SignIn
Kerala Kaumudi Online
Wednesday, 25 February 2026 3.55 AM IST

വന്യമൃഗങ്ങളെ കാടുകേറ്റാൻ, കാട് കേറുന്നൊരാൾ..!

Increase Font Size Decrease Font Size Print Page
photo-

  • ആയിരത്തിലേറെ മരങ്ങൾ നട്ട പെട്ടി ഓട്ടോ ഡ്രൈവറുടെ കഥ

ചെറുതുരുത്തി: ഭക്ഷണം തേടി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്ന ഇക്കാലത്ത് കാട് കയറുകയാണ് വിജയൻ. കാടുകളിൽ വിത്ത് വിതറുക, ഫലവൃക്ഷ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നിവയാണ് ചെറുതുരുത്തി നെടുമ്പുര പറക്കുന്നത് വീട്ടിൽ വിജയന്റെ (57) ലക്ഷ്യം. കാട്ടിലെ മൃഗങ്ങൾക്ക് തീറ്റയ്ക്ക് ഉതകുന്ന മരങ്ങൾ നട്ട് നാട്ടിലിറങ്ങുന്ന മൃഗങ്ങളെ കാടുകയറ്റാനുള്ള ദൗത്യവും വിജയൻ ഏറ്റെടുത്തിരിക്കുന്നു.
പ്രകൃതിയെ സംരക്ഷിക്കാൻ സ്‌കൂൾ കാലം മുതലേ മരം നട്ടു തുടങ്ങിയതാണ് വിജയൻ. ഏകദേശം നാല് പതിറ്റാണ്ടോളമായി ആയിരക്കണക്കിന് മരങ്ങൾ നട്ടു. ചെറുതുരുത്തി കൊച്ചിൻ പാലം മുതൽ വാഴക്കോട് വരെയും ചെറുതുരുത്തി മുതൽ ദേശമംഗലം വരെയും വഴിയോരത്തെ 90 ശതമാനം വലിയ മരങ്ങളും ഇതിൽപെടും. സമീപത്തെ സ്‌കൂളുകൾ, കലാമണ്ഡലം, ആശുപത്രികൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളെല്ലാം തണലറിയുന്നത് വിജയന്റെ പ്രയത്നത്താലാണ്. പെട്ടി ഓട്ടോ ഓടിക്കലാണ് വിജയന്. ഈ ഓട്ടത്തിനിടയിൽ നടാനുള്ള വിത്തും നട്ട മരങ്ങളിൽ ഒഴിക്കാനുള്ള വെള്ളവും കരുതും. നടുന്ന ഓരോ മരത്തിന് സമീപവും സുഷിരമുള്ള കുപ്പി കെട്ടി തൂക്കി അതിൽ വെള്ളം നിറയ്ക്കും. നാമ്പിടും വരെ വെള്ളമൊഴിക്കും. കൃഷി വകുപ്പിൽ നിന്നും ലഭിക്കുന്ന വിത്തും സ്വയം ശേഖരിച്ചവയുമെല്ലാം നടും. മാവ്, പ്ളാവ്, മദ്രാസ് മരം, പുളി മരം എന്നിങ്ങനെയുള്ള മരങ്ങളാണ് ഇപ്പോൾ നടുന്നത്.

റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായും പുതിയ കെട്ടിട നിർമ്മാണത്തിനായും മറ്റും നട്ടതിൽ കാൽ ഭാഗത്തോളമെങ്കിലും മരങ്ങൾ നശിപ്പിക്കപ്പെട്ടെന്ന് വിജയൻ പറയുന്നു. ഭാരതപ്പുഴയുടെ ഓരങ്ങളിൽ മുളകൾ, മണ്ണൊലിപ്പ് തടയാനും മറ്റുമായുള്ള മരങ്ങൾ എന്നിവ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പഠിക്കാൻ പഴയകാലത്തെ കൃഷി ഉപകരണങ്ങളും മറ്റ് ചരിത്ര പ്രാധാന്യമുള്ള വസ്തുക്കളും ശേഖരിച്ച് പ്രദർശനം നടത്തുന്നുണ്ട്.

പ്രകൃതിക്കായി പോരാട്ടം !

2000ൽ അക്കേഷ്യ, മാഞ്ചിയം, യൂക്കാലി തുടങ്ങിയവ കാടുകളിൽ നട്ടു പിടിപ്പിക്കുന്നതിനെതിരെ സമാന ചിന്താഗതിയുള്ള ആറോളം പേരെ ഉൾപ്പെടുത്തി കളക്ടറേറ്റിന് മുൻപിൽ സമരം നടത്തി. ചെറുതുരുത്തി സ്‌കൂളിലെ ഉൾപ്പെടെ വലിയ മുത്തശ്ശി മരങ്ങൾ നശിപ്പിക്കുന്നതിനെതിരെ നിരവധി നിയമപോരാട്ടം നടത്തി. ഇക്കാലയളവിൽ കൃഷിവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ഏറ്റുവാങ്ങി.

പുതുതലമുറയിൽ ഉള്ളവർ മരങ്ങൾ നട്ടുപിടിപ്പിക്കുക മാത്രമല്ല അവയെ സംരക്ഷിക്കുകയും വേണം. ഞാൻ മരിച്ചാലും മരങ്ങൾ പുതുതലമുറയ്ക്ക് തണലേകും

വിജയൻ.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.