ലക്‌നൗ: ബ്രഹ്മോസ് മിസൈലുകളുടെ പരിധിക്കുളളിലാണ് പാകിസ്ഥാനെന്ന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ സൈനികശേഷിയുടെ ഒരു ട്രെയിലർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളരുന്ന പ്രതിരോധശക്തിയെക്കുറിച്ചും രാജ്നാഥ് സിംഗ് വ്യക്തമാക്കി. രാജ്യത്തിന്റെ സൈന്യത്തിന് വിജയിക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്‌നൗവിൽ ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് ഫ്ളാഗ് ഒഫ് ചെയ്തതിനുശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ സുരക്ഷയ്ക്ക് ബ്രഹ്മോസ് പ്രായോഗികമാണെന്ന് തെളിഞ്ഞു. വിജയം വെറുമൊരു സംഭവമല്ല. മറിച്ച് അത് നമ്മുടെ ശീലമായി മാറികഴിഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ സംഭവിച്ചത് വെറും ട്രെയിലർ മാത്രമായിരുന്നു. ഇന്ത്യയ്ക്ക് പാകിസ്ഥാന് ജന്മം നൽകാൻ കഴിയുമെങ്കിൽ അതിന് മറ്റെന്താണ് ചെയ്യാൻ കഴിയുകയെന്ന് ഞാൻ കൂടുതലൊന്നും പറയേണ്ടതില്ലെന്ന് ആ ട്രെയിലർ തന്നെ പാകിസ്ഥാനെ ബോദ്ധ്യപ്പെടുത്തി.
ലക്‌നൗവിലെ ബ്രഹ്മോസ് കേന്ദ്രത്തിന്റെ സാദ്ധ്യതകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രതിവർഷം 100 മിസൈലുകൾ വീതം നിർമിച്ച് കരസേനയ്ക്കും നാവികസേനയ്ക്കും വ്യോമസേനയ്ക്കും വിതരണം ചെയ്യും. ഏകദേശം 200 ഏക്കറിലാണ് ബ്രഹ്മോസ് സൗകര്യമൊരുക്കിയത്. 380 കോടി രൂപയാണ് ആകെ ചെലവ്. നൂറുകണക്കിനാളുകൾ തൊഴിൽ ലഭിക്കും'- രാജ്നാഥ് സിംഗ് പറഞ്ഞു.
ബ്രഹ്മോസ് മിസൈലുകൾ
രണ്ട് ഘട്ടങ്ങളായുളള ബ്രഹ്മോസ് മിസൈലിന്റെ ആദ്യഘട്ടമാണ് സോളിഡ് പ്രൊപ്പല്ലന്റ് ബൂസ്റ്റർ എഞ്ചിൻ.
ഇത് സൂപ്പർസോണിക് വേഗതയിലേക്ക് കൊണ്ടുവരുന്നു. ലിക്വിഡ് റാംജെറ്റ് അല്ലെങ്കിൽ രണ്ടാം ഘട്ട ക്രൂയിസ് ഘട്ടത്തിൽ മിസൈലിനെ 2.8 മാക് വേഗതയിലേക്ക് അടുപ്പിക്കുന്നു. നൂതന എംബഡഡ് സോഫ്റ്റ്‌വെയറുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യയും മാർഗനിർദ്ദേശ സംവിധാനവും മിസൈലിന്റെ പ്രത്യേക സവിശേഷതകളാണ്.
290 കിലോമീറ്റർ വരെ പരമാവധി പരിധിയുള്ള ഈ മിസൈലിന് സൂപ്പർസോണിക് വേഗതയിൽ പറക്കാൻ കഴിയും, ഇത് പറക്കൽ സമയം കുറയ്ക്കുകയും അതുവഴി ലക്ഷ്യങ്ങളുടെ കുറഞ്ഞ ചിതറിക്കൽ, വേഗത്തിലുള്ള ഇടപെടൽ സമയം, ലോകത്തിലെ അറിയപ്പെടുന്ന ഒരു ആയുധ സംവിധാനവും തടസപ്പെടുത്താതിരിക്കൽ എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നു.
'ഫയർ ആൻഡ് ഫോർഗെറ്റ്' തത്വത്തിലാണ് ബ്രഹ്മോസ് പ്രവർത്തിക്കുന്നത്, ലക്ഷ്യത്തിലേക്കുള്ള വഴിയിൽ വൈവിദ്ധ്യമാർന്ന പറക്കൽ പാതകൾ സ്വീകരിക്കുന്നു. ആഘാതത്തിലെ വലിയ ഗതികോർജം കാരണം മിസൈലിന്റെ വിനാശകരമായ ശക്തി വർദ്ധിക്കുന്നു. അതിന്റെ ക്രൂയിസിംഗ് ഉയരം 15 കിലോമീറ്റർ വരെയാകാം, ടെർമിനൽ ഉയരം അഞ്ച് മീറ്റർ വരെ കുറവാണ്. 200 കിലോഗ്രാം വരെ ഭാരമുള്ള ഒരു പരമ്പരാഗത വാർഹെഡ് ബ്രഹ്മോസ് വഹിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |