തൃശൂർ: കേരളത്തിലെ പക്ഷി നിരീക്ഷണ കൂട്ടായ്മയായ 'കേരള ബേർഡ് മോണിറ്ററിംഗ്' 10 വർഷം പിന്നിടുമ്പോൾ, കണ്ടെത്തിയത് 559 ഇനം പക്ഷികളെ. നീരീക്ഷണത്തിൽ ഏഴ് ലക്ഷം പക്ഷി ലിസ്റ്റ് സമർപ്പിച്ചു. പക്ഷിനിരീക്ഷണ, സംരക്ഷണ പ്രവർത്തനങ്ങൾക്കായി സാധാരണക്കാരെ ഉൾപ്പെടുത്തിയുള്ള പൗരശാസ്ത്ര മാതൃകയിൽ കണ്ണികളായത് പതിനായിരത്തോളംപേർ. ആയിരത്തോളം പക്ഷിനിരീക്ഷകർ വഴി 3000ത്തിൽപ്പരം ഇടങ്ങളിൽ 'കേരള ബേർഡ് അറ്റ്‌ലസ്' എന്ന ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി ഭൂപടവും അഞ്ച് വർഷ കാലയളവിൽ പൂർത്തിയാക്കി. ചുറ്റുമുള്ള സാധാരണ പക്ഷികളെ നിരീക്ഷിക്കുന്ന 'കോമൺ ബേർഡ് മോണിറ്ററിംഗ് പ്രോഗ്രാം' വഴി ആവാസവ്യവസ്ഥയുടെ സൂചകങ്ങളായ പക്ഷികളെയും നിരീക്ഷിച്ചു. പഞ്ചായത്ത് തലത്തിൽ പക്ഷികളുടെ അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കാനും ഇത് സഹായകമായി. നിരവധി പഞ്ചായത്ത് - കോർപറേഷൻ തലങ്ങളിൽ പക്ഷികളുടെ പോസ്റ്ററുകൾ തയ്യാറാക്കി നൽകി. കൊറ്റില്ലങ്ങളുടെ ചിട്ടയായ നിരീക്ഷണം വഴി അവയുടെ സംഖ്യ, പ്രജനനം, നേരിടുന്ന ഭീഷണികൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരം ശേഖരിച്ചു. ഏഷ്യൻ നീർപ്പക്ഷി സെൻസസ് നടത്തുന്നതിലൂടെ നീർപ്പക്ഷികളുടെ സംഖ്യ, അവയുടെ ദേശാന്തരഗമന രീതികൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു.
കടൽപക്ഷികളുടെ കണക്കെടുക്കുന്നു
കടൽപ്പക്ഷികളുടെ കണക്കെടുപ്പിനും ദേശാന്തരഗമനത്തിനെക്കുറിച്ച് മനസ്സിലാക്കാനും പെലാജിക് ബേർഡ് സർവേ നടത്തിവരുന്നുണ്ട്. പരുന്തുകളെപ്പറ്റി മനസ്സിലാക്കാൻ 'റാപ്റ്റർ മോണിറ്ററിംഗും നടത്തുന്നു.
എണ്ണം കുറഞ്ഞു വരുന്ന തീരദേശ പക്ഷികളുടെ കണക്കെടുപ്പ് 'ബീച്ച് കോമ്പിംഗ്' വഴി നടത്തി. അവയുടെ സംരക്ഷണപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിവരങ്ങൾ ശേഖരിക്കാനും കഴിഞ്ഞു. അന്താരാഷ്ട്ര പ്രാധാന്യമുള്ള റാംസാർ തണ്ണീർത്തടങ്ങളുടെ പാരിസ്ഥിതിക സ്വഭാവവും ആരോഗ്യവും വിലയിരുത്താനായി റാംസാർ സൈറ്റ് മോണിറ്ററിംഗ് നടപ്പാക്കി. കേരള കാർഷിക സർവ്വകലാശാലയിലെ കാലാവസ്ഥ പരിസ്ഥിതി ശാസ്ത്ര കേളേജും, വനശാസ്ത്ര കേളേജും കേരള പക്ഷി നിരീക്ഷണ ശൃംഖലയും ചേർന്ന് 'പൗര ശാസ്ത്രത്തിലൂടെ പക്ഷി നിരീക്ഷണം: പരിവർത്തനത്തിന്റെ ഒരു ദശകം' എന്ന വിഷയത്തിൽ സെമിനാർ നടത്തിയിരുന്നു.
ചീഫ് വൈൽഡ് ലൈഫ് ഓഫീസർ പ്രമോദ് ജി.കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ബി.അശോക്, കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്.വാര്യർ, ഡോ. ആർ.എൽ.രതീഷ്, ജെ.പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.
എല്ലാ വനങ്ങളിലും കൃത്യമായി പക്ഷി സർവേകൾ നടത്തിവരുന്നുണ്ട്. പ്രതിസന്ധികളുണ്ടെങ്കിലും കടലിലും നിരീക്ഷണം തുടരും.
-ഡോ. പി.ഒ.നമീർ,
ഡീൻ, കാലാവസ്ഥ പരിസ്ഥിതി ശാസ്ത്ര കോളേജ്,
കേരള കാർഷിക സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |