ഇരിങ്ങാലക്കുട: കെ റെയിൽ കേരളത്തെ മുഴുവനും ബാധിക്കുന്ന സാമൂഹ്യ പ്രശ്നമാണെന്നും പൊലീസിനെ ഉപയോഗിച്ച് നടപ്പാക്കാമെന്ന പിണറായി വിജയന്റെ ധാർഷ്ട്യം നടപ്പാകില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്കുമാറിന്റെ നേത്യത്വത്തിൽ രണ്ട് ദിവസമായി ജില്ലയിൽ നടത്തിയ കെ റെയിൽ വിരുദ്ധ പദയാത്രയുടെ സമാപനസമ്മേളനം ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ റെയിലിന്റെ പേരിൽ സർക്കാരിന് അധികാരമില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി തന്നെ പാർലമെന്റിൽ വ്യക്തമാക്കിയതാണ്. ബി.ജെ.പി വികസനത്തിന് എതിരല്ല. ദേശീയപാത വികസന വിഷയത്തിലും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയുടെ കാര്യത്തിലും ഉൾനാടൻ ജലപാത പദ്ധതിയുടെ കാര്യത്തിലും എതിരായ നിലപാട് പാർട്ടി സ്വീകരിച്ചിട്ടില്ല. സുനാമിയും രണ്ട് പ്രളയവും നേരിട്ട സംസ്ഥാനത്തെ ഭീകരമായ വെള്ളക്കെട്ടും വെള്ളക്കെടുതികളുമാണ് പദ്ധതി നടപ്പാക്കിയാൽ കാത്തിരിക്കുന്നത്. വ്യാജ എജൻസികളെ വച്ച് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. അഡ്വ.രവികുമാർ ഉപ്പത്ത് അദ്ധ്യക്ഷനായി. ദേശീയ കൗൺസിൽ അംഗം സി.പി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സദാനന്ദൻ മാസ്റ്റർ, എ.നാഗേഷ്, സിന്ധുമോൾ, അഡ്വ.നിവേദിത തുടങ്ങിയവർ പ്രസംഗിച്ചു.
കെ റെയിൽ പിണറായിയുടെ സ്വകാര്യ സാമ്പത്തിക അജണ്ട : ഡോ.കെ.എസ്.രാധാകൃഷ്ണൻ
തൃശൂർ : കേരളം സ്വതന്ത്ര രാഷ്ട്രമാണെന്നും അതിന്റെ ഏകഛത്രപതിയാണ് താനെന്നുമാണ് പിണറായി വിജയന്റെ ധാരണയെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ:കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. കെ. റെയിൽ വിരുദ്ധ പദയാത്ര രണ്ടാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായിയുടെയും സി.പി.എമ്മിന്റെയും സ്വകാര്യ സാമ്പത്തിക അജണ്ടയാണ് കെ റെയിൽ പദ്ധതി. ജനങ്ങൾക്ക് ദ്രോഹകരമായ കെ റെയിൽ പദ്ധതി നടപ്പാക്കാൻ ബി.ജെ.പി സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സുജയ് സേനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് ടി.പി.സിന്ധു മോൾ, നേതാക്കളായ കെ.വി.ശ്രീധരൻ മാസ്റ്റർ, സി.സദാനന്ദൻ മാസ്റ്റർ, അഡ്വ.ബി.ഗോപാലകൃഷ്ണൻ , എ.നാഗേഷ്, സി.നിവേദിത, ഷാജുമോൻ വട്ടേക്കാട് , സുരേന്ദ്രൻ ഐനിക്കുന്നത്ത്, എം.എസ്.സമ്പൂർണ, എം.എൻ.നാരായണൻ നമ്പൂതിരി, കെ.എസ്.ഹരി, ജസ്റ്റിൻ ജേക്കബ്ബ്, അഡ്വ.രവികുമാർ ഉപ്പത്ത്, പൂർണിമ സുരേഷ് തുടങ്ങിയവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |