
വടക്കാഞ്ചേരി: വിസ്മയക്കാഴ്ചകളൊരുക്കി ഉത്രാളിക്കാവ് പൂരം പെയ്തിറങ്ങി. എഴുന്നള്ളിപ്പിന് എങ്കക്കാട്, കുമരനെല്ലൂർ ദേശങ്ങളുടെ 11 വീതം ആനകളും വടക്കാഞ്ചേരിയുടെ ഏഴ് ആനകളും അണിനിരന്നു. ഇന്നലെ രാവിലെ 11ന് നാഗസ്വരത്തോടു കൂടി എങ്കക്കാട് ദേശത്തിന്റെ പൂരം ആരംഭിച്ചു. തുടർന്ന് കുനിശ്ശേരി അനിയൻ മാരാരുടെ നേതൃത്വത്തിൽ നടപ്പുര പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് നടന്നു. ഉച്ചതിരിഞ്ഞ് ശ്രീമൂലസ്ഥാനത്ത്പറയെടുപ്പിന് ശേഷം കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ നടന്ന പാണ്ടിമേളം അരങ്ങേറി. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. കുമരനെല്ലൂർ ഉച്ചയ്ക്ക് രണ്ടിന് പഞ്ചവാദ്യത്തിന് തുടക്കംകുറിച്ചു. തുടർന്ന് എഴുന്നള്ളിപ്പ്, കുടമാറ്റം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടന്നു. പുതുപ്പള്ളി കേശവൻ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാരും, മേളത്തിന് വെള്ളിതിരുത്തി ഉണ്ണിനായരും പ്രമാണിമാരായി.
ഉച്ചയ്ക്ക് 12ന് കരുമരക്കാട് ശിവ-വിഷ്ണു ക്ഷേത്രത്തിലെ നടപ്പുരയിൽ പുകൾപെറ്റ പഞ്ചവാദ്യത്തോടെയാണ് വടക്കാഞ്ചേരി ദേ ശത്തിൻ്റെ പൂരച്ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് സംസ്ഥാനപാതയിലേക്ക് പ്രവേശിച്ച എഴുന്നള്ളിപ്പിന് രണ്ട് സായുധ പൊലീസ് ഓഫീസർമാർ അകമ്പടിയായി. ഊക്കൻസ് കുഞ്ചു തിടമ്പേറ്റി. വെെകിട്ട് നാലോടെ ഉത്രാളിക്കാവിലെത്തി. മേളത്തിനുശേഷം വെടിക്കെട്ട് നടന്നു. തുടർന്ന് കുടമാറ്റം, കൂട്ടി എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായി. പഞ്ചവാദ്യത്തിന് വൈക്കം ചന്ദ്രൻ മാരാരും മേളത്തിന് പെരുവനം കുട്ടൻ മാരാരും പ്രമാണിമാരായി.
ഇന്ന് പുലർച്ചെ നടപ്പുര പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് നടക്കും. തുടർന്ന് 4.45ന് കുമരനെല്ലൂർ ദേശം വെടിക്കെട്ട് നടത്തും. രാവിലെ ആറിന് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണിത്വത്തിൽ പാണ്ടിമേളം, കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം എങ്കക്കാടിൻ്റെ സവിശേഷ ചടങ്ങായ പൊങ്ങലിടിയാണ്. എങ്കക്കാട് ഒരുക്കുന്ന ഈട് വെടിയോടെ പൂരച്ചടങ്ങളുകൾ സമാപിക്കും.
വടക്കാഞ്ചേരിയിൽ കനത്ത മഴ
വടക്കാഞ്ചേരി: വെടിക്കെട്ടിന് മണിക്കൂറുകൾക്ക് മുമ്പ് മഴ പെയ്തത് ആശങ്ക സൃഷ്ടിച്ചു. ഇന്നലെ വൈകീട്ട് ഏഴോടെ കൂട്ടിയെഴുന്നള്ളിപ്പ് കഴിഞ്ഞ ഉടൻ ഇടിവെട്ടും, മിന്നലും പിന്നാലെ ശക്തമായ മഴയും പെയ്യുകയായിരുന്നു. വെടിക്കെട്ടിനുള്ള ഒരുക്കം പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത മഴ പെയ്തു. പാടശേഖരങ്ങളിൽ രാത്രിയിലും വെള്ളം കെട്ടി നിൽക്കുകയാണ്.
വെടിക്കെട്ട് അവശിഷ്ടങ്ങൾ വീണ് പരിക്ക്
വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം പകൽ വെടിക്കെട്ടിനിടെ കോറയും കല്ലും പതിച്ച് രണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്ക്. വടക്കാഞ്ചേരി വിഭാഗം വെടിക്കെട്ടിനിടെയാണ് പരിക്കേറ്റത്. പനങ്ങാട്ടുകര, പാർളിക്കാട്, ചരൽ പറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പരിക്കേറ്റവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |