തൃശൂർ: കോർപറേഷൻ ഓഫീസ് വളപ്പിലെ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനത്തെ ചൊല്ലി തർക്കം. പാർക്കിംഗ് സംവിധാനത്തിന് ബലം പോരെന്നും മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും ആരോപിച്ച് കോൺഗ്രസ് റീത്ത് വച്ച് പ്രതിഷേധിച്ചപ്പോൾ പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും ഏത് അന്വേഷണവും നേരിടാമെന്നുമുള്ള നിലപാടിലാണ് ഭരണപക്ഷം. ബേസ്‌മെന്റിൽ നിന്നും കാറുകളെ ഉയരത്തിലുള്ള നിശ്ചിത സ്ഥാനത്തേക്ക് എത്തിക്കുന്ന ലിഫ്ടിന്റെ കമ്പികൾ ബലമില്ലായ്മ മൂലം വളയുകയും ചിലത് ഒടിയുകയും ചെയ്തിരുന്നു.
കാറുകൾ ലിഫ്ടിൽ നിറുത്തിയിടുന്ന ഭാഗത്തെ കമ്പികളാണ് വളഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിനു ശേഷം ഇവിടേക്ക് കാറുകൾ കയറ്റിയിരുന്നില്ല. വളഞ്ഞ കമ്പികൾ ശരിയാക്കാനായി വെൽഡിംഗ് ആരംഭിച്ചതോടെയാണ് പുറത്തറിഞ്ഞത്. ഇതോടെ രാജൻ ജെ.പല്ലന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഇന്നലെ രാവിലെ വെൽഡിംഗിന് ശേഷം കുഴപ്പങ്ങളൊന്നുമില്ലെന്ന് കാണിക്കാൻ ഓട്ടോമാറ്റിക് മൾട്ടിലെവൽ പാർക്കിംഗിൽ കാറുകൾ കയറ്റിത്തുടങ്ങിയിരുന്നു. എന്നാൽ ഉച്ചയോടെ കോർപറേഷൻ ഇലക്ട്രിക്കൽ സെക്ഷനിലേക്ക് എത്തിയ പോളികാബ് കമ്പനി പ്രതിനിധിയായ കാക്കനാട് സ്വദേശി ജിതിന്റെ സ്വിഫ്റ്റ് കാറും ഉച്ചയോടെ ആധുനിക പാർക്കിംഗ് സമുച്ചയത്തിൽ കുടുങ്ങി.
'തിങ്കളാഴ്ച സംഭവം'
കോർപറേഷന് വേണ്ടി കരാറിൽ ഓടുന്ന ഒരു മാരുതി സ്വിഫ്റ്റ് കാറും കോർപറേഷൻ ജീവനക്കാരുടെ ഹോണ്ട സിറ്റി, വാഗ്‌നർ എന്നീ കാറുകളുമാണ് തിങ്കളാഴ്ച പാർക്കിംഗ് സംവിധാനത്തിൽ കുടുങ്ങിയത്. ഉച്ചയ്ക്ക് ഒന്നരയോടെ തകരാറിലായതിനെ തുടർന്ന് സ്വിഫ്റ്റ്, ഹോണ്ട സിറ്റി കാറുകൾ താഴേക്ക് ഇറക്കിയെങ്കിലും ഏറ്റവും മുകളിലായിരുന്ന വാഗ്‌നർ ഇറക്കാനായിരുന്നില്ല. ബേസ്‌മെന്റ് ലിഫ്ടിലെ വളഞ്ഞ കമ്പികളിൽ നിറുത്തി കാർ താഴേക്കിറക്കുമ്പോൾ വശങ്ങളിലുള്ള ഇരുമ്പ് തൂണുകളിൽ തട്ടി കേടുപാട് സംഭവിക്കുമോയെന്നതായിരുന്നു ആശങ്ക. പിന്നീട് കരാർ കമ്പനി അധികൃതരെത്തിയാണ് വൈകിട്ടോടെ വാഗ്‌നർ കാർ താഴേക്ക് എത്തിച്ചത്. ഈ വാർത്ത പരന്നതോടെ കോർപ്പറേഷൻ ജീവനക്കാർ ആരും പാർക്കിംഗ് സംവിധാനത്തിൽ കാറുകൾ നിറുത്തുന്നില്ല.
ചെലവ് ഒരു കോടി, 12 കാറുകൾക്ക് പാർക്കിംഗ്
കഴിഞ്ഞ ഡിസംബറിലാണ് കോർപ്പറേഷൻ ഓഫീസ് വളപ്പിലെ ഓട്ടോമാറ്റിക് മൾട്ടി ലെവൽ പാർക്കിംഗ് തുറന്നത്. ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച സംവിധാനം നിർമ്മാണശേഷം തുറക്കുന്നതിലും അഞ്ചുമാസത്തിലേറെ വൈകിയിരുന്നു. 12 കാറുകൾ നിറുത്തിയിടാൻ സൗകര്യമുണ്ട്.
തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഡിസംബറിൽ ഉദ്ഘാടനം ചെയ്തിട്ടും 15 ദിവസങ്ങൾക്ക് മുൻപാണ് പൊതുജനങ്ങൾക്കായി തുറന്നത്. ബലക്ഷയമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ സിവിൽ എൻജിനിയറാണോ എന്നായിരുന്നു ചോദ്യം. സാധാരണക്കാരുടെ ജീവൻ വച്ചാണ് കോർപറേഷന്റെ കളി.
- രാജൻ ജെ.പല്ലൻ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ്
രണ്ടുദിവസങ്ങളായി പെയിന്റിംഗ് കാരണം പ്രവർത്തിച്ചിരുന്നില്ല. ഇന്ന് മുതൽ കയറ്റിത്തുടങ്ങി. കോർപറേഷനിൽ വികസനങ്ങൾ വരുമ്പോൾ അസൂയ പൂണ്ട് ആരോപണം ഉന്നയിക്കുകയാണ്. വിഷയദാരിദ്ര്യമാണ്. ബലക്കുറവ് പറയുന്നവർക്ക് സ്റ്റബിലിറ്റി പരിശോധന നടത്താം.
എം.കെ.വർഗീസ്,
മേയർ
പോളികാബ് എന്ന കമ്പനിയിലെ ജീവനക്കാരനാണ്. ഇലക്ട്രിക്കൽ സെക്ഷനിലേക്ക് ഉച്ചയ്ക്ക് രണ്ടരയോടെ എത്തിയതാണ്. പാർക്കിംഗിന് സ്ലോട്ട് കിട്ടാതെ വന്നപ്പോഴാണ് സെക്യൂരിറ്റിയുടെ നിർദ്ദേശപ്രകാരം മൾട്ടി ലെവൽ പാർക്കിംഗിൽ എന്റെ സ്വിഫ്റ്റ് കാർ നിറുത്തിയത്. കാര്യം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ കാർ എടുക്കാൻ കഴിയാതായി.
-ജിതിൻ,കാക്കനാട് സ്വദേശി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |