ചാലക്കുടി: കാലവർഷം ആരംഭിച്ചു, ഇനി ഏതു നേരത്തും പ്രത്യക്ഷപ്പെടും പാതാള തവളകൾ. മണ്ണിനടിയിൽ നിന്ന് ഇവ പുറത്തു കടക്കുന്ന തയ്യാറെടുപ്പുകളിലാണെന്ന് വ്യക്തമാകുന്നതായിരുന്നു പ്ലാന്റേഷൻ കോർപ്പറേഷന്റെ ഏഴാറ്റുമുഖത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഭവം. പതിനഞ്ചാം ബ്ലോക്കിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാന്തിയപ്പോഴാണ് പാതാള തവളയെ കണ്ടെത്തിയത്. ഇത് പിന്നീട് മറ്റൊരിടത്തേയ്ക്ക് ചാടിപ്പോയി. സ്ഥലത്തുണ്ടായിരുന്ന ഏതാനും പേർക്ക് തവളകളെ കാണാനായി. കുറച്ചു പേർക്കെങ്കിലും ഇന്നും അജ്ഞാതമാണ് മാവേലി തവളയെന്ന പേരിൽക്കൂടി അറിയപ്പെടുന്ന ഈ സാധുജീവി.
വർഷത്തിൽ ഒരു ദിവസം മാത്രം പുറത്തു കാണുന്നതു കൊണ്ടാണെന്ന് പറയുന്നു, ഇതിനെ മാവേലിയെന്ന് വിളിക്കാൻ ഇടയാക്കിയത്. 364 ദിവസവും മണ്ണിനടിയൽ ജീവിക്കുന്ന ഇവ കാലവർഷത്തിന് മുന്നോടിയായുള്ള മഴയിലായിരിക്കും പുറത്തെത്തുക. ഇണചേരലിന് ശേഷമുള്ള പ്രജനനത്തിനാണ് ഇവയുടെ പുറം ലോകത്തേയ്ക്കുള്ള വരവ്.
പാതാള തവള
വീർത്ത ശരീരവും കൂർത്ത തലയും.
അഞ്ച് സെന്റ് മീറ്ററോളം നീളമുണ്ടാകും.
ജീവിക്കുന്നത് മണ്ണിടയിൽ ഒന്നര മീറ്റർ ആഴത്തിൽ.
പെൺതവളകൾ ആൺ തവളകളെ മുതുകിലിരുത്തി വർഷത്തിൽ ഒരിക്കൽ പുറം ലോകത്തെത്തിക്കും.
2000 മുതൽ നാലായിരം വരെ മുട്ടകളിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |