ചാലക്കുടി: സിനിമയുടെ വെള്ളിവെളിച്ചത്തിലും നാടൻ പാട്ടുകളുടെ താളത്തിലും ചാലക്കുടിയുടെ മണ്ണും മണവും പകർന്ന കലാഭവൻ മണി വിടവാങ്ങിയിട്ട് പത്താണ്ട്. ദക്ഷിണേന്ത്യൻ സിനിമയിലെ തിരക്കുള്ള താരമായിരിക്കുമ്പോഴും നാടിനെയും നാട്ടാരെയും നെഞ്ചോട് ചേർത്തുപിടിച്ച കലാകാരന്റെ ഓർമ്മയിലാണ് ചാലക്കുടിക്കാർ. 2016 മാർച്ച് ആറിനായിരുന്നു വിയോഗം. പ്രാരബ്ധങ്ങൾ നിറഞ്ഞ ബാല്യത്തിൽ നിന്ന് കഠിനാദ്ധ്വാനം കൊണ്ട് വളർന്നുവന്ന മണിയുടെ ജീവിതം ഒരു സിനിമാക്കഥയേക്കാൾ വിസ്മയിപ്പിച്ചിരുന്നു. ദാരിദ്യം കൂടപ്പിറപ്പായ ബാല്യം. പഠനം പൂർത്തീകരിക്കാതെ ഓട്ടോ സ്റ്റാൻഡിൽ കാക്കിയിട്ട് കുടുംബം പുലർത്തി. പൊരിയുന്ന വയറിന് അന്നത്തിനായി മിമിക്രിയും നാടൻ പാട്ടുകളുമായി അരങ്ങിലേക്ക്. സുഹൃത്ത് കലാഭവൻ ജയനൊപ്പം കൊച്ചിൻ കലാഭവനിൽ ചേർന്നത് മണിയുടെ വഴിത്തിരിവായി. ലഭിച്ച ചെറിയ വേഷങ്ങളിലെ അഭിനയത്തിൽ കാട്ടിയ മികവ് ശ്രദ്ധിക്കപ്പെട്ടു. സ്വന്തം നാട്ടുകാരനായ സുന്ദർദാസ് സംവിധാനം ചെയ്ത് 1996ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രം മണിയുടെ സിനിമാജീവിതം തിരുത്തിയെഴുതി. ചേനത്തുനാട്ടിലെ മണിക്കൂടാരത്തിന്റെ തെല്ല് തെക്കെപുറത്ത് വിശ്രമത്തിലാഴ്ന്ന മണിയുടെ സ്മരണകൾ അയവിറക്കാൻ ഇന്ന് ആയിരങ്ങളെത്തും. മണിച്ചേട്ടനായി നാട് വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
മായാത്ത വേഷങ്ങൾ
1996ൽ സുന്ദർദാസ് സംവിധാനം ചെയ്ത 'സല്ലാപം' എന്ന ചിത്രത്തിലൂടെയാണ് മണി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഹാസ്യനടനായും നായകനായും വില്ലനായും തെന്നിന്ത്യൻ സിനിമ കീഴടക്കി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സാന്നിദ്ധ്യമറിയിച്ചു. വാസന്തിയുടെ ലക്ഷ്മിയും ഞാനും എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിക്കാതെ പോയത് വലിയ വിവാദത്തിനിടയാക്കി. ജെമിനി എന്ന തമിഴ് സിനിമയിലെ വില്ലൻ വേഷമാണ് തമിഴകത്ത് മണിയെ പ്രിയങ്കരനാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |