കൊച്ചി: തുടർച്ചയായ ഇടിവിലെ സാദ്ധ്യതകൾ മുതലെടുക്കാൻ നിക്ഷേപകർ വിപണിയിൽ സജീവമായതോടെ ഇന്ത്യൻ ഓഹരി സൂചികൾ നേട്ടത്തിലേക്ക് മടങ്ങിയെത്തി. അഞ്ച് ദിവസത്തെ തകർച്ചയ്ക്ക് ശേഷമാണ് ഓഹരി വിപണി മികച്ച മുന്നേറ്റം നടത്തുന്നത്. സെൻസെക്സ് 498.58 പോയിന്റ് നേട്ടവുമായി 78,540.17ൽ അവസാനിച്ചു. നിഫ്‌റ്റി 165 പോയിന്റ് ഉയർന്ന് 23,753.45ൽ എത്തി. കഴിഞ്ഞ വാരം സെൻസെക്സിൽ നാലായിരം പോയിന്റിനടുത്ത് ഇടിവ് നേരിട്ടിരുന്നു. റിലയൻസ് ഇൻഡസ്‌ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ മുൻനിര ഓഹരികളിലെ വാങ്ങൽ താത്പര്യമാണ് വിപണിക്ക് ആവേശമായത്. ഐ.ടി.സി, ടെക്ക് മഹീന്ദ്ര, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയും മികച്ച നേട്ടമുണ്ടാക്കി.
വർഷാന്ത്യത്തോടനുബന്ധിച്ച അവധി ആലസ്യം വിപണിയിലെ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. മീഡിയ, ഹെൽത്ത്കെയർ, വാഹന മേഖലകളിലൊഴികെ ഉണർവ് ദൃശ്യമായിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങളും വിപണിയിൽ നിന്ന് വിട്ടുനിന്നു. ജനുവരിയിൽ പുതിയ അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ചുമതലയേറ്റെടുത്ത ശേഷമേ വിപണിയുടെ യഥാർത്ഥ ദിശ വ്യക്തമാകൂവെന്ന് അനലിസ്‌റ്റുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |