
കുട്ടികളുടെ പെൻഷൻ സ്കീം ഉപഭോക്താക്കൾ ഒന്നര ലക്ഷം കവിഞ്ഞു
കൊച്ചി: കുട്ടികൾക്കുള്ള പെൻഷൻ സ്കീമായ എൻ.പി.എസ് വാത്സല്യയിൽ അംഗങ്ങളായ ഉപഭോക്താക്കളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ഭാവിയിൽ മക്കളുടെ ജീവിതത്തിന് അധിക സുരക്ഷിതത്വം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പുതിയ നിക്ഷേപ പദ്ധതി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത് 2024ലെ ബഡ്‌ജറ്റിലാണ്. കഴിഞ്ഞ വർഷം സെപ്തംബറിൽ പദ്ധതിക്ക് തുടക്കമായി. മക്കൾക്കായി പെൻഷൻ പദ്ധതി രക്ഷിതാക്കൾക്ക് ആരംഭിക്കാനാണ് ധനമന്ത്രി ഇതിലൂടെ അവസരമൊരുക്കിയത്.
കുട്ടി പിറന്നു വീഴുന്നതു മുതൽ അവർക്കായി മാതാപിതാക്കൾക്കായി പെൻഷൻ പദ്ധതി ഇതിലൂടെ ആരംഭിക്കാനാകും. പെൻഷൻ പദ്ധതിയുടെ സാദ്ധ്യത പരമാവധി ആളുകളിലെത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പതിനെട്ട് വയസ് വരെ പ്രായമുള്ള കുട്ടികളുടെ പേരിൽ നാഷണൽ പെൻഷൻ സ്കീമിന്റെ വാത്സല്യ പദ്ധതിയിൽ അംഗമാകാൻ കഴിയും. ബാങ്കുകളുടെയും മറ്റ് ഏജൻസികളുടെയും സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി എൻ.പി.എസ് വാത്സല്യയിൽ നിക്ഷേപം നടത്താനാകും. കുട്ടിയ്ക്ക് പതിനെട്ട് വയസ് പൂർത്തിയാകുന്നതോടെ അവരുടെ പേരിലേക്ക് പെൻഷൻ പദ്ധതി മാറും. ജോലി ലഭിച്ചതിന് ശേഷം കുട്ടികൾക്ക് ഇഷ്‌ടാനുസരണം പദ്ധതിയിലെ നിക്ഷേപം വർദ്ധിപ്പിക്കാൻ കഴിയും.
ജനിക്കുമ്പോൾ തന്നെ വിരമിക്കൽ ആലോചിക്കാം
മക്കൾ ജനിക്കുമ്പോൾ തന്നെ അവർക്കായി വിരമിക്കൽ ആനുകൂല്യങ്ങൾ ഒരുക്കാനാണ് എൻ. പി.എസ് വാത്സല്യ അവസരമൊരുക്കുന്നത്. കുഞ്ഞിന്റെ ഭാവിയിലെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് ഇതിലൂടെ കഴിയുന്നു. പ്രതിമാസം കുട്ടിയുടെ വാത്സല്യ എൻ.പി.എസ് അക്കൗണ്ടിലേക്ക് നൂറ് രൂപ മാത്രം ഇട്ടാൽ പോലും അവർ വിരമിക്കുമ്പോൾ 15 ലക്ഷം രൂപയിലധികം ഫണ്ടിലുണ്ടാകും.
പ്രതിവർഷം മുടക്കേണ്ട കുറഞ്ഞ തുക
1000 രൂപ
കുട്ടിക്ക് 60 വയസാകുമ്പോൾ 60 ശതമാനം തുക നികുതിയില്ലാതെ പിൻവലിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |