തൃശൂർ : അന്തിക്കാടിന്റെ പടിഞ്ഞാറൻ മേഖലയായ മുറ്റിച്ചൂർ മുതൽ കണ്ടശാംകടവ് വരെ നീളുന്ന മേഖലയിൽ മിനിമം കൂലിക്കായി ആരംഭിച്ച കരിക്കൊടി സമരം ഏഴ് പതിറ്റാണ്ടിന്റെ സുവർണ ശോഭയിൽ. എഴുപത് വർഷം പിന്നിടുമ്പോൾ സി.പി.ഐയുടെ മണ്ഡലം സമ്മേളനത്തിന് കൂടി കരിക്കൊടി സാക്ഷിയാകും. തൊണ്ട് തല്ലുന്നവർക്ക് ഒരു രൂപ രണ്ടണയും തൊണ്ട് കുഴിയിൽ നിന്നെടുക്കുന്നവർക്ക് രണ്ട് രൂപ എട്ടണയുമായിരുന്നു നിയമാനുസൃത കൂലി. എന്നാൽ മിനിമം കൂലിയുടെ പകുതിയാണ് ലഭിച്ചിരുന്നത്. ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. രണ്ടായിരത്തോളം തൊഴിലാളികളാണുണ്ടായിരുന്നത്. ഭൂരിഭാഗവും സ്ത്രീകൾ. ഇതേത്തുടർന്നാണ് കെ.എ.ദേവസി, കെ.കെ.പുഷ്പാംഗദൻ എന്നിവരുടെ നേതൃത്വത്തിൽ ചകിരി തൊഴിലാളി യൂണിയൻ രൂപീകരിച്ചത്. ഇതോടെ നിരവധി പേരെ പിരിച്ചുവിട്ടു. തുടർന്ന് സമരം ശക്തി പ്രാപിച്ചു. അടിച്ചമർത്താൻ നോക്കിയതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നേതൃത്വം സമരമേറ്റെടുത്തു. ഏറെ ചർച്ചകൾക്ക് ശേഷമാണ് സമരത്തിന് തിരശീല വീണത്.
വ്യത്യസ്തം സമര രീതി
ചകിരി കളത്തിലിറങ്ങി മൂടിയിട്ടിരിക്കുന്ന ചകിരി എടുത്ത് തല്ലലായിരുന്നു സമര രൂപം. ഓരോ ദിവസവും മൂന്ന് ബാച്ചിലായി 24 പേർ സമരത്തിൽ പങ്കെടുത്തു. 255 പുരുഷന്മാരും 163 സ്ത്രീകളും അന്ന് പ്രതികളായി ജയിലിൽ അടക്കപ്പെട്ടു.
സമരനേതാക്കൾ ജീവിച്ചിരിക്കുന്നവർ
കാരണത്ത് ഹൈമാവതി (90), നെല്ലിപറമ്പിൽ ലീല (84), ചക്കമ്പി തങ്ക (88), വല്ലത്തുപറമ്പിൽ കാർത്തികേയൻ (93), കല്ലിങ്ങൽ ലക്ഷ്മി (87) , വല്ലത്തുപറമ്പിൽ സരോജിനി (85), കുറുങ്ങംപറമ്പിൽ ശങ്കരനാരായണൻ (88), ആലപ്പുഴ തങ്ക (89), തെക്കിനിയേടത്ത് അയ്യപ്പൻ ശ്രീധരൻ (89) എന്നിവരാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നവർ. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോനെ നേരിൽ കണ്ട് നിവേദനം നൽകാൻ കരിക്കൊടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കാൽനടയായി യാത്ര ചെയ്ത അഞ്ച് പേരിൽ ഒരാളാണ് ഹൈമവതി. വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് 12 -ാം വയസിൽ ലീലയെ ജയിലിലടച്ചത്. കരിക്കൊടിയിൽ നടക്കുന്ന സി.പി.ഐ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നാളെ വൈകിട്ട് നാലിന് നടക്കുന്ന കരിക്കൊടി സ്മരണയിൽ ഇവരെ ആദരിക്കും.
"ജയിൽപ്പുള്ളി" സത്യൻ
ചിരുകണ്ടത്ത് സത്യന്റെ (70) ജനനം ജയിലിലായിരുന്നു. പൂർണ ഗർഭിണിയായിരിക്കെ സത്യന്റെ മാതാവായ ചിരുകണ്ടത്ത് നാരായണി കരിക്കൊടി സമരത്തിൽ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ടു. അവിടെ വച്ചായിരുന്നു സത്യന് ജന്മം നൽകിയത്. ജയിലിൽ ജനിച്ചത് കൊണ്ട് ജയിൽപ്പുള്ളി എന്ന പേരിലാണ് നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത്.
അടിച്ചമർത്തലിനെതിരെയും അർഹതപ്പെട്ട അവകാശങ്ങൾക്കായും കമ്മ്യുണിസ്റ്റ് പാർട്ടി അന്തിക്കാടിന്റെ മണ്ണിൽ നടത്തിയ ഐതിഹാസികമായ സമരചരിത്രങ്ങൾ ഇന്നും ജ്വലിക്കുന്ന ഓർമകളാണ്.
വി.എസ്.സുനിൽ കുമാർ
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |