കൊടുങ്ങല്ലൂർ: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ ചരക്ക് കപ്പലിൽനിന്ന് വീണ കണ്ടെയ്‌നറുകളിൽ അപകടകരമായ വസ്തുക്കൾ ഉണ്ടെന്ന അറിയിപ്പിനെ തുടർന്ന് അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ മത്സ്യതൊഴിലാളികൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി മുഴുവൻ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളിലും സന്ദേശങ്ങൾ കൈമാറി. കടലിൽ വീണ കണ്ടെയ്‌നറുകൾ ഇതുവരെ ആർക്കും ലഭിച്ചിട്ടില്ല. അഴീക്കോട് മുതൽ ചാവക്കാട് കടൽ തീരം വരെ മത്സ്യവകുപ്പിന്റെയും പൊലീസിന്റെയും നിരീക്ഷണത്തിലാണ്. കൊച്ചിയിൽ നിന്നും 38 നോട്ടിക്കൽ മൈൽ അകലെയാണ് ഓയിൽ കാർഗോ കപ്പലുകളിൽ നിന്ന് നിരവധി കണ്ടെയ്‌നറുകൾ കടലിൽ വീണത്. കണ്ടെയ്‌നറുകളുടെ എണ്ണത്തിൽ കൃത്യതയില്ല.ഏതെങ്കിലും വസ്തു തീരത്തടിഞ്ഞാൽ സ്പർശിക്കാതെ ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമായതിനാലും മത്സ്യവകുപ്പിന്റെ മുന്നറിയിപ്പും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ അഴിക്കോടു നിന്നും വള്ളങ്ങളൊന്നും കടലിൽ ഇറക്കിയിട്ടില്ല.
അതോറിറ്റിയുടെ അറിയിപ്പ്
മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ തൊടരുത്, അടുത്ത് പോകരുത്. ഉടൻതന്നെ 112 ൽ അറിയിക്കണം. വസ്തുവിൽനിന്ന് ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കണം. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്.
വേലിയേറ്റത്തിലും ഇറക്കത്തിലും കണ്ടെയ്‌നറുകൾ ഏത് ദിശയിലേക്ക് നീങ്ങുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്.
ഫിഷറീസ് ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |