SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.08 PM IST

വ്യാപാര കമ്മി റെക്കാഡ് ഉയരത്തിൽ

Increase Font Size Decrease Font Size Print Page
import

കയറ്റുമതിയിലെ ഇടിവും ഇറക്കുമതി കുതിപ്പും വിനയാകുന്നു

കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് പുതിയ വെല്ലുവിളി സൃഷ്‌ടിച്ച് ഒക്‌ടോബറിൽ ഇന്ത്യയുടെ വ്യാപാര കമ്മി റെക്കാഡ് ഉയരത്തിലെത്തി. കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച് ഇറക്കുമതിയും കയറ്റുമതിയുമായുള്ള വിടവായ വ്യാപാര കമ്മി ഒക്ടോബറിൽ 4,200 കോടി ഡോളറായാണ്(3.7 ലക്ഷം കോടി രൂപ) ഉയർന്നത്. മൊത്തം ഉത്പന്ന ഇറക്കുമതി കഴിഞ്ഞ മാസം 16.63 ശതമാനം ഉയർന്ന് 7,606 കോടി ഡോളറിലെത്തി(6.69 ലക്ഷം കോടി രൂപ). അതേസമയം ഉത്പന്ന കയറ്റുമതി ഇക്കാലയളവിൽ 11.8 ശതമാനം ഇടിഞ്ഞ് 3,438 കോടി ഡോളറായി(3.03 ലക്ഷം കോടി രൂപ). സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതിയിലുണ്ടായ കുതിപ്പാണ് തിരിച്ചടിയായത്. അമേരിക്കയിലേക്കുള്ള കയറ്റുമതി 690 കോടി ഡോളറിൽ നിന്ന് 630 കോടി ഡോളറിലെത്തി. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ കയറ്റുമതി 0.63 ശതമാനം ഉയർന്ന് 25,425 കോടി ഡോളറിലെത്തി, ഇറക്കുമതി 6.37 ശതമാനം വർദ്ധിച്ച് 45,108 കോടി ഡോളറായി.

സ്വർണ ഇറക്കുമതിയിൽ 200 ശതമാനം വർദ്ധന

ഒക്ടോബറിൽ രാജ്യത്തെ സ്വർണ ഇറക്കുമതി കുതിച്ചുയർന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ മാസം സ്വർണ ഇറക്കുമതി 199.2 ശതമാനം വർദ്ധനയോടെ 1,478 കോടി ഡോളറിലെത്തി. മുൻവർഷം ഇതേകാലയളവിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി 490 കോടി ഡോളർ മാത്രമായിരുന്നു. മഹാനവമി മുതൽ ദീപാവലി വരെയുള്ള ഉത്സവ കാലയളവിൽ ആഭ്യന്തര ഉപഭോഗത്തിലുണ്ടായ വർദ്ധന ജുവലറികളുടെ സ്‌റ്റോക്ക് കുറയാൻ ഇടയാക്കി. ഇതോടെയാണ് ജുവലറികൾ ഇറക്കുമതി കുത്തനെ ഉയർത്തിയത്.

വെള്ളി ഇറക്കുമതിയും കുതിക്കുന്നു

ഇതോടൊപ്പം വെള്ളിയുടെ ഇറക്കുമതി ഒക്ടോബറിൽ 272 കോടി ഡോളറായി(23,760 കോടി രൂപ) ഉയർന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 43 കോടി ഡോളറായിരുന്നു.(3,784 കോടി രൂപ) ഇറക്കുമതി.

വ്യാവസായിക ആവശ്യങ്ങൾക്കായി വെള്ളി ഉപഭോഗം കുത്തനെ കൂടിയതാണ് ഇറക്കുമതി കൂടാൻ കാരണം. സോളാർ പാനലുകൾ, ഇലക്ടേ്രാണിക്സ് ഉത്പന്നങ്ങൾ, വൈദ്യുത വാഹനങ്ങൾ, മരുന്നുകൾ എന്നിവയുടെ നിർമ്മാണത്തിന് വെള്ളി വിപുലമായി ഉപയോഗിക്കുന്നു.

ഒക്ടോബറിലെ സ്വർണ ഇറക്കുമതി

1.29 ലക്ഷം കോടി രൂപ

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY