തൃശൂർ: സ്വർണവില കുതിച്ച് ഉയർന്നതോടെ ആഭരണ നിർമ്മാണത്തിനായി കൊണ്ടുപോകുന്ന സ്വർണം കവർന്നെടുക്കാൻ ക്വട്ടേഷൻ സംഘങ്ങൾ. പതിറ്റാണ്ടുകൾക്കു മുൻപ് യാതൊരു സുരക്ഷയുമില്ലാതെ സ്വർണം കൊണ്ടുപോകുന്ന രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഇതാണ് കവർച്ചയ്ക്ക് വഴിവെക്കുന്നത്. പല കേസുകളിലും കവർച്ച ചെയ്ത സ്വർണം കണ്ടെടുക്കുന്നത് ഏറെ ശ്രമകരമാണ്. പ്രതികൾ പിടിയിലായാലും ഭൂരിഭാഗം കേസുകളിലും സ്വർണം മുഴുവനും തിരികെ ലഭിക്കാറില്ല.
2023 ൽ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മൂന്നു കിലോഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ 19 പേർ അറസ്റ്റിലായെങ്കിലും കണ്ടെടുത്തത് മുക്കാൽ കിലോഗ്രാം സ്വർണമാണ്. ഭൂരിഭാഗം സ്വർണക്കവർച്ചാകേസുകളിലും സ്ഥിതി വ്യത്യസ്തമല്ല. 9 മാസം മുൻപ് പട്ടിക്കാടിനു സമീപം കാർ ആക്രമിച്ചു രണ്ടരക്കിലോ സ്വർണം കവർന്ന സംഭവത്തിൽ വീണ്ടെടുക്കാൻ പൊലീസിനു കഴിഞ്ഞത് 400 ഗ്രാം സ്വർണമാണ്. കോയമ്പത്തൂരിൽ നിന്നു സ്വർണവുമായി വന്ന കാറാണ് ആക്രമിക്കപ്പെട്ടത്. അവസാനമായി ശനിയാഴ്ച നടന്ന കവർച്ചയിൽ കോയമ്പത്തൂർ ദേശീയപാതയിൽ ലോറി കുറുകെയിട്ട് 1.25 കിലോഗ്രാം സ്വർണവും 60,000 രൂപയുമാണ് കവർന്നത്.
ഉരുക്കിയ സ്വർണം രൂപം മാറ്റും
കവർച്ചക്കാർ അയൽ സംസ്ഥാനങ്ങളിലേക്ക് നിരവധി ഇടനിലക്കാരിലൂടെയാണ് സ്വർണം കൈമാറുന്നത്. ആഭരണങ്ങൾ ഉടൻതന്നെ ഉരുക്കി രൂപം മാറ്റുകയും ചെയ്യും. സ്വർണം കൊണ്ടുപോകുമ്പോഴും വീടുകളിൽ സൂക്ഷിക്കുമ്പോഴും ജാഗ്രത പുലർത്തണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ് ഉണ്ടെങ്കിലും അശ്രദ്ധ തുടരുകയാണ്. കവർച്ചാ സംഘങ്ങൾ ആയുധങ്ങളുമായി ആക്രമിക്കുന്നതും പതിവാണ്. 2023 ൽ കൊക്കാലെയിൽ നിന്ന് മാർത്താണ്ഡത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നു കിലോ സ്വർണമാണ് കാറിലെത്തിയ ക്രിമിനൽ സംഘം കവർന്നത്. സ്വർണക്കടയിലെ മുൻ ജീവനക്കാരനായിരുന്നു ഇതിൽ ഒറ്റുകാരൻ.
ജാഗ്രത വേണം
കവർച്ചകളേറെയും മഴക്കാലത്ത് പതിവാണ്. അതുകൊണ്ടു തന്നെ ജാഗ്രത പുലർത്തണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. വാഹനങ്ങളിൽ സ്വർണാഭരണ നിർമ്മാണശാലകളിൽ നിന്നും പല ജ്വല്ലറികളിലേക്കുള്ള ആഭരണങ്ങൾ ജീവനക്കാർ ഒന്നിച്ചാണ് കൊണ്ടുപോകുന്നത്. ഇതിന്റെ അളവു കൂടുതലായിരിക്കുമെന്ന് തിരിച്ചറിഞ്ഞാണ് കവർച്ച കൂടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |