കൊടുങ്ങല്ലൂർ: വിപണിയിൽ മറ്റ് പഴവർഗ്ഗങ്ങൾക്ക് വില വർദ്ധിക്കുമ്പോഴും മാറ്റമില്ലാതെ തുടരുന്ന നേന്ത്രപ്പഴ വിലയിൽ കർഷകർക്ക് ആശങ്ക. ഉപഭോക്താക്കൾക്ക് വിലക്കുറവ് ആശ്വാസമാണെങ്കിലും കൃഷിച്ചെലവ് പോലും തിരിച്ചുപിടിക്കാനാകാതെ പ്രതിസന്ധിയിലാണ് കർഷകർ.
കഴിഞ്ഞ ആറുമാസമായി ചില്ലറ വിപണിയിൽ കിലോയ്ക്ക് 40 രൂപയാണ് വില. മുൻപ് 85 മുതൽ 90 രൂപ വരെയായിരുന്നു വില.
നല്ല നേന്ത്രക്കായയ്ക്ക് ഇന്നലെ മാർക്കറ്റിൽ 23-24 രൂപയായിരുന്നു മൊത്ത വില. ഒന്നാം തരത്തിന് വില കൂടുതലുണ്ട്. രണ്ടാം തരം നേന്ത്രക്കായ കുറഞ്ഞ വിലയ്ക്കും ലഭിക്കും. കുറഞ്ഞ വിലയ്ക്ക് ചിപ്‌സ് വിൽക്കുന്ന ചെറുകിട വ്യാപാരികളാണ് ഇത്തരം കായ വാങ്ങുക. ജൈവ കൃഷിയിൽ ഒരുക്കിയ നാടൻ നേന്ത്രക്കായയ്ക്ക് 40 മുതൽ 45 രൂപ വരെയാണ് മൊത്തവില. പൂവൻ പഴം, ഞാലിപ്പൂവൻ, മൈസൂർ പഴം, പാളയംകോടൻ പഴം, റോബസ്റ്റ എന്നിവയ്ക്കും വില ഉയരുന്നുണ്ട്.
വില കുറയാൻ മൂന്നുകാര്യങ്ങൾ
തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ ഉല്പാദനം വർദ്ധിച്ചത്
അന്യസംസ്ഥാനങ്ങളിൽനിന്ന് വൻതോതിലുള്ള കായ ഇറുക്കുമതി
അനുകൂലമായ കാലാവസ്ഥയും നാട്ടിലെ ഉത്പാദന വർദ്ധനവും
മാർക്കറ്റിൽ ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന മേട്ടുപ്പാളയം നേന്ത്രക്കായ നാടൻ നേന്ത്രക്കായയോട് കിടപിടിക്കുന്നതും സ്വാദിഷ്ടവുമാണ്.
പി.ടി. സാബു
കോട്ടപ്പുറം മാർക്കറ്റിലെ കായ വിൽപ്പനക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |