തൃശൂർ: കനത്ത മഴയിൽ ജലാശയങ്ങൾ മാലിനമായതോടെ എലിപ്പനി മരണങ്ങളും കൂടുന്നു. അഞ്ചുദിവസം മുൻപ് ആമ്പല്ലൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചിരുന്നു. 17 ന് ആറു പേർക്കാണ് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ഈ മാസം പന്ത്രണ്ടിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു.
വയലിൽ പണിയെടുക്കുന്നവർ, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ, മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന വ്യക്തികൾ തുടങ്ങിയവരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പനിയും മറ്റു രോഗലക്ഷണങ്ങളുമായോ ചികിത്സ തേടുമ്പോൾ മലിനജലവുമായി സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ പ്രത്യേകം അറിയിക്കണമെന്നാണ് മുന്നറിയിപ്പ്.
മഞ്ഞപ്പിത്തമായി തെറ്റിദ്ധരിക്കരുത്
എലിപ്പനി ബാധിച്ചവർക്ക് മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ കൂടി കാണിക്കുമെന്നുള്ളതിനാൽ മഞ്ഞപ്പിത്തം ആണെന്ന് തെറ്റിദ്ധരിച്ച് നാടൻ ചികിത്സകൾ ചെയ്യുന്നത് അപകടകരമാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടാൻ ശ്രദ്ധിക്കണം. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശി വേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ് എന്നിങ്ങനെ മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കണ്ടേക്കാം.
മൃഗങ്ങളെ ശ്രദ്ധിക്കണം
എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രവും വിസർജ്യങ്ങളും വഴി പകരുന്ന രോഗമാണ് എലിപ്പനി. ഇവയുടെ മൂത്രവും വിസർജ്യവും വഴി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ എത്തിയാണ് രോഗം ഉണ്ടാവുന്നത്.
ഭക്ഷണസാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകർഷിക്കാതിരിക്കുക, എലി നശീകരണത്തിന് കൂട്ടായ നടപടികൾ എടുക്കുക, പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മലമൂത്രാദികൾ വ്യക്തിസുരക്ഷയോടെ കൈകാര്യം ചെയ്യുക, സംഭരണ ടാങ്കുകളിലെ ജലത്തിൽ എലിക്കാഷ്ഠം, മൂത്രം എന്നിവ വീഴുന്നില്ലെന്ന് ഉറപ്പുവരുത്തണം.
കെട്ടിക്കിടക്കുന്ന ജലത്തിൽ കുട്ടികൾ വിനോദത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുന്നത് ഒഴിവാക്കണം,
പ്രതിരാേധിക്കാം:
1. ശുചീകരണം, മൃഗപരിപാലനം നടത്തുന്നവർ കട്ടിയുള്ള ഗംബൂട്ടുകൾ കൈയുറകൾ ധരിക്കണം.
2. കൈകാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവുള്ളവർ ഉണങ്ങുന്നതുവരെ ഈ ജോലികളിൽ ഏർപ്പെടരുത്.
3. ആന്റിസെപ്റ്റിക് ഓയിന്റ്‌മെന്റ് വച്ച് മുറിവ് ഡ്രസ്സ് ചെയ്തശേഷം ഗംബൂട്ടുകളും കൈയുറകളും ധരിക്കണം.
4. ജോലി കഴിഞ്ഞുവന്ന് വീണ്ടും അതുപോലെ ഡ്രസ്സ് ചെയ്യണം.
5. എലിപ്പനിപ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിൻ ഗുളികകൾ കഴിക്കുക.
6. കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ പ്രത്യേക കുഴിയിലേക്ക് ഒഴുക്കുക
7. ആഹാരവും കുടിവെള്ളവും വിസർജ്യ വസ്തുക്കൾ വീണ് മലിനമാകാതിരിക്കാൻ എപ്പോഴും മൂടിവയ്ക്കുക.
ജില്ലയിൽ എലിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എലിപ്പനിക്കെതിരെ പ്രത്യേകം ജാഗ്രത പുലർത്തണം.
ഡോ. ടി.പി. ശ്രീദേവി
ജില്ല മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |