തൃശൂർ: ജില്ലയിൽ മഴ ശക്തമായതോടെ തീരമേഖലയിൽ ശക്തമായ കടലേറ്റം. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. വാടാനപ്പിള്ളി മേഖലയിൽ റോഡിലേക്ക് തിരമാലകൾ അടിച്ചു കയറി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കനോലി കനാൽ കരകവിഞ്ഞ് പല ഭാഗങ്ങളിലേയും നിരവധി വീടുകൾ വെള്ളത്തിലായി. നഗരത്തിൽ പെരിങ്ങാവ് മേഖലയിൽ വെള്ളം ഉയർന്ന് തുടങ്ങി. അതേ സമയം ഇന്നലെ ഉച്ച മുതൽ മഴയ്ക്ക് അൽപ്പം ശമനം ലഭിച്ചത് ആശ്വാസമായി. ജില്ലയിൽ നാലു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
കൊടുങ്ങല്ലൂരിൽ എറിയാട് മുതൽ മതിലകംവരെയും കടലാക്രമണം രൂക്ഷമാണ്. ശ്രീനാരായണപുരം പഞ്ചായത്തിന്റെ തീരപ്രദേശത്ത് കടലാക്രമണത്തിൽ ചെളിയും മണലും ഉൾപ്പെടെ ജനവാസ മേഖലയിൽ അടിച്ച് കയറി. എറിയാട് പഞ്ചായത്തിൽ മണപ്പാട്ട്ചാൽ,ലൈറ്റ് ഹൗസ് പ്രദേശങ്ങളിലും കടൽകയറി. പല വീട്ടുകാരും ബന്ധുവീടുകളിലേക്ക് താമസം മാറി. കടലാക്രമണത്തെ തുടർന്ന് തെങ്ങും മരങ്ങളും കടപുഴകി വീണു.
കൂടുതൽ വെള്ളാനിക്കരയിൽ
ഞായറാഴ്ച്ച രാവിലെയും തിങ്കളാഴ്ച്ച രാവിലെയും മുതലുള്ള കണക്ക് പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വെള്ളാനിക്കരയിൽ. 85.7 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ചാലക്കുടി (82.2), കൊടുങ്ങല്ലൂർ(60.2),കുന്നംകുളം(66),ഇരിങ്ങാലക്കുട(54), ഏനാമാക്കൽ(55.6), വടക്കാഞ്ചേരി(78) മില്ലി മീറ്റർ വീതം മഴ ലഭിച്ചു.
മഴ കുറവ് 1 %
ജൂൺ ഒന്ന് മുതൽ 16 വരെ ജില്ലയിൽ 378.9 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇന്നലെ വരെ 376.6 മില്ലിമീറ്റർ മഴ ലഭിച്ചു. ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണുള്ളത്.
ഡാമിലേക്ക് നീരൊഴുക്ക് കൂടി
മഴ ശക്തമായതോടെ ജില്ലയിലെ ഡാമുകളിലേക്ക് നീരൊഴുക്ക് വർദ്ധിച്ചു. വാഴാനി ഡാമിൽ ജലനിരപ്പ് 52.84 മീറ്ററായി. 62.48 മീറ്ററാണ് സംഭരണ ശേഷി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി സ്ലൂയിസ് വാൽവുകൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ചിമ്മിനി ഡാമിന്റെ ഇന്നലെ വരെയുള്ള ജലനിരപ്പ് 67.59 മീറ്ററായി. 78.40 മീറ്ററാണ് സംഭരണ ശേഷി. പീച്ചി ഡാമിലും ജലനിരപ്പ് ഉയർന്നു. മൊത്തം സംഭരണ ശേഷി 79.25 മീറ്ററാണ്. ഇന്നലെ ജലനിരപ്പ് 71.34 മീറ്ററായി. നേരത്തെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പൂമല ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |