തൃശൂർ: വിദ്യാലയങ്ങൾ തുറന്നു, ഇന്ന് മുതൽ കുട്ടികൾക്ക് ' പാഠം ഒന്ന്, നല്ല പാഠം'. എൽ.പി, യു.പി ക്ലാസുകളിലെയും ഹൈസ്കൂൾ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ 13 വരെയുള്ള എട്ട് പ്രവൃത്തി ദിനങ്ങളിൽ കുട്ടികളെ നല്ല മനുഷ്യരാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ക്ലാസ് നൽകുന്നത്. ലഹരിയും മയക്കുമരുന്നും തടയാനും ദൂഷ്യഫലങ്ങൾ വിശദീകരിക്കുന്നതുമായ ക്ലാസാണ് യു.പി, ഹൈസ്കൂൾ തലങ്ങളിൽ നടക്കുക. പൊതുവിഷയങ്ങളിലാകും ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ളാസ്.
റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ട്രാഫിക് നിയമങ്ങളും സംബന്ധിച്ച പാഠമാകും നാളെ എല്ലാ തലത്തിലുമുള്ള കുട്ടികൾക്ക് നൽകുക. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ വ്യക്തിശുചിത്വം, പരിസരശുചിത്വം, ഹരിതകാമ്പസ്, സ്കൂൾ സൗന്ദര്യവത്കരണം തുടങ്ങിയ ക്ലാസ് നടക്കും. തുടർന്ന് ബക്രീദ് അവധി കഴിഞ്ഞ് ജൂൺ ഒമ്പത് മുതൽ 13 വരെ അടുത്തയാഴ്ചയും ക്ലാസുകൾ നടക്കും.
മറ്റ് ദിവസങ്ങളിലെ ക്ലാസുകൾ
ജൂൺ 9
ആരോഗ്യം, വ്യായാമം, കായികക്ഷമത
ജൂൺ 10
ഡിജിറ്റൽ അച്ചടക്കം, സെൽഫോൺ ഉപയോഗം
ജൂൺ 11
പൊതുമുതൽ സംരക്ഷണം
ജൂൺ 12
പരസ്പര സഹകരണത്തിന്റെ പ്രാധാന്യം (എൽ.പി, യു.പി).
റാഗിംഗ്, വൈകാരിക നിയന്ത്രണമില്ലായ്മ (ഹൈസ്കൂൾ)
ജൂൺ 13
പൊതുക്രോഡീകരണം.
ആരെടുക്കും ക്ലാസ് ?
സ്കൂളുകളിൽ 'നല്ല പാഠം' ക്ലാസെടുക്കാൻ റിസോഴ്സ് പേഴ്സൺമാരുടെ അഭാവം. ഓരോ ദിവസവുമുള്ള എട്ട് പിരീയഡുകളിലും പുസ്തകമെടുക്കാതെ ഈ പാഠം പഠിപ്പിച്ചാൽ കുട്ടികൾക്ക് ബോറടിച്ചേക്കും. കുട്ടികളെ പഠിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (എസ്.ആർ.ജി) ചേർന്നാണ് പഠിപ്പിക്കേണ്ട മറ്റ് വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത്. പുസ്തകങ്ങൾ കൈയിലെടുക്കാതെ കഴിഞ്ഞവർഷം വരെ പഠിച്ച വിഷയങ്ങൾ കുട്ടികൾക്ക് മനസിലായിട്ടുണ്ടോയെന്ന് വിവിധ കളികളിലൂടെ തിരിച്ചറിയുകയും അവരെ പ്രാപ്തരാക്കുകയും ചെയ്യാനുള്ള പഠനക്രമം ചില എസ്.ആർ.ജികൾ ഒരുക്കിയിട്ടുണ്ട്. ട്രാഫിക്, ശുചിത്വം, ലഹരി വിരുദ്ധ ക്ലാസുകൾ പോലുള്ള പ്രത്യേക വിഷയങ്ങളിൽ ക്ലാസെടുക്കുന്നതിന് ഓരോ സ്കൂളിലും നിരവധി റിസോഴ്സ് പേഴ്സൺമാരെ ആവശ്യമുണ്ടെങ്കിലും അഭാവമുണ്ടെന്നാണ് പ്രധാന അദ്ധ്യാപകർ പറയുന്നത്. പൊലീസ്, എക്സൈസ് വകുപ്പുകളിൽ വിദ്യാർത്ഥികൾക്കായി ക്ലാസെടുക്കുന്നവരുടെ എണ്ണം കുറവാണ്. ജില്ലയിൽ 1010 സ്കൂളുകളും 217 ഹയർ സെക്കൻഡറി സ്കൂളുകളുമുണ്ട്. ഇത്രയും സ്കൂളുകളിലെ ഓരോ ക്ലാസിലും റിസോഴ്സ് പേഴ്സൺമാരെ ലഭിക്കുകയെന്നത് നടപ്പാകുന്ന കാര്യമല്ല. സ്കൂളുകളിലെ സൗഹൃദ ക്ലബ് കോ ഓർഡിനേറ്റർമാരും മറ്റ് അദ്ധ്യാപകരും ചേർന്നാണ് ക്ലാസ് നയിക്കുന്നത്.
ഇണങ്ങിയും പിണങ്ങിയും കുരുന്നുകൾ
പ്രൗഢോജ്ജ്വലമായി പ്രവേശനോത്സവംതൃശൂർ: മദ്ധ്യവേനലവധി കഴിഞ്ഞ് അക്ഷര മുറ്റത്തേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്ക് വരവേൽപ്പ്. കളിചിരികളുടെ ആരവങ്ങളും പുത്തൻ പ്രതീക്ഷകളുമായി വിദ്യാലയമുറ്റത്ത് അക്ഷരമധുരം നുകരാൻ അവരെത്തി. മാതാപിതാക്കളെ വിട്ടുപിരിഞ്ഞ നോവും പരിഭവവും മാറ്റി കളിക്കോപ്പുകളുടെയും പുസ്തകങ്ങളുടെയും നിറക്കാഴ്ചകളിൽ ഒന്നുചേർന്ന് അവർ ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. അങ്കണവാടി ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്നലെയായിരുന്നു പ്രവേശനോത്സവം. അദ്ധ്യാപകരുടെയും പി.ടി.എ കമ്മിറ്റികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കുട്ടികളെ ബലൂണുകൾ നൽകിയും മധുരം നൽകിയും സ്വീകരിച്ചു. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷമാണ് ജില്ലാതലങ്ങളിൽ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
കാൽ ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിൽ
ഇത്തവണ ഒന്നാം ക്ലാസിലേക്ക് എയ്ഡഡ്, അൺ എയ്ഡഡ്, സർക്കാർ സ്കൂളുകളിലായി ജില്ലയിൽ കാൽ ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്.
വർണാഭമായി ജില്ലാ പ്രവേശനോത്സവം
വർണാഭമായ ഘോഷയാത്രയ്ക്ക് ശേഷം പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ച സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം തത്സമയം പ്രദർശിപ്പിച്ചു. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ഡോ. എൻ.ജെ.ബിനോയ് പദ്ധതി വിശദീകരണം നടത്തി. പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
വിദ്യാഭ്യാസ രംഗത്തിന്റെ അലകും പിടിയും മാറി
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കേരള വിദ്യാഭ്യാസ രംഗത്തിന്റെ അലകും പിടിയും മാറിയ അനുഭവങ്ങൾ ഏത് വിദ്യാലയത്തിലെത്തിയാലും കാണാം. വിദ്യാഭ്യാസം കേവലം പരീക്ഷയ്ക്ക് മാർക്ക് വാങ്ങാൻ കുട്ടികളെ പ്രേരിപ്പിക്കേണ്ട അടിത്തറയല്ല. മറിച്ച് സമൂഹത്തിൽ വിവേകത്തോടെയും വിവരത്തോടെയും വിജ്ഞാനത്തോടെയും വിവേചനരഹിതമായും ഇടപെടാൻ കഴിയുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കാനുള്ള അടിസ്ഥാനപരമായ ധാരണയാണെന്ന് തിരിച്ചറിയാൻ കഴിയണം.
-മന്ത്രി കെ.രാജൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |