
ചെന്നൈ: വിജയ്‌യുടെ 'ജനനായകൻ" സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പടരുന്നതിനിടെ സിനിമയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതോടെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന രീതിയിൽ പുതിയ ചർച്ചകൾക്കും വഴിതുറന്നു. തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്
ടി.വി.കെ നേതാവ് കൂടിയായ വിജയ്‌യുടെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന ജനനായകന് രാഹുൽ പിന്തുണ പ്രഖ്യാപിച്ചത്. സെൻസർ ബോർഡുവഴി വിജയ് ചിത്രം ജനനായകനെ വൈകിപ്പിക്കാൻ ശ്രമിക്കുന്നത് തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്ന് രാഹുൽ എക്സിൽ കുറിക്കുകയായിരുന്നു. തമിഴ് ജനതയെ നിശബ്ദമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയില്ലെന്നും കുറിച്ചു. തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കാനായി നീലഗിരിയിലെ ഗുഡല്ലൂരിൽ എത്തിയവേളയിലാണ് രാഹുലിന്റെ പ്രതികരണമെന്നതും ശ്രദ്ധേയം. പിന്നാലെ ടി.വികെയുമായി അടുക്കുന്നതിന്റെ സൂചനയാണ് ഇതെന്ന തരത്തിൽ ചർച്ചകൾ ആരംഭിച്ചു. തമിഴ്നാട്ടിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ടി.വി.കെയുമായുള്ള സഖ്യമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. സർക്കാർ രൂപീകരണത്തിൽ ഡി.എം.കെ സഖ്യകക്ഷികളെ ഉൾപ്പെടുത്താത്തതാണ് ഇതിനുകാരണം.
എന്നാൽ ഡി.എം.കെയുമായി വർഷങ്ങളായുള്ള സഖ്യം തുടരണമെന്ന് വാദിക്കുന്നവരുമുണ്ട്.
കഴിഞ്ഞ ഒമ്പതിനായിരുന്നു ജനനായകന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് മാറ്റിവച്ചു. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉൾപ്പടെ ആരംഭിച്ചപ്പോഴാണിത്. തുടർന്ന് ടിക്കറ്റുകൾ റീഫണ്ട് ചെയ്തു. പ്രദർശനാനുമതി നൽകികൊണ്ട് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞിരുന്നു. സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |