ഇരിങ്ങാലക്കുട: കൂടൽമാണിക്യം ഉത്സവം മൂന്നാം ദിനത്തിലേയ്ക്ക് കടക്കുമ്പോൾ ജനത്തിരക്കും വർദ്ധിക്കുന്നു. കൂടൽമാണിക്യം ഉത്സവത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ച ക്ഷേത്രത്തിലെത്തിയത് ആയിരങ്ങൾ. കനത്ത വെയിലിനെ വകവയ്ക്കാതെ രാവിലെ മുതൽ അണമുറിയാതെയാണ് ജനം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.
രാവിലെ നടന്ന ശീവേലിക്ക് പാറന്നൂർ നന്ദൻ തിടമ്പേറ്റി. പാറമേക്കാവ് കാശിനാഥനും പല്ലാട്ട് ബ്രഹ്മദത്തനും ഇരുവശത്തുമായി നിരന്നു. രാവിലെ നടന്ന ശീവേലിക്കും രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിനും ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ പ്രമാണിയായി. തിങ്കളാഴ്ച രാവിലെ 8.30നുള്ള ശീവേലിക്കും രാത്രി 9.30നുള്ള വിളക്കെഴുന്നള്ളിപ്പിനും പെരുവനം പ്രകാശൻ മാരാർ പ്രമാണിയായി. ഞായറാഴ്ച്ച മുടക്കുദിവസമായതിനാൽ കനത്ത ചൂടിനെ വകവെയ്ക്കാതെ രാവിലെ ആയിരങ്ങളാണ് ഉത്സവത്തിനായെത്തി ചേർന്നത്.
ഉത്സവത്തിനെത്തുന്ന ഭക്തർക്ക് ദാഹജല വിതരണം ക്ഷേത്രത്തിന് മുൻവശത്ത് തകൃതിയായി നടക്കുന്നുണ്ട്. വിവിധ സംഘടനകളാണ് ദാഹജല വിതരണം ഉത്സവ നാളുകളിൽ നടത്തുന്നത്. ഇരിങ്ങാലക്കുട വോയ്‌സും കെ.എൽ 45 നടത്തുന്ന കുടിവെള്ള സംഭാര വിതരണം ജനങ്ങൾക്ക് ഏറെ ആശ്വാസകരമായി. അയ്യപ്പ സേവാസമിതി, ഇരിങ്ങാലക്കുട സഗരസഭ, സേവാഭാരതി എന്നിവരും ക്ഷേത്രത്തിന് മുന്നിലായി ദാഹജല വിതരണം നടത്തുന്നുണ്ട്.
കൂടൽമാണിക്യത്തിൽ ഇന്ന്
രാവിലെ 8.30ന് ശീവേലി. അകത്തെ വേദി: ഉച്ചയ്ക്ക് 1 മുതൽ തിരുവാതിരക്കളി, 2.40ന് ഭക്തിഗാനമഞ്ജരി, 3.35ന് വയലിൻ ത്രയം, 4.40ന് ഭരതനാട്യം, 5.45ന് നൃത്തനൃത്യങ്ങൾ, 6.20ന് ഭരതനാട്യക്കച്ചേരി, 7.25ന് ഭരതനാട്യം, 8.30ന് മോഹിനിയാട്ടം.
പുറത്തെ വേദിയിൽ: ഉച്ചയ്ക്ക് 1 മുതൽ തിരുവാതിരക്കളി, 4.30ന് ഭക്തിഗാനസുധ, 5.20ന് ഭരതനാട്യം, 6.05ന് നൃത്തനൃത്യങ്ങൾ, 6.55ന് നൃത്തനൃത്യങ്ങൾ, 7.40ന് ഭക്തിഗാനസുധ, 8.10ന് ഭരതനാട്യം, 8.40ന് ഭരതനാട്യം, 9.15ന് ശാസ്ത്രീയ നൃത്തം, രാത്രി 12ന് നളചരിതരം ഒന്നാംദിവസം, ബകവധം കഥകളി, രാത്രി 9.30 മുതൽ വിളക്കെഴുന്നള്ളിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |