കൊച്ചി: ആറാം തലമുറ ടെലികോം സേവനങ്ങളിൽ(6ജി) ആഗോള നേതൃത്വം നേടാൻ ഇന്ത്യ തയ്യാറെടുക്കുന്നു. അഞ്ചാം തലമുറ ടെലികോം സേവനങ്ങളിൽ(5ജി) വിപ്ളവകരമായ മാറ്റം കൈവരിച്ചതിന് പിന്നാലെയാണ് 6ജി രംഗത്ത് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി വിപണിയായി ഇന്ത്യ മാറി.
ആറാം തലമുറ സേവനങ്ങൾ ജനകീയമാക്കുന്നതിന് ആഗോള തലത്തിലുള്ള സമാന മനസ്‌കരുടെ ശൃംഖലയായി ഭാരത് 6ജി സഖ്യം ഇന്ത്യ രൂപീകരിച്ചിരുന്നു. 6ജി സാങ്കേതികവിദ്യയുടെ സ്റ്റാൻഡേർഡൈസേഷനും വിവിധ രാജ്യങ്ങൾക്ക് ഏകീകൃതമായി ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളുടെ ഗവേഷണവും വികസനവും സാദ്ധ്യമാക്കാനാണ് ഈ പങ്കാളിത്തം. ഇതിനായി യൂറോപ്പിലെ സ്‌മാർട്ട് നെറ്റ്‌വർക്ക്‌സ് ആൻഡ് സർവീസസ് ഇൻഡസ്ട്രി അസോസിയേഷൻ, അമേരിക്കയിലെ നെക്‌സ്‌റ്റ്ജി അലയൻസ് തുടങ്ങിയ സംഘടനകളുമായി ഭാരത് 6ജി ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
ആറാം തലമുറ ടെലികോം സാങ്കേതികവിദ്യയിൽ വിപ്ളവം സൃഷ്‌ടിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ന്യൂഡൽഹിയിൽ ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 6ജി സേവനങ്ങളുടെ സ്‌റ്റാൻഡേർഡൈസേഷനിലെ പുതിയ പേറ്റന്റുകളിൽ പത്ത് ശതമാനം വിഹിതം നേടാനാണ് ലക്ഷ്യം.
'നാലാം തലമുറ സ്‌പെക്‌ട്രത്തിൽ ഇന്ത്യ ലോകത്തെ പിന്തുടരുകയായിരുന്നു. അഞ്ചാം തലമുറ സേവനങ്ങളിൽ ഇന്ത്യ ലോകത്തിനൊപ്പം നടന്നു. എന്നാൽ ആറാം തലമുറ സേവനങ്ങളിൽ ഇന്ത്യ നേതൃസ്ഥാനം കൈവരിക്കും
ജ്യോതിരാദിത്യ സിന്ധ്യ
കേന്ദ്ര ടെലികമ്യൂണിക്കേഷൻ മന്ത്രി
ടെലികോം രംഗത്ത് മുൻനിരയിലേക്ക്
ഇന്ത്യയെ ലോക ടെലികോം വിപണിയുടെ ഹബായി ഉയർത്താൻ ലക്ഷ്യമിട്ടാണ് 2023ലെ ടെലികോം നിയമങ്ങളിൽ മാറ്റം വരുത്തിയത്. മൊബൈൽ ഫോൺ ഉത്പാദനം, സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ്, ഡിജിറ്റൽ സേവനങ്ങൾ എന്നിവയിൽ വിപ്ളവകരമായ മാറ്റങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
6ജി ഉടനെന്ന് മോദി
ന്യൂഡൽഹി: ഇന്ത്യയിൽ ആറാം തലമുറ ടെലികോം സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രണ്ട് വർഷം മുൻപ് മൊബൈൽ കോൺഗ്രസിൽ തുടക്കമിട്ട 5ജി സേവനങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ലഭ്യമാക്കാനായെന്ന് ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ എട്ടാമത് പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. ന്യൂഡൽഹിയിൽ അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയൻ- ലോക ടെലികമ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ളിയുടെ ഭാഗമായാണ് കോൺഗ്രസ് സംഘടിപ്പിച്ചത്. ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി, എയർടെല്ലിന്റെ സുനിൽ മിത്തൽ, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള തുടങ്ങിയവരും പങ്കെടുത്തു.
പത്ത് വർഷത്തിനിടെ ഇന്ത്യ സ്ഥാപിച്ച ഒപ്റ്റിക്കൽ ഫൈബറിന്റെ നീളം ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ എട്ടിരട്ടിയാണെന്ന് പ്രധാനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |