ എന്നിവിടങ്ങളിലേക്ക് തിരിയേണ്ടതാണ്. പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ശങ്കരയ്യർ റോഡ് ദിവാൻജിമൂല വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തി അതേ വഴിയിലൂടെ തന്നെ തിരികെ പോകണം. ഗതാഗത സാഹചര്യങ്ങൾക്കനുസരിച്ചുള്ള ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.
പൂങ്കുന്നത്ത് നിറുത്തുന്ന ട്രെയിനുകൾ
തൃശൂർ: പൂരത്തിന് എറണാകുളം - കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ - ആലപ്പുഴ എക്സിക്യുട്ടീവ്, തിരുവനന്തപുരം - ഷൊർണൂർ വേണാട്, തൂത്തുക്കുടി - പാലക്കാട് പാലരുവി എന്നീ എക്സ്പ്രസ് ട്രെയിനുകൾ ഇന്നും നാളെയും ഇരുദിശകളിലും പൂങ്കുന്നത്ത് നിറുത്തും. അനാവശ്യ തിരക്കും സമയനഷ്ടവും ഒഴിവാക്കുന്നതിന് യാത്രികർ 'യു.ടി.എസ് ഓൺ മൊബൈൽ' ആപ്പ് സൗകര്യം ടിക്കറ്റെടുക്കാൻ ഉപയോഗപ്പെടുത്തണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു.
പൂരപ്പറമ്പിൽ കുടിവെള്ളം തയ്യാർ
തൃശൂർ: വേനൽച്ചൂടിനെ മറികടക്കാൻ പൂരപ്രേമികൾക്കായി കുടിവെള്ളം തയ്യാർ. വടക്കുന്നാഥ സേവന സമിതിയാണ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ചുക്കുകാപ്പിയും കുടിവെള്ളവും മോരുംവെള്ളവുമെല്ലാം ഒരുക്കുന്നത്. സമിതിയുടെ കുടിവെള്ള കൗണ്ടറിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. മന്ത്രിമാരായ കെ.രാജൻ, ഡോ. ആർ.ബിന്ദു എന്നിവർ മുഖ്യാതിഥികളായി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ, കൊച്ചിൻ ബോർഡ് ഭരണസമിതി അംഗം അഡ്വ. അജയൻ, ദേവസ്വം മാനേജർ രമാദേവി, അസിസ്റ്റന്റ് കമ്മിഷണർ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
തിങ്കളാഴ്ച രാത്രി പതിനായിരം ലിറ്റർ ചുക്കുകാപ്പി വിതരണം ചെയ്തു. ഇന്ന് രാവിലെ മുതൽ ഉപചാരം ചൊല്ലിപ്പിരിയുന്നത് വരെ കുടിവെള്ള വിതരണവും മോരുംവെള്ളം വിതരണവുമുണ്ടാകും. സേവന സമിതിക്ക് വേണ്ടി കുടിവെള്ളവും മോരുംവെള്ളവും ചുക്കുകാപ്പിയും എല്ലാം സ്പോൺസർ ചെയ്യുന്നത് എലൈറ്റ് വിജയകുമാറാണ്.
ശുചീകരണത്തിന് 11 പുതിയ വാഹനങ്ങൾ
തൃശൂർ: ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് 11 പുതിയ വാഹനങ്ങൾ കോർപ്പറേഷൻ സജ്ജമാക്കിയിട്ടുണ്ട്. പൂരം ശുചീകരണ പ്രവർത്തനങ്ങൾക്കായുള്ള പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഒഫ് കോർപ്പറേഷൻ അങ്കണത്തിൽ മേയർ എം.കെ.വർഗീസ് നിർവഹിച്ചു. പൂരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു മാസമായി ഇടതടവില്ലാത്ത പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. ഇതിൽ പ്രധാനം റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പു വരുത്തുക, ശുചീകരണം പൂർണമായും നടത്തുക, കാണികൾക്ക് ദാഹശമനിക്കായി മോരും കുടിവെള്ളവും ഉറപ്പു വരുത്തുക തുടങ്ങിയവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |