പാലപ്പിള്ളി: ആകാശച്ചിത്രം കണ്ടാൽ പച്ചപ്പ് നിറഞ്ഞ മനേഹര ദൃശ്യം. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ചിത്രം ആമസോൺ വനത്തിനു നടുവിലാണോ എന്ന് പോലും ചോദിച്ചവരുണ്ട്. എന്നാൽ തൃശൂർ ജില്ലയിലെ പാലപ്പിള്ളിയിൽ ഹാരിസൺ മലയാളം കമ്പനിയുടെ റമ്പർ തോട്ടങ്ങൾക്കുള്ളിൽ ഗ്രൗണ്ടായി നിലനിറുത്തിയ സ്ഥലമാണിത്. ഗ്രൗണ്ടിന് സമീപത്താണ് ഹാരിസൺ മലയാളം കമ്പനിയുടെ ഒട്ടുപാൽ സംസ്‌കരിക്കുന്ന സി.എസ്.ആർ ഫാക്ടറി. ഈ ഫാക്ടറിയിൽ നിന്നുള്ള മലിനജലം കുറുമാലിപ്പുഴയിലേക്ക് ഒഴുക്കുന്നതും പതിവാണ്. കുടിവെള്ള സ്രോതസായ കുറുമാലിപ്പുഴ മലിനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മലിനജലമൊഴുക്കലൊക്കെ തുടരുന്നുണ്ട്.
നിബിഢ വനമായിരുന്ന പാലപ്പിള്ളി മേഖലയിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് വിദേശത്ത് രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് റബർ കൃഷി നടത്തുന്നതിന് കൊച്ചി രാജാവ് ഭൂമി പാട്ടത്തിന് നൽകിയത്. റബർ കൃഷി ആരംഭിച്ച സമയത്തു തന്നെ നിരപ്പായ അഞ്ച് എക്കർ ഭൂമി ഒഴിച്ചിട്ടു. വിദേശികളായിരുന്ന കമ്പനിയിലെ ഉദ്യോഗസ്ഥർക്ക് ഫുട്‌ബാൾ കളിക്കുന്നതിനും മറ്റുമായിരുന്നു ഉദ്ദേശം. പിന്നിട് തദ്ദേശീയരായ തൊഴിലാളികളും മക്കളും ഫുട്‌ബാൾ കളിക്കുന്നതിനും ഗ്രൗണ്ട് പ്രയോജനപ്പെടുത്തി. താത്കാലിക ഗാലറി നിർമ്മിച്ച് ഫുട്‌ബാൾ ടുർണമെന്റ് വരെ ഇവിടെ നടന്നിട്ടുണ്ട്.
നൂറ്റാണ്ടിലെറേയായി ഗ്രൗണ്ടായി തന്നെ നിലനിറുത്തുന്നുണ്ട് കമ്പനി. എന്നാൽ, സമീപത്തുള്ള കൊച്ചിൻ മലബാർ കമ്പനിക്കും ഒരു ഗ്രൗണ്ട് ഉണ്ടായിരുന്നു. പിന്നിട് അവിടെ റബർ നട്ടു. അവിടെ കളിച്ചിരുന്നവരും ഇപ്പോൾ പാലപ്പിള്ളി ഗ്രൗണ്ടിലാണ് കളി. വർഷങ്ങൾക്ക് മുമ്പ് ഗ്രൗണ്ടിന് രണ്ട് അതിർത്തിയിൽ നട്ട വാക മരങ്ങൾ ഇപ്പോൾ പടുകൂറ്റൻ മരങ്ങളായി. ഈ മാസം അവസനത്തോടെ വാക മരങ്ങൾ പൂത്തു തുടങ്ങും. ഇതോടെ ആകാശദൃശ്യങ്ങൾ കൂടുതൽ മനോഹരമാകും. വല്ലൂർ കുത്ത് വെള്ളച്ചാട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന പിള്ളത്തോട് ഗ്രൗണ്ടിന്റെ സമീപത്തു കൂടിയാണ് ഒഴുക്കുന്നത്. പിള്ള തോട് എതാനും മീറ്റർ മാറി കുറുമാലി പുഴയിൽ ചേരും. ഗ്രൗണ്ടിന് സമിപത്തു കൂടിയാണ് ഹാരിസൺ മലയാളം കമ്പനിയുടെ ഫാക്ടറിയിൽ നിന്നുള്ള മലിന ജലം ഒഴുക്കുന്ന തോടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |