
പവൻ വില ആയിരം രൂപ ഉയർന്ന് 88560 രൂപയിൽ
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നലെ പവൻ വില ആയിരം രൂപ വർദ്ധിച്ച് 88560 രൂപയിലെത്തി. ഗ്രാമിന്റെ വില 125 രൂപ ഉയർന്ന് 11,070 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ വില ഔൺസിന്(31.1ഗ്രാം) 3,930 ഡോളറിലാണ്. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോയ്ക്ക് 1.3 കോടി രൂപയായി. നടപ്പുവർഷം രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ 1,300 ഡോളറിന്റെ വർദ്ധനയാണുണ്ടായത്.
അമേരിക്കയിലെ അടച്ചുപൂട്ടൽ നടപടികളും വ്യാപാര തീരുവ അനിശ്ചിതത്വവും കണക്കിലെടുത്ത് വൻകിട നിക്ഷേപ സ്ഥാപനങ്ങളും കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടിയതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ലോകം വീണ്ടുമൊരു മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും നിക്ഷേപകർ വിലയിരുത്തുന്നു. അമേരിക്കൻ ഡോളർ, യു.എസ് ബാേണ്ടുകൾ എന്നിവ ഒഴിവാക്കിയാണ് കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം കൂട്ടുന്നത്.
ആഭരണമായി വാങ്ങുമ്പോൾ വില 96,000 രൂപ കവിയും
നിലവിലെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ പോലും 96,000 രൂപയിലധികമാകും. മൂന്ന് ശതമാനം ജി.എസ്.ടിയും സെസുമടക്കമാണിത്.
വില ലക്ഷം രൂപയിലേക്ക്
ആഗോള രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളിൽ മാറ്റമുണ്ടായില്ലെങ്കിൽ നടപ്പുവർഷം തന്നെ പവൻ വില ഒരു ലക്ഷം രൂപ കവിഞ്ഞേക്കും. രാജ്യാന്തര വില 4,000 ഡോളർ കവിയുമെന്നാണ് പ്രവചനം.
പവൻ വിലയിലെ മുന്നേറ്റം
ജനുവരി 6, 2025 57,720 രൂപ
ഒക്ടോബർ 6, 2025 88,560 രൂപ
വിലയിലെ വർദ്ധന 30,840 രൂപ
ദീപാവലിയോടെ രാജ്യാന്തര വില ഔൺസിന് നാലായിരം ഡോളറിലെത്തിയേക്കും. ഇതിനാൽ ദീപാവലിക്ക് മുമ്പ് കേരളത്തിൽ ഗ്രാമിന്റെ വില 12,000 രൂപ കടന്നേക്കും
അഡ്വ: എസ്. അബ്‌ദുൽ നാസർ
ജനറൽ സെക്രട്ടറി
ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |