
കൊച്ചി: ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ തിരുവനന്തപുരം ആസ്ഥാനമായ ഒരു ഓൺലൈൻ ചാനൽ നിരന്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ച് സ്ഥാപനം പൂട്ടിക്കാൻ ശ്രമിക്കുന്നതായി ജൈവവള നിർമ്മാണ കമ്പനിയായ സ്പൈസസ് പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (എസ്.പി.സി) സി.ഇ.ഒ പി.പി. മിഥുൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം നൽകില്ലെന്ന് അറിയിച്ചതോടെ തങ്ങളുടെ ജൈവവളം ഉപയോഗിച്ച കർഷകരുടെ 1000 ഏക്കറിലെ കൃഷി നശിച്ചെന്ന വ്യാജവാർത്ത പുറത്തുവിട്ടു. 2017ൽ എസ്.പി.സി നിർമ്മിച്ച വളം ഉപയോഗിച്ചതുമൂലമാണ് കൃഷി നശിച്ചതെന്നായിരുന്നു വാർത്ത. 2017ൽ തങ്ങൾക്ക് വളം നിർമ്മാണമുണ്ടായിരുന്നില്ല. ഈവിധം 13 വാർത്തകൾ ഓൺലൈൻ ചാനൽ നൽകി. ചാനലിനെതിരെ ഒരു കോടിരൂപയുടെ മാനനഷ്ടക്കേസ് കോടതിയുടെ പരിഗണയിലാണ്.
പൊലീസ് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. മൂന്നുവട്ടം ഇവരുമായി സംസാരിച്ചെങ്കിലും പണം നൽകിയാൽ പിൻമാറാമെന്നാണ് അറിയിച്ചത്. എസ്.പി.സിയുടെ സഹസ്ഥാപനങ്ങളുടെ ഭാഗമായ സിനിമാ താരങ്ങളുടെ പേര് ദുരുപയോഗം ചെയ്തുവരെ വ്യാജ വാർത്ത പുറത്തുവിട്ടു. നിരവധി സ്ഥാപനങ്ങളിൽ നിന്ന് ഓൺലൈൻ ചാനൽ ഈവിധം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയിട്ടുണ്ടെന്നും മിഥുൻ പറഞ്ഞു. സംഭവത്തിൽ ഹൈക്കോടതിയിലും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ടെന്നും എസ്.പി.സി. സി.ഇ.ഒ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എസ്.പി.സി ജനൽ മാനേജർ ജോസഫ് ലിജോ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |