തൃശൂർ: യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണിയായി ദേശീയപാതയ്ക്ക് ഇരുവശവുമുള്ള കുന്നുകൾ. വാണിയമ്പാറ, കുതിരാൻ, കല്ലിടുക്ക്, പട്ടിക്കാട് എന്നിവിടങ്ങളിലാണ് മഴ പെയ്താൽ ഇടിഞ്ഞുവീഴും വിധം കുന്നുകളുള്ളത്. അടുത്തിടെ കാസർകോട് ചെറുവത്തൂരിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിക്കുകയും മണ്ണിനടിയിൽ പെട്ട് രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വാണിയമ്പാറ ബസ് സ്റ്റോപ്പിന് സമീപം മണ്ണിടിയുന്ന ഭാഗത്ത് സുരക്ഷാ മതിൽ (റീട്ടെയിനിംഗ് വാൾ) നിർമ്മിക്കാൻ ഒരുങ്ങുകയാണ് ദേശീയപാതാ അതോറിറ്റി. എന്നാൽ മഴയെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ഇതുരെ നിർമ്മാണം ആരംഭിച്ചിട്ടില്ല. കരിങ്കൽപ്പാറയ്ക്ക് മുകളിൽ കുത്തനെ നിൽക്കുന്ന മണ്ണാണ് മഴയിൽ ഇടിഞ്ഞുവീഴാറുള്ളത്. ഇതിന് മീതെ വൻമരങ്ങളും മറ്റും നിൽക്കുന്നുണ്ട്. മഴയിൽ കുന്നിടിഞ്ഞ് വീണാൽ മരവും മണ്ണും ഉൾപ്പെടെ താഴെയുള്ള റോഡിലേക്ക് പതിക്കാൻ സാദ്ധ്യയേറെയാണ്. ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് മുൻപ് കൂടുതൽ അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളാണെങ്കിലും ഈ പ്രദേശം ഫോറസ്റ്റ് വകുപ്പിന്റെ കൈയിലായതിനാൽ സുരക്ഷാ മതിൽ നിർമ്മിക്കാൻ കഴിയില്ലെന്നാണ് ദേശീയ പാതാ അതോറിറ്റിയുടെ വാദം. പട്ടിക്കാടിനും കല്ലിടുക്കിനും മദ്ധ്യേ കുന്നിടിയുന്നുണ്ടെങ്കിലും അപകടസാദ്ധ്യത കുറവാണെന്നാണ് എൻ.എച്ച്.എയുടെ കണ്ടെത്തൽ.
മേൽപ്പാലം നിർമ്മാണത്തിന് വേഗം കൂടും
മേൽപ്പാലം നിർമ്മാണത്തിന് വേഗം കൂടുമെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ അവകാശവാദം. വാണിയമ്പാറയിലും മറ്റും മാടക്കത്തറ സബ് സ്റ്റേഷനിലേക്കുള്ള ഭൂഗർഭ ലൈനുകൾ പോകുന്നുണ്ട്. ഇത് മാറ്റണമോയെന്നത് സംബന്ധിച്ച വ്യക്തതയില്ലായ്മയാണ് നിർമ്മാണം ഇഴയാൻ കാരണം. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ടെന്നും നിർമ്മാണം ഇനി വേഗത്തിലാകുമെന്നുമാണ് ദേശീയപാതാ അതോറിറ്റി അധികൃതർ കേരളകൗമുദിയോട് വ്യക്തമാക്കിയത്.
മഴക്കാലത്ത് കുടുങ്ങും
മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ മൂന്ന് മേൽപ്പാലങ്ങളുടെ നിർമ്മാണം മഴക്കാലത്തിന് മുൻപ് പൂർത്തിയാകില്ല. അടുത്ത ഡിസംബറിൽ മാത്രമാണ് ഇത് പൂർത്തിയാകൂ. ഇതോടെ ഈ വർഷകാലത്ത് കുരുക്കിന് സാദ്ധ്യതയേറി. കഴിഞ്ഞദിവസം രാവിലെ പെയ്ത മഴയിൽ കല്ലിടുക്കിൽ സർവീസ് റോഡിൽ കുഴി രൂപപ്പെട്ട് ആറുമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. അതിന് മുൻപ് മേൽപ്പാലം നിർമ്മിക്കുന്ന മുടിക്കോടും കുരുക്ക് രൂക്ഷമായിരുന്നു.
കുതിരാനിൽ മണ്ണിടിയാനുള്ള സാദ്ധ്യത കൂടുതലാണെങ്കിലും അപകടം വരില്ല. മണ്ണിടിഞ്ഞ് വീഴാനുള്ള സ്ഥലം ഇവിടെയുണ്ട്.
അൻസിൽ ഹസൻ, പ്രൊജക്ട് ഡയറക്ടർ, എൻ.എച്ച്.എ.ഐ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |