തൃശൂർ : വായന നൽകിയ അറിവിൽ നിന്ന് തന്റെ കരൾ പകുത്ത് നൽകി മറ്റൊരു ജീവന് തുടിപ്പേകിയ കുറ്റുമുക്ക് വിളക്കത്തറ വീട്ടിൽ അജയൻ (44) വായനാദിനത്തിലും ജോലിയിൽ വ്യാപൃതനാണ്. രണ്ടര പതിറ്റാണ്ടിലേറെയായി തൃശൂർ പബ്ലിക് ലൈബ്രറിയിൽ അറ്റൻഡറാണ്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമകാലവും പൂർത്തിയാക്കി, പുസ്തകങ്ങളുടെ ലോകത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അദ്ദേഹം.
അടുത്ത ബന്ധുവിനായാണ് അജയൻ കരൾ പകുത്ത് നൽകിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ രാജഗിരി ആശുപത്രിയിലായിരുന്നു അജയന്റെ കരൾ ബന്ധുവായ പ്രീതിക്ക് ജീവനായി മാറിയത്. തുടർന്ന് മൂന്ന് മാസക്കാലം ആശുപത്രിക്ക് അടുത്തുതന്നെ വീടെടുത്ത് വിശ്രമിച്ചു. ഡോ.ബിജു ചന്ദ്രനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ലക്ഷങ്ങൾ ചെലവ് വന്ന കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് താങ്ങും തണലുമായി നാട്ടുകാർ ഒപ്പമുണ്ടായിരുന്നു.
ചികിത്സ പൂർത്തിയാക്കി കഴിഞ്ഞമാസമാണ് വീട്ടിലെത്തിയത്. അടുത്തിടെ വീണ്ടും തിരിച്ചെത്തി ജോലിയിൽ വ്യാപൃതനായി. 26 വർഷമായി തൃശൂർ പബ്ലിക് ലൈബ്രറിയിൽ ലൈബ്രറി അറ്റൻഡറായി ജോലി ചെയ്യുന്നു. ഉച്ചയ്ക്ക് 12 മുതൽ രാത്രി ഏഴ് വരെയാണ് ജോലി സമയം. തന്റെ ഡ്യൂട്ടിക്കിടയിലും ലൈബ്രറിയിലെ പുസ്തക വായനയിലും അജയൻ എപ്പോഴുമുണ്ട്.
ഇതിൽ നിന്ന് ലഭിച്ച അറിവും തനിക്ക് പ്രചോദനമായെന്ന് അജയൻ പറയുന്നു. ലൈബ്രറിയിലെ എല്ലാ ജീവനക്കാരുടെ പിന്തുണയും ലഭിച്ചു. ലൈബ്രറി ജോലിക്ക് പുറമേ കാറ്ററിംഗ് ജോലിയും ചെയ്താണ് കുടുംബം പുലർത്തുന്നത്. കരൾ മാറ്റം കഴിഞ്ഞതോടെ കാറ്ററിംഗ് ജോലിയിൽ പൂർണമായി സജീവമാകാൻ കഴിയുന്നില്ല. രാഗിയാണ് ഭാര്യ. വിദ്യാർത്ഥികളായ അനുരാഗ്, അനശ്വര എന്നിവരാണ് മക്കൾ. കുറ്റുമുക്ക് വിളക്കത്തറ ശങ്കരൻകുട്ടി നായരുടെയും സരോജിനിയുടെയും മകനാണ് അജയൻ.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചേച്ചിയായിരുന്നു പ്രീതി. അതുകൊണ്ട് അവർക്ക് കരൾ നൽകി ജീവൻ നിലനിർത്തണമെന്നത് ഉറച്ച തീരുമാനമായിരുന്നു. വൃക്ക ദാനം ചെയ്ത ഫാ.ചിറമ്മലിന്റെ പ്രവൃത്തിയും പ്രചോദനമായി.
അജയൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |