തൃശൂർ: കരിവീരച്ചന്തം നിറയുന്ന തേക്കിൻകാട്ടിൽ മേളഗോപുരങ്ങളിലേക്കുള്ള കയറ്റിറക്കം. പഞ്ചവാദ്യത്തിന്റെ മാസ്മരികത. പിന്നാലെ തെളിഞ്ഞ സായന്തനത്തിന്റെ തെക്കേ ആകാശമുറ്റത്ത് വർണങ്ങളുടെ നീരാട്ടിലലിഞ്ഞ കുടമാറ്റം. ഓരോ വർഷവും കാത്തുകാത്തിരിക്കുന്ന പൂരപ്രേമികൾക്ക് മനസ് നിറയ്ക്കാൻ പോന്ന ദൃശ്യവിരുന്നിന് അവസാനമിതാ !. ഇന്നലെ രാവിലെ ആരംഭിച്ച പൂരനടത്തം ആകാശച്ചെരുവിലെ കരിമരുന്നിന്റെ വർണ്ണപ്പകിട്ടും കടന്ന് ഇന്ന് ഉച്ചയ്ക്ക് ഉപചാരം ചൊല്ലിപ്പിരിയും വരെ നീളും.
രാവിലെ കണിമംഗലം ശാസ്താവിന്റെ വരവിൽ നിന്ന് തുടങ്ങി വൈകിട്ട് തെക്കേഗോപുര നടയിലെ വർണപ്പെയ്ത്തിൽ പ്രതീക്ഷകളുടെ അവസാന പൂരപ്പകൽ അവസാനിക്കുമ്പോൾ ജനസാഗരം സാക്ഷിയായി. ഓരോ ഘടകപൂരങ്ങൾ വടക്കുന്നാഥനിലേക്ക് കയറുമ്പോഴും ഒപ്പം ആയിരങ്ങൾ കൂട്ടായി.
പാതി ഘടകപൂരങ്ങളെത്തിയപ്പോഴേക്കും തേക്കിൻകാട് മൈതാനം ജനനിബിഡം. പിന്നെ മതിവരാക്കാഴ്ചകളുടെ ലോകം. പിന്നാലെ മഠത്തിൽവരവ് പഞ്ചവാദ്യത്തിന് താളമിട്ടു. പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറ മേളവും കടന്ന് പൂരപ്പറമ്പാകെ ആൾസമുദ്രമായി. പതിറ്റാണ്ടായി പൂരത്തിന്റെ ഭാഗമായി നിന്ന ചേരാനെല്ലൂരും കിഴക്കൂട്ടും പ്രമാണം വഹിച്ച തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളത്തിനും താളം പിടിക്കാനെത്തിയത് പതിനായിരങ്ങൾ. കുടമാറ്റമായപ്പോഴേക്കും തിരക്ക് നിയന്ത്രണാതീതം. നാട്ടിടവഴികളിൽ എവിടെത്തിരിഞ്ഞാലും നിറഞ്ഞുനിന്നു ആനച്ചന്തവും വാദ്യവിസ്മയവും. തലയെടുപ്പുള്ള കൊമ്പന്മാരും പ്രതിഭ നിറഞ്ഞ വാദ്യകലാകാരന്മാരും സമ്മേളിച്ചപ്പോൾ ഈയാണ്ടിലും പിറന്നു വിശ്വപ്രസിദ്ധമായ മറ്റൊരു പൂരം. പ്രതീക്ഷയുടെ തലയെടുപ്പോടെ.
മൂന്നരമണിക്കൂറിൽ പഞ്ചവാദ്യ വെെഭവം,
വിസ്മയം തീർത്ത് മഠത്തിൽ വരവ്
തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിൽ നിന്നും കൊമ്പൻമാരായ തിരുവമ്പാടി ചന്ദ്രശേഖരനും പുതുപ്പള്ളി സാധുവും കിരൺ നാരായണനും പതിനൊന്ന് മണിയോടെ തെക്കേ മഠത്തിലേക്ക്. പഞ്ചവാദ്യമധുരം നുണയാനെത്തിയ മേളപ്രേമികൾക്ക് ഇതോടെ ആവേശം, ആരവം..! പഞ്ചവാദ്യപ്പെരുമയായ മഠത്തിൽ വരവിന് ബ്രഹ്മസ്വം മഠത്തിലെ ഇറക്കിപൂജയ്ക്ക് ശേഷം പാണികൊട്ടി പതിയെ തുടക്കമായി. അമ്പാടിക്കണ്ണന്റെ മയിൽപ്പീലി ചൂടിയ കോലമണിഞ്ഞ തിരുവമ്പാടി ചന്ദ്രശേഖരൻ ഒരു വലം ചുറ്റി പറ്റാനകളുടെ നടുവിലേക്ക് എത്തിയതോടെ ശംഖനാദം മുളങ്ങി.
പഞ്ചവാദ്യത്തിന്റെ ഈറ്റില്ലമായ മഠത്തിൽവരവിന് തുടക്കം. പ്രാമാണികനായി തിമിലയിൽ കോങ്ങാട് മധു കൊട്ടിക്കയറിയപ്പോൾ മറ്റ് 16 തിമിലക്കാരും ഒപ്പം ചേർന്നു. കോട്ടയ്ക്കൽ രവിയുടെ നേതൃത്വത്തിൽ 11 മദ്ദളക്കാരും പല്ലശ്ശന സുധാകരന്റെ നേതൃത്വത്തിൽ നാല് ഇടയ്ക്ക വാദകരും മച്ചാട് മണികണ്ഠന് കീഴിൽ 17 കൊമ്പ് കലാകാരൻമാരും ചേലക്കര സൂര്യന് കീഴിൽ 17 ഇലത്താളംകാരും ചേർന്നപ്പോൾ മഠത്തിൽ വരവിൽ വിരിഞ്ഞത് മറ്റൊരു പഞ്ചവാദ്യവൈഭവം.
രണ്ട് താളവട്ടവും രണ്ട് കൂട്ടിക്കൊട്ടലും മഠത്തിന് മുൻപിൽ പൂർത്തിയാക്കി നടുവിലാലിലേക്ക് കടന്നതോടെ ആദ്യ ഇടകാലം പൂർത്തിയാക്കി. പിന്നീട് തിരുവമ്പാടി ബിൽഡിംഗിന്റെ മുൻപിൽ രണ്ടാം ഇടകാലവും പൂർത്തിയാക്കി ഗീത മെഡിക്കൽസിന് മുൻപിലെത്തിയതോടെ പതിഞ്ഞ ത്രിപുടയിൽ തുടങ്ങി പിന്നീട് ഏകതാളത്തിൽ തിമിലയിടച്ചിലോടെ പഞ്ചവാദ്യം പൂർത്തിയായി. പഞ്ചവാദ്യ കുഴൽവിളികളിൽ കുളിരണിഞ്ഞ മേളപ്രേമികൾ ആവേശത്താളം പിടിച്ച് വായുവിൽ ഉയർന്നുചാടിയപ്പോൾ സാക്ഷികളായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ദേവസ്വം മന്ത്രി വി.എൻ.വാസവനും മുൻമന്ത്രി വി.എസ്.സുനിൽകുമാർ ഉൾപ്പെടെയുള്ളവരും മഠത്തിന് മുൻപിലുണ്ടായിരുന്നു.
11.15ഓടെ തുടങ്ങിയ പഞ്ചവാദ്യം രണ്ടേമുക്കാലോടെയാണ് സമാപിച്ചത്. തിരുവമ്പാടി ചന്ദ്രശേഖരൻ പാലപ്പൂ ലേക്കെട്ടുമായി എഴുന്നള്ളിയപ്പോൾ പറ്റാനകളായ സാധുവും കിരണും ചൂരക്കൊടി ലേക്കെട്ടുമായാണ് മഠത്തിൽവരവിന് എത്തിയത്.
ട്രെൻഡ് മാറി;
ഇത് വനിതകളുടെയും പൂരം
തൃശൂർ: തൃശൂർ പൂരത്തിന് ട്രെൻഡ് മാറി വനിതകളുടെ ആവേശം. കഴിഞ്ഞ വർഷങ്ങളിൽ പൂരത്തിന് വനിതാ സാന്നിദ്ധ്യം കുറവായിരുന്നെങ്കിൽ ഇത്തവണ വനിതകളുടെ കുത്തൊഴുക്കായി. കുടുംബമായും പൂരംകാണാൻ നിരവധി വനിതകളാണ് തേക്കിൻകാട് മൈതാനിയിലെത്തിയത്. സാമ്പിൾ വെടിക്കെട്ട് മുതൽ വനിതകളുടെ ആവേശം ശ്രദ്ധേയമായിരുന്നു. തിരക്കുകൾക്കിടയിൽ വനിതകൾ എത്തിയാൽ സുരക്ഷിതത്വം ഇല്ലെന്ന തോന്നലായിരുന്നു പൂരത്തിൽനിന്ന് വനിതകൾ സ്വയം ഒഴിവായിരുന്നത്.എന്നാൽ ഇതിൽനിന്ന് മാറ്റം വന്നതോടെ വനിതകൾ മൈതാനം കീഴടക്കി. മന്ത്രി ഡോ.ആർ. ബിന്ദുവും വനിതകളുടെ പങ്കാളിത്തം ഇത്തവണ കൂടിയതിൽ സന്തോഷം പ്രകടിപ്പിച്ചിരുന്നു. കുടമാറ്റത്തിന് ശേഷം നഗരത്തിലും എക്സിബിഷനിലും സമയം ചെലവഴിച്ച് വെടിക്കെട്ട് കണ്ട് മടങ്ങാൻ നിരവധിപേരാണ് തമ്പടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |