SignIn
Kerala Kaumudi Online
Sunday, 26 April 2026 8.56 AM IST

ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന എല്ലാ കപ്പലും തടയും, ഇറാനെ പാഠം‌പഠിപ്പിക്കാൻ പുതിയ ഉത്തരവുമായി ട്രംപ്

Increase Font Size Decrease Font Size Print Page
hormuz-strait

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ കടക്കുന്നതിനോ പുറത്തുപോകുന്നതിനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളും തടയുമെന്നറിയിച്ച് അമേരിക്ക. ആണവ വികസന പദ്ധതികളിൽ നിന്നും ഇറാൻ പിന്മാറാൻ വിസമ്മതിച്ചതോടെയാണ് കടുത്ത നടപടിയിലേക്ക് കടക്കാൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടത്. ഇന്ന് രാവിലെ 10 മണിമുതലാകും ഉപരോധം ഉണ്ടാകുക. പാകിസ്ഥാനിൽ നടന്ന ഇറാൻ-അമേരിക്ക സമാധാന ചർച്ച പരാജയപ്പെട്ടതോടെയാണ് ഇറാനുമേൽ കൂടുതൽ പിടിമുറുക്കുന്നതിന്റെ ഭാഗമായുള്ള കപ്പൽ ഉപരോധം പ്രഖ്യാപിച്ചത്. ഇറാൻ തുറമുഖത്തിൽ പ്രവേശിക്കുന്നതോ മടങ്ങുന്നതോ ആയ എല്ലാ കപ്പലുകൾക്കും ഇത് ബാധകമാണ്. സൗഹൃദരാജ്യങ്ങൾക്കും ഒഴിവില്ല. അതേസമയം അമേരിക്കൻ ഉത്തരവിനെ ഇറാൻ പരിഹസിച്ചു.

21 മണിക്കൂർ നീണ്ട ഇസ്ളാമാബാദിലെ ചർച്ചകളിൽ മിക്ക കാര്യങ്ങളിലും ഇറാനും അമേരിക്കയും തമ്മിൽ ധാരണ ആയെങ്കിലും ആണവ പദ്ധതിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവർ വിസമ്മതിച്ചു എന്ന് ട്രംപ് ഇറാനെ കുറ്റപ്പെടുത്തി. 'ലോകത്തിലെ ഏറ്റവും മികച്ച നാവികസേനയായ യുഎസ് നാവികസേന, ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാനോ, പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയുന്ന പ്രക്രിയ ആരംഭിക്കും' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 'നമുക്ക് നേരെയോ, സമാധാനപരമായ കപ്പലുകൾക്ക് നേരെയോ വെടിയുതിർക്കുന്ന ഏതൊരു ഇറാൻകാരനെയും നരകത്തിലേക്ക് തള്ളിവിടും' ട്രംപ് ഭീഷണി മുഴക്കി.

പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അടങ്ങുന്ന ഇറാൻ സംഘവും അമേരിക്കൻ‌ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലെ യു.എസ് സംഘവും ഇന്നലെ പുലർച്ചെ വരെ നീണ്ട 21 മണിക്കൂർ മാരത്തൺ ചർച്ച നടത്തിയെങ്കിലും വിഫലമായതോടെയാണ് ട്രംപ് കടുത്ത നടപടി പ്രഖ്യാപിച്ചത്.


ഇറാന്റെ മിസൈൽ പദ്ധതികൾ നിയന്ത്രിക്കണമെന്നും യുറേനിയം സമ്പുഷ്ടീകരണം പാടില്ലെന്നുമാണ് യു.എസ് ആവശ്യപ്പെട്ടത്. എന്നാൽ സിവിലിയൻ ആവശ്യങ്ങൾക്ക് യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നാണ് ഇറാന്റെ നിലപാട്. മിസൈൽ പദ്ധതികൾ രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണെന്നും അവർ അറിയിച്ചു. അതേസമയം, യു.എസിനെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ഇറാൻ ചർച്ചയ്ക്ക് പിന്നാലെ പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുക മാത്രമല്ലായിരുന്നു യു.എസിന്റെ ഉപാധികളെന്നും അവ അതിരുകടന്നവ ആയിരുന്നെന്നും ഇറാൻ വ്യക്തമാക്കി.

ഹോർമുസിലൂടെ കടത്തിവിടുന്ന കപ്പലുകളിൽ നിന്ന് 10 ലക്ഷം ഡോളറിലേറെ ഇറാൻ ടോൾ പിരിക്കുന്നെന്നാണ് യു.എസിന്റെ ആരോപണം. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ അനുമതിയോടെ പരിമിതമായ കപ്പൽ ഗതാഗതമാണ് നിലവിൽ മേഖലയിലുള്ളത്.

TAGS: NEWS 360, AMERICA, HORMUZ, SHIPS, BLOCKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.