ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബങ്കെ ബീഹാരി ക്ഷേത്രത്തിലെ നിലവറ തുറന്നപ്പോൾ സ്വർണക്കട്ടികളും അമൂല്യ രത്നങ്ങളും ആഭരണങ്ങളും അടങ്ങിയ നിധി കിട്ടിയെന്ന് പ്രചാരണം ശക്തം. 54 വർഷത്തിന് ശേഷമാണ് ക്ഷേത്ര നിലവറ തുറക്കുന്നത്. സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ചയും തിങ്കളാഴ്ചയുമായി നിലവറ തുറന്ന് വസ്തുക്കളുടെ കണക്കെടുത്തത്. അതേസമയം പല അമൂല്യവസ്തുക്കളും കാണാനില്ലെന്നും ആരോപണമുണ്ട്.
ശ്രീകോവിലിനോട് ചെർന്നാണ് നിലവറ സ്ഥിതി ചെയ്യുന്നത്. മഥുര സിറ്റി മജിസ്ട്രേറ്റ്, പൊലീസ് ഉദ്യോഗസ്ഥർ, നാലു പൂജാരിമാർ എന്നിവരാണ് നിലവറയിൽ പ്രവേശിച്ച് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 1971ൽ സീൽ ചെയ്ത് വച്ചിിരുന്ന നിലവറ തുറന്നപ്പോൾ ഉള്ളിൽ പാമ്പിനെ കണ്ടിരുന്നു. ഇതിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടി മാറ്റിയിരുന്നു. രണ്ട് ചെമ്പ് നാണയങ്ങൾ, സ്വർണ വടി, മൂന്ന് വെള്ളി വടി, പിച്ചള - ചെമ്പ് പാത്രങ്ങൾ എന്നിവ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കഴിഞ്ഞദിവസത്തെ പരിശോധനയിൽ നിധിയടങ്ങിയ പെട്ടി കണ്ടെത്തിയെന്നും, ഇതിൽ നിറയെ സ്വർണക്കട്ടികളും അപൂർവ രത്നങ്ങളും സ്വർണ - വെള്ളി ആഭരണങ്ങളുമാണെന്ന അഭ്യൂഹം ശക്തമാണ്.
മയിലിന്റെ രൂപത്തിലുള്ള മരതക മാല, അപൂർവ രത്നങ്ങൾ, സ്വർണക്കട്ടികളും വെള്ളി ആഭരണങ്ങളും, സ്വർണ - വെള്ളി പാത്രങ്ങൾ, വെള്ളിയിൽ പൊതിഞ്ഞ നാഗം, നവരത്നങ്ങൾ പതിച്ച സ്വർണ കുടങ്ങൾ, വെള്ളി മുത്തുക്കുടകൾ, രാജകുടുംബങ്ങളിൽ നിന്ന് ക്ഷേത്രത്തിന് ലഭിച്ച വസ്തുവകകൾ, വിലപിടിപ്പുള്ള സംഭാവനകൾ എന്നിവ നിലവറയിലുണ്ടെന്നാണ് വാദം. ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട രേഖകളുമുണ്ടാകുമെന്നും പ്രചാരണമുണ്ട്. ബങ്കെ ബീഹാരി ക്ഷേത്ര നിലവറ 1864ലാണ് നിർമ്മിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് രണ്ടു തവണ നിലവറ കൊള്ളയടിക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |