തൃശൂർ: ദേശീയപാതയിലെ അടിപ്പാതകളുടെ പണികൾ ഇഴയുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. മണ്ണുത്തി - വടക്കഞ്ചേരി ആറുവരിപ്പാതയിലും ആമ്പല്ലൂർ - എറണാകുളം നാലുവരിപ്പാതയിലുമാണ് അടിപ്പാതകളുടെ നിർമാണം പുരോഗമിക്കുന്നത്. പണി തുടങ്ങിയിട്ട് നാല് മാസത്തിലധികമായിട്ടും വേണ്ടത്ര തൊഴിലാളികളോ യന്ത്ര സാമഗ്രികളോ ഇല്ലാത്തതിനാൽ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്ന സാഹചര്യമാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ നടത്തണമെന്ന നിർദ്ദേശം ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും നൽകാത്തതാണ് പ്രശ്നമെന്ന് യാത്രക്കാർ ആരോപിച്ചു.
ദേശീയപാതയിൽ കുരുക്ക് മണിക്കൂറുകളോളം നീണ്ടതിനെ തുടർന്ന് രണ്ട് തവണ പാലിയേക്കര ടോൾ പിരിക്കൽ നിർത്തിവച്ചെങ്കിലും ഉന്നതതലത്തിൽ നിന്നുള്ള ഇടപെടലുകൾ കാരണം വീണ്ടും ടോൾ പിരിവ് തുടങ്ങി. ഗതഗാതക്കുരുക്കൊഴിവാക്കാൻ നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് ടോൾ ഒഴിവാക്കിയത്. പക്ഷേ വാഹനങ്ങൾ തിരിച്ച് വിട്ട് ചുറ്റിക്കറക്കി വിടുന്നതിനാൽ കൂടുതൽ സമയവും ഇന്ധനവും നഷ്ടമാകുകയാണിപ്പോൾ.
കുരുക്കിന് കാരണം ഒരുമിച്ചുള്ള പണി
എല്ലാ അടിപ്പാതകളും ഒരുമിച്ച് പണിയുന്നത് മൂലമാണ് ദേശീയപാതയിൽ കുരുക്കുണ്ടാകാൻ കാരണമെന്ന് ഡ്രൈവർമാർ അഭിപ്രായപ്പെട്ടു. കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് ഓരോ സ്ഥലത്തും നിശ്ചിത കാലാവധി വച്ച് പണികൾ തീർത്താൽ ഇതുപോലെ വാഹനങ്ങൾ പെരുവഴിയിൽ കാത്തുകിടക്കേണ്ടി വരില്ല. വാഹനയാത്രക്കാരുടെ പ്രശ്‌നങ്ങൾ മനസിലാക്കാതെയാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ കരാറുകാർക്ക് നിർമാണത്തിന് അനുമതി നൽകുന്നത്. ദേശീയപാതയുടെ നിർമാണത്തിന് സമയം എടുത്തപോലെ തന്നെ വീണ്ടും എല്ലാവരെയും കഷ്ടത്തിലാക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർ എടുക്കുന്നത്.
ടോൾ പിരിവ്: രാഷ്ട്രീയ പാർട്ടികളും പിൻവലിഞ്ഞു
കുരുക്ക് മുറുകുന്നതിനാൽ ടോൾ പിരിവ് നിർത്തിവച്ച കളക്ടറെ അഭിനന്ദിക്കുകയും പിൻവലിച്ചാൽ സമരം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ മൗനത്തിലായി. ടോൾ പിരിവ് വീണ്ടും തുടങ്ങിയാൽ സമരം നടത്തുമെന്ന് ബെന്നി ബെഹനാൻ എം.പി പ്രസ്താവന ഇറക്കിയിരുന്നു. ടോൾ പിരിവിനെതിരെ നിലപാടെടുത്ത സി.പി.ഐയും പിന്നീട് മിണ്ടിയില്ല. രാഷ്ട്രീയക്കാർ സ്വന്തം താൽപര്യത്തിനനുസരിച്ച് പ്രസ്താവനകൾ ഇറക്കുന്നതല്ലാതെ നടപടികളിലേക്ക് കടക്കുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യാപക പ്രചരണമാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |