തൃശൂർ: വിമാനത്താവളം മാതൃകയിൽ തൃശൂർ റെയിൽ സ്റ്റേഷൻ നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് മാസങ്ങളായിട്ടും പ്രവൃത്തികൾ എങ്ങുമെത്തിയില്ല. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ 103 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്ന പദ്ധതിക്കൊപ്പമാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തൃശൂരിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്. 394 കോടി രൂപ ചെലവഴിച്ച് വിവിധ പ്രവൃത്തികൾ നടത്തുമെന്നായിരുന്നു വാഗ്ദാനം.
ആദ്യം ടെൻഡർ വിളിച്ചെങ്കിലും വീണ്ടും പ്രവൃത്തികളിൽ മാറ്റം വരുത്തി റീടെൻഡർ വിളിച്ചിരിക്കുകയാണിപ്പോൾ. ഇതോടൊപ്പം ആരംഭിച്ച കൊല്ലം ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ നിർമ്മാണം പകുതിയോളം പിന്നിട്ടപ്പോഴും ഇവിടെ പ്രാരംഭ നടപടികൾ പോലും തുടങ്ങിയിട്ടില്ല. 11 കോടി രൂപ ചെലവിലാണ് ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് പദ്ധതിയിട്ടിരുന്നത്.
വീർപ്പുമുട്ടലിൽ തൃശൂർ
അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വീർപ്പുമുട്ടലിലാണ് പ്രധാന ജംഗ്ഷനായ തൃശൂർ. ഗുഡ്‌സ് ഉൾപ്പെടെ നിത്യേന 160 ഓളം ട്രെയിനുകൾ ഇതുവഴി ഓടുന്നുണ്ട്. 24 എൽ.എച്ച്.ബി കോച്ചുകളുള്ള അഞ്ച് ട്രെയിനുകൾക്ക് നിറുത്തിയിടാനുള്ള സൗകര്യമെങ്കിലും വേണമെന്നിരിക്കെ രണ്ട് എൽ.എച്ച്.ബി ട്രെയിനുകൾക്ക് നിറുത്താനുള്ള സൗകര്യവും മറ്റ് രണ്ട് സാധാരണ പ്ലാറ്റ്‌ഫോമുകളുമാണുള്ളത്. ഇതിൽ തന്നെ നാലാം പ്ലാറ്റ്‌ഫോമിന് മേൽക്കൂര പോലുമില്ല.
തൃശൂരിൽ ഒരുക്കുന്ന സൗകര്യങ്ങൾ
300ലേറെ കാറുകൾക്കുള്ള മൾട്ടിലെവൽ പാർക്കിംഗ്.
റിസർവേഷൻ ഉൾപ്പെടെ 11 ടിക്കറ്റ് കൗണ്ടറുകൾ.
കാൽനട, സൈക്കിൾ യാത്രികർക്കും വാഹനങ്ങൾക്കുമായി പ്രത്യേകം പാതകൾ.
വിശാലമായ കാത്തിരിപ്പ് ഹാൾ.
ഭിന്നശേഷി സൗഹൃദ അന്തരീക്ഷം.
ജീവനക്കാർക്ക് അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സ്.
ട്രാൻസ്‌പോർട്ട് സ്റ്റാൻഡിന്റെ പടിഞ്ഞാറ് പുതിയ പ്രവേശന കവാടം.
വീതിയേറിയ രണ്ട് നടപ്പാലങ്ങൾ, ലിഫ്ടുകൾ, എസ്‌കലേറ്ററുകൾ, ബഡ്ജറ്റ് ഹോട്ടൽ, വിവിധ വാണിജ്യ സ്ഥാപനങ്ങൾ.
എപ്പോഴാ, ഗുരുവായൂർ ട്രെയിൻ ?
ഗുരുവായൂരിൽ നിന്നും വൈകിട്ട് 5.10ന് തൃശൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ നിറുത്തിയിട്ട് അഞ്ചുവർഷം കഴിഞ്ഞിട്ടും പുനരാരംഭിച്ചിട്ടില്ല. കൊവിഡ് കാലത്താണ് നിറുത്തിയത്. വൈകിട്ട് 5.10ന് തൃശൂരിലേക്ക് ഏറെ യാത്രക്കാരുമായി വരുന്ന ട്രെയിൻ 6.55ന് തിരിച്ച് ഗുരുവായൂരിലേക്കും തിങ്ങിനിറഞ്ഞാണ് പോയിരുന്നത്. ഉച്ചയ്ക്ക് 1.30ന് എറണാകുളത്തേക്കുള്ള പാസഞ്ചർ കഴിഞ്ഞാൽ രാത്രി 11.20 വരെ ഗുരുവായൂരിൽ നിന്ന് പുറത്തേക്ക് ട്രെയിൻ ഇല്ല. പാസഞ്ചർ ട്രെയിൻ വീണ്ടും ആരംഭിക്കാൻ യാതൊരു നീക്കവും നടക്കുന്നില്ലെന്നതിൽ ദേവസ്വം ജീവനക്കാരും ഭക്തരും മറ്റ് സർക്കാർ ജീവനക്കാരുമെല്ലാം നിരാശയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |