തൃശൂർ: ജില്ലയിൽ വീണ്ടും മിന്നൽ ചുഴലി. വ്യാപക നാശം വിതച്ച് മിന്നൽ ചൂഴലി ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ചു. ചാലക്കുടി, മാള, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ കാറ്റിൽ നിരവധി വീടുകളും മരങ്ങളും കടപുഴകി വീണു. തീരമേഖലയും കലുഷിതമാണ്. വാടാനാപ്പിള്ളി, ചാവക്കാട്, മേഖലകളിൽ ശക്തമായ കടലാക്രമണത്തിൽ തോട്ടാപ്പ്, വെളിച്ചണപ്പടി മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ശക്തമായ തിരമാലകളാണ് കരയിലേക്ക് അടിച്ചു കയറുന്നത്. ഇന്നലെ രാത്രിയിലും വടക്കാഞ്ചേരി കരുമത്ര മേഖലകളിൽ ചൂഴലിക്കാറ്റിൽ നാട് വിറച്ചു. വൈദ്യുതി ബന്ധം തകരാറിലായി. നിരവധി ഫലവൃക്ഷങ്ങൾ കടപുഴകിയിട്ടുണ്ട്. പുന്നംപറമ്പ് കല്ലംപാറ വഴിയിൽ റോഡിലേക്ക് തേക്ക് മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു.
നഗരത്തിലും ചുഴലി
ഇന്നലെ രാത്രി എട്ട് മണിയോടെ ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ നിരവധി ബോർഡുകളും മറ്റും നിലം പതിച്ചു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. പുല്ലഴി മേഖലയിൽ വെള്ളം ഒഴുകി പോകുന്ന കനാൽ കെ.എൽ.ഡി.സി വിഭാഗം ശരിയാക്കത്തത് മൂലം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ചാലക്കുടിയിൽ പത്ത് വീടുകൾക്ക് നാശം,
ഏക്കർ കണക്കിന് കൃഷി നശിച്ചു
ചാലക്കുടി: ശക്തമായ മിന്നൽച്ചുഴലിയിൽ ചാലക്കുടി മേഖലയിൽ കനത്ത നാശം. എട്ട് വീടുകൾ ഭാഗികമായി തകർന്നു. നൂറോളം പറമ്പുകളിൽ കാർഷികവിളകൾ നശിച്ചു. 14 ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണു. പലയിടത്തും വൈദ്യുതി വിതരണവും നിശ്ചലമായി. നഗരസഭാ പരിധിയിലെ പടിഞ്ഞാറെ ചാലക്കുടി മേഖലയിലായിരുന്നു ശക്തമായ ചുഴലിക്കാറ്റ്. മൂഞ്ഞേലി, ഐ.ആർ.എം.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അറുപതിലധികം വീട്ടുകാരുടെ കാർഷികവിളകൾ കാറ്റിൽ നശിച്ചു. വലിയ ജാതി മരങ്ങളും കവുങ്ങ്, പ്ലാവ് എന്നിവ കടപുഴകി. പലയിടത്തും വാഴത്തോട്ടങ്ങൾ നിലം പരിശായി. ഇവിടെ മാത്രം അഞ്ച് വീടുകൾക്ക് തകർച്ച നേരിട്ടു.
മനപ്പടി ഭാഗത്ത് പുന്നേലിവളപ്പിൽ ജോർജിന്റെ ടെറസ് വീട്ടിലെ ഷീറ്റ് പറന്നുപോയി തൊട്ടടുത്ത രണ്ട് വീടുകളിലായി പതിച്ചു. പൊന്മിനിശ്ശേരി മിനി, തരകൻ ശോശാമ്മ എന്നിവരുടെ വീടുകളാണ് ഇതുമൂലം ഭാഗികമായി തകർന്നത്. വാരിയത്ത് രാധയുടെ വീടിന് മരം വീണ് കേടുപാടുണ്ടായി. ചില്ലായി മോഹനൻ, കുറ്റിയിൽ പോൾ എന്നിവരുടെ ജാതിത്തോട്ടങ്ങളും വാഴ, കവുങ്ങ് എന്നിവയും ഒടിഞ്ഞുവീണു. മാമ്പ്രക്കാട്ടിൽ നിർമ്മലയുടെ വീടിന് മുകളിൽ തേക്ക് മരം വീണു. വടക്കുചേരി ജോസിന്റെ വീട് തേക്കുമരം വീണ് തകർന്നു. പള്ളായി സജിയുടെ വീടിന്റെ ഓട് കാറ്റിൽ പറന്നുപോയി. അമ്പൂക്കൻ ജെയ്സന്റെ 20 ജാതി മരങ്ങളും 15 കവുങ്ങും വീണു. വെട്ടിയാൻ ആന്റണിയുടെ ജാതി മരങ്ങൾ നശിച്ചു. ആറങ്ങാലി സജീവന്റെ പറമ്പിലെ മരം വീണ് ചാരമ്പിള്ളി ഇന്ദിരയുടെ വീട് തകർന്നു. പ്രശാന്ത്, ചോപ്പിള്ളി ചന്ദ്രൻ, താപ്പാട്ട് ഉഷ, ചില്ലായി മോഹനൻ എന്നിവരുടെ ജാതി അടക്കമുള്ള മരങ്ങൾ നിലംപതിച്ചു. നഗരസഭ കൗൺസിലർ സുധാ ഭാസ്കരന്റെ വീട്ടുപറമ്പിലെ തെങ്ങ് കടപുഴകി.
മറ്റ് നാശനഷ്ടങ്ങൾ ഇവ
ആശുപത്രിയുടെ മേൽകൂര പറന്നു പോയി
പുതുക്കാട് : ദേശീയ പാതയോരത്ത് പഞ്ചായത്ത് ഓഫീസിനടുത്തുള്ള പ്രവർത്തനം നിലച്ച ഹോളി ക്രോസ് ആശുപത്രിയുടെ ഷീറ്റ് മേഞ്ഞ മേൽകൂര മിന്നൽ ചുഴലിയിൽ പറന്ന് പോയി. ദേശീയ പാതയുടെ സർവീസ് റോഡിലും തൃശൂർ ഭാഗത്തേക്കുള്ള പ്രധാന പാതയിലേക്കുമായാണ് ഷിറ്റ് വീണത്. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. പ്രദേശത്ത് ഗതാഗത തടസം ഉണ്ടായി. പൊലീസും ഫയർ ഫോഴ്സും എത്തി ക്രെയിൻ ഉപയോഗിച്ച് മേൽകൂര മാറ്റി. കല്ലൂർ മേഖലയിലും മരങ്ങൾ വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു. സെക്കന്റുകൾ മാത്രം നീണ്ടുനിന്ന മിന്നൽ ചുഴിയാണ് ഉണ്ടായത്.
കിഴുപ്പിള്ളിക്കര മുനയം ബണ്ട് തകർന്നു
പെരിങ്ങോട്ടുകര: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ കിഴുപ്പിള്ളിക്കരയിലെ മുനയം താൽക്കാലിക ബണ്ട് തകർന്നു. കാട്ടൂർ- താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് മുനയം ബണ്ട്. കരുവന്നൂർ പുഴയ്ക്ക് കുറുകെ തടയണ തീർത്ത് കനോലി കനാലിൽ നിന്നുള്ള ഉപ്പുവെള്ളം തിരികെ വരാതെ നോക്കാനുള്ള സംവിധാനമാണിത്. കൃഷിയും കുടിവെള്ള സ്രോതസും നശിക്കാതിരിക്കാൻ വർഷം തോറും 40 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇറിഗേഷൻ വകുപ്പ് തടയണ നിർമ്മിക്കുന്നത്. മുളയും ചാക്കും മണ്ണും ചേർത്തുള്ള നിർമ്മിതിയിൽ അഴിമതി ഉണ്ടെന്നുള്ളത് സ്ഥിരം ആരോപണമാണ്. പുതിയ ബണ്ട് നിർമ്മിച്ചശേഷം അധിക ജലം ഒഴുകാനായി സംവിധാനങ്ങളോ കാവൽക്കാരനെയോ ഇത്തവണ നിയോഗിച്ചില്ലെന്നും പരാതിയുണ്ട്. കരുവന്നൂർ പുഴ നിറഞ്ഞ് വെള്ളമെത്തിയതോടെയാണ് ബണ്ട് തകർത്തത്. വെള്ളം കനോലി കനാലിലേക്ക് പ്രവഹിക്കുകയാണ്. പ്രദേശം പുഴയിലേക്ക് ഇടിഞ്ഞു പോകുന്നതായും നാട്ടുകാർ പറയുന്നു. താന്ന്യം പഞ്ചായത്തിലെ കല്ലങ്കരമാട് പ്രദേശത്ത് തീരം ഇടിയുന്നുണ്ട്. പ്രദേശത്ത് എട്ട് കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലുമാണ്.
അന്നമനട മേഖലയിൽ വ്യാപകമായ നാശം
അന്നമനട: ശക്തമായ മഴയിലും മിന്നൽച്ചുഴലിയിലും അന്നമനട മേഖലയിൽ വ്യാപകമായ നാശം.മേഖലയിൽ വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടു. മേലഡൂർ ഗവ. എൽ.പി. സ്കൂളിന് മുകളിൽ മരം വീണതിനെ തുടർന്ന് സ്കൂൾ കെട്ടിടത്തിനും വർണ്ണ കൂടാരത്തിനും കേടുപാടുകൾ സംഭവിച്ചു. സ്കൂൾ പരിസരത്ത് നിരവധി മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. മാള-അന്നമനട റോഡിലും വലിയപറമ്പ് കൂഴൂർ റോഡിലും മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്ന് ഗതാഗത തടസപ്പെട്ടു. കുമ്പിടിയിൽ കണ്ണമ്പള്ളി പൗലോസ് ബിജു, കണ്ണമ്പള്ളി പാപ്പച്ചൻ സ്മിജോ, കുടിലിങ്ങൾ ജോൺ മേരി,കീഴഡൂരിൽ പി രാധാകൃഷ്ണൻ എന്നിവരുടെ ജാതിമരങ്ങൾ വീണ് വലിയ നാശനഷ്ടം ഉണ്ടായി. കാടുകുറ്റി പഞ്ചായത്തിൽ രാമൻ മോഹനന്റെ 24 ജാതി മരങ്ങളും 20 ഏത്ത വാഴകളും 2 തേക്കും ഉൾപ്പെടെ നിരവധി കവുങ്ങുകളും മറിഞ്ഞു. പൊയ്യയിലെ മരിയാപുരത്തും വൃക്ഷങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു.
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ ഒരു ദിവസം വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |